രാജി സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട്: 118 പേര്‍ കൂടി രാജിവെക്കുമെന്നും ഹക്കീം ഫൈസി ആദ്യശേരി

കോഴിക്കോട്: സി.ഐ.സി(കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്)യില്‍ നിന്ന് തന്നോടൊപ്പം അധ്യാപകരടക്കം 118 പേര്‍ കൂടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുമെന്നും രാജിവെച്ച് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരി. സി ഐ സിയില്‍ നിന്ന് വിട്ടുപോകുന്നത് സമൂഹത്തോടുള്ള അനീതിയാണെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള രാജികള്‍ നിലവില്‍ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് രാജിവെക്കുന്നത് ഹക്കീം ഫൈസി രാജിക്കത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ രാജിക്കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..താങ്കൾ ആവശ്യപെട്ടതു മാനിച്ചു കൊണ്ട് മാത്രം ഞാൻ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേസ് (CIC) ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി സി.ഐ.സി ജനറൽ ബോഡിയുടെ അന്തിമ തീരുമാനത്തിന് വിധേയമായി താങ്കൾക്കു സമർപ്പിക്കുന്നു. ഈ രാജി ഒരിക്കലും 'സമസ്ത' എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതല്ല. താങ്കൾക്കറിയുന്നതു പോലെ അവർ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനോ എന്റെ ഭാഗം കേൾക്കാനോ അവർ തയ്യാറായിട്ടില്ല. എനിക്ക് ആദർശ വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്ന് നിഷ്കളങ്കമായി അവർ കരുതുന്നുണ്ടെങ്കിൽ എന്നെ അക്കാര്യം ബോധ്യപ്പെടുത്തി തിരുത്താൻ അവസരം തരികയല്ലേ വേണ്ടിയിരുന്നത്?

അതാണല്ലോ ഇസ്ലാമിക വിധി. അതൊന്നും ചെയ്യാതെ എന്നെ പിരിച്ചു വിടാൻ അവർക്ക് അധികാരമില്ലാത്തതിനാൽ താങ്കളെ സമ്മർദ്ദത്തിലാക്കി എന്റെ രാജി പിടിച്ചു വാങ്ങുകയാണ്. സി.ഐ.സി ഭരണഘടന പ്രകാരം എന്റെ രാജി ജനറൽ ബോഡിയാണ് പരിഗണിക്കേണ്ടത്. എനിക്ക് ജനറൽ ബോഡിയോടും അംഗസ്ഥാപനങ്ങളോടും വിദ്യാർത്ഥികളോടും കടപ്പാടുകളുണ്ട്.
ഞാൻ പലതവണ താങ്കളോട് രാജി സന്നദ്ധത അറിയിച്ചിട്ടുള്ളതാണ്. അവസാനമായി 8/11/2022 നു ഞാൻ രാജി സന്നദ്ധത അറിയിച്ചതിനെ താങ്കൾ സ്വാഗതം ചെയ്യുകയും അവർ എന്നെ വ്യക്തിഹത്യ ചെയ്യില്ലെന്ന് MT അബ്ദുള്ള മുസ്ലിയാർ താങ്കൾക്കു ഉറപ്പു തന്നിട്ടുണ്ടെന്നു എന്നെ താങ്കൾ അറിയിക്കുകയും ചെയ്തിരുന്നതാണല്ലോ. പക്ഷെ 9/11/2022 നു സമസ്ത മുശാവറ എനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചു താങ്കൾക്ക് തന്ന ഉറപ്പു ലംഘിച്ചു പുറത്താക്കുകയും പിന്നീട് കലാപാഹ്വാനത്തിന് കേസ് കൊടുക്കുകയുമാണുണ്ടായത്. 1/7/2022 വരെ സമസ്ത ഉന്നയിച്ച ആവശ്യങ്ങളെല്ലാം താങ്കളുടെ നിർദ്ദേശപ്രകാരം മനസ്സാക്ഷിക്കു വിരുദ്ധമായി നാം അംഗീകരിച്ചിട്ടുള്ളതും താങ്കൾ അതു രേഖാമൂലം സമസ്തക്കു എഴുതിക്കൊടുത്തിട്ടുള്ളതുമാണ്.
അതോടെ വേട്ട അവസാനിക്കുമെന്നാണ് വിശ്വസിച്ചത്. പക്ഷേ വേട്ട തുടരുകയാണ്. കാരണം ഇതിൽ രാഷ്ട്രീയ ചുവടുമാറ്റങ്ങൾക്കും പാണക്കാട് കുടുംബത്തോടുള്ള അസൂയക്കും, മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള വിമുഖതക്കും, വ്യക്തി വിരോധങ്ങൾക്കും ഗണ്യമായ പങ്കുണ്ട്. യഥാർത്ഥത്തിൽ ഞാൻ ബലിയാടാവുകയാണ്. ഞാൻ സി.ഐ.സി ഭരണഘടനക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല.
വളരെ സുതാര്യമായാണല്ലോ നാം പ്രവർത്തിക്കുന്നത്. പിന്നിട്ട മൂന്നു മാസത്തിനിടയിൽ നാം പതിവുപോലെ അധ്യാപകരെയും മാനേജ്മെന്റിനെയും രക്ഷിതാക്കളെയും വെവ്വേറെ വിളിച്ചു കൂട്ടുകയും വിദ്യാർത്ഥി ഓറിയന്റേഷനുകൾ നടത്തുകയും ചെയ്തിട്ടുള്ളതാണല്ലോ. എല്ലാം ശാന്തമായി നടക്കുകയാണ്. ഇങ്ങനെ ഒരു പ്രശ്നം കുത്തിപ്പൊക്കി സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കേണ്ടിയിരുന്നില്ല.
പലയിടത്തും നാം വേദി പങ്കിട്ടിട്ടുള്ളതാണ്. ചില സമസ്ത നേതാക്കളും വേദി പങ്കിട്ടിട്ടുണ്ട്. വേദി പങ്കിടൽ ഈ പരിഷ്കൃതകാലത്ത് കുറ്റമാകുന്നതു കണ്ട് ലജ്ജിച്ചു തലതാഴ്ത്തുന്നു. നാം ഈ ഉമ്മത്തിനെ മുന്നോട്ടാണ് നയിക്കേണ്ടത്. താങ്കൾ പറയാറുള്ളത് പോലെ ഈ സംവിധാനം ന്യൂജെൻ അവകാശമാണ്. ഞാനല്ല, ചില നിലപാടുകളാണ് ഇവിടെ രാജി വെക്കേണ്ടി വരുന്നത്. താങ്കൾ ഇത് ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറയുന്നു. പാണക്കാടിന്റെ തണൽ തുടർന്നും നൽകണമെന്നപേക്ഷിക്കുന്നു.












Click it and Unblock the Notifications