ആയിഷ ബാനു എങ്ങനെ 'ഹരിത' പ്രസിഡന്റ് ആയി? ഫാത്തിമ തഹ് ലിയ എങ്ങനെ പുറത്തായി? എല്ലാത്തിനും ഉത്തരം ആ പരാതി

കോഴിക്കോട്: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതോടെ മുസ്ലീം ലീഗ് ഒരു വിവാദം അവസാനിപ്പിക്കുകയല്ല, മറിച്ച് ആളിക്കത്തിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍. കാമ്പസ്സുകളില്‍ എംഎസ്എഫ് എന്ന സംഘടനയുടെ ശക്തി വിദ്യാര്‍ത്ഥികളാണെന്നതും അവരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ പുറത്താക്കപ്പെട്ട ഹരിത നേതാക്കളെ പിന്തുണയ്ക്കുന്നു എന്നതും വസ്തുതയാണ്.

പെണ്‍കുട്ടികള്‍ ഉയര്‍ത്തിയ ഒരു പരാതിയില്‍ നടപടിയില്ലാത്തതിന്റെ പേരില്‍ ആയിരുന്നു കലാപം. എന്നാല്‍ ആ പരാതിയില്‍ പങ്കുചേരാതെ മാറി നിന്നവരും ഹരിതയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ പുതിയ ഭാരവാഹികള്‍ അത്തരത്തിലുള്ളവരാണ്. മുന്‍ ഭാരവാഹികളെ പിന്തുണച്ചിരുന്നവരെ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിലും അംഗമായിരുന്നു പുതിയ പ്രസിഡന്റ് ആയിഷ ബാനു.

1

പിരിച്ചുവിടപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയില്‍ 10 പേരായിരുന്നു പരാതിയുമായി രംഗത്ത് വന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ നേതാക്കളായ കബീര്‍ മുതുപറമ്പ്, വി അബ്ദുള്‍ വഹാബ് എന്നിവര്‍ സ്ത്രീ വിരുദ്ധവും ലൈംഗികാധിക്ഷേപപരവുമായ പരാമര്‍ശങ്ങള്‍ നടത്തി എന്നായിരുന്നു ഇവരുടെ പരാതി. പാര്‍ട്ടിയ്ക്കുള്ളില്‍ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഇവര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ്, ഹരിത സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിച്ചത്.

2

ഇപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വമാണ് എംഎസ്എഫ് ഹരിത പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറത്ത് നിന്നുള്ള ആയിഷ ബാനു ആണ് പ്രസിഡന്റ്. കണ്ണൂരില്‍ നിന്നുള്ള റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയാണ്. മലപ്പുറത്ത് നിന്ന് തന്നെയുള്ള നയന സുരേഷ് ആണ് ട്രഷറര്‍. പുതിയ പ്രസിഡന്റ് ആയി നിയമിക്കപ്പെട്ട ആയിഷ ബാനു കഴിഞ്ഞ കമ്മിറ്റിയില്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

3

മുസ്ലീം ലീഗ്- എംഎസ്എഫ് നേതൃത്വത്തോട് ലൈംഗികാധിക്ഷേപ വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാത്തവരെ ആണ് പുതിയ കമ്മിറ്റിയില്‍ ഭാരവാഹികള്‍ ആക്കിയിരിക്കുന്നത് എന്നാണ് യാഥാര്‍ത്ഥ്യം. ഇത്തരമൊരു വിമര്‍ശനം പരാതി നല്‍കിയ മുന്‍ ഭാരവാഹികള്‍ ഉന്നയിക്കുന്നുമുണ്ട്. തങ്ങള്‍ക്ക് പിന്തുണ നല്‍കിയവരെ എല്ലാം ഒഴിവാക്കിക്കൊണ്ടാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത് എന്നാണ് ഇവരുടെ ആക്ഷേപം. കഴിഞ്ഞ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നെങ്കിലും പികെ നവാസിനും കൂട്ടര്‍ക്കും എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ആയിഷ ബാനു ഒപ്പുവച്ചിരുന്നില്ല. ആയിഷ ബാനുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍, ഇങ്ങനെ മറ്റൊരു സന്ദേശം കൂടി മുസ്ലീം ലീഗ് അണികള്‍ക്ക് നല്‍കുന്നുണ്ട്.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

4

ലൈംഗികാധിക്ഷേപ പരാതി കത്തിനില്‍ക്കുമ്പോള്‍ ആണ് മുസ്ലീം ലീഗ് നേതൃത്വം ഇത്തരമൊരു നീക്കം നടത്തിയത്. എംഎസ്എഫിന്റെ ഭാഗമായ ഹരിതയുടെ ഭാരവാഹികളെ നിശ്ചയിച്ചതില്‍ നീതി നിഷേധം ഉണ്ടായി എന്നാണ് എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന ഫാത്തിമ തഹ് ലിയ ആരോപിച്ചത്. ഈ വിഷയം ഉന്നയിച്ചതിന് പിറകെ ഫാത്തിമ തഹ് ലിയയെ എംഎസ്എഫ് ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട് മുസ്ലീം ലീഗ്.

5

മുസ്ലീം ലീഗ് ഇത്രയും വേഗത്തില്‍ നടപടികള്‍ എടുക്കുന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് എംഎസ്എഫിലെ തന്നെ ചിലര്‍ പറയുന്നത്. ലൈംഗികാധിക്ഷേപം സംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ മാസങ്ങളോളം അതില്‍ നടപടി എടുക്കാതിരുന്നവരാണ്, ഒരു പ്രതികരണത്തിന്റെ പേരില്‍ മണിക്കൂറുകള്‍ക്കകം ഫാത്തിമ തഹ് ലിയയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത് എന്നാണ് ആക്ഷേപം. ഫാത്തിമ തഹ് ലിയ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നാണ് മുസ്ലീം ലീഗിന്റെ കണ്ടെത്തല്‍.

6

ഫാത്തിമ തഹ് ലിയ ആണ് ഹരിതയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ആക്ഷേപം. പികെ നവാസിനെതിരെ പരാതി നല്‍കിയതിന് പ്രചോദനമായത് ഫാത്തിമ തഹ് ലിയ ആണെന്ന് മുസ്ലീം ലീഗ് കണ്ടെത്തിയതായിട്ടാണ് വാര്‍ത്താ കുറിപ്പ്. അത് കടുത്ത അച്ചടക്ക ലംഘനം ആണെന്നും മുസ്ലീം ലീഗ് കണ്ടെത്തുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് വനിതാ കമ്മീഷന് പരാതി നല്‍കിയതിനെ ഫാത്തിമ തഹ് ലിയ പിന്തുണച്ചതും ലീഗിനെതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചതും. മുസ്ലീം ലീഗ് നേതൃത്വത്തെ ചൊടിപ്പിക്കാന്‍ ഇതിലധികം വേണ്ടിയിരുന്നില്ല.

ചുരുക്കി പറഞ്ഞാൽ ലൈംഗികാധിക്ഷേപം സംബന്ധിച്ച് ഉയർത്തിയ ആ പരാതിയും അതിനെ പിന്തുണച്ചവരും പിന്തുണയ്ക്കാത്തവരും എന്നത് മാത്രമാണ് ഇപ്പോഴത്തെ നടപടികളുടെ എല്ലാം കാതൽ എന്ന് പറയാം.

7

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുസ്ലീം ലീഗിലും എംഎസ്എഫിലും കടുത്ത അസംതൃപ്തി പുകയുന്നുണ്ട്. ലൈംഗികാധിക്ഷേപത്തിന് പരാതി നല്‍കിയവര്‍ പുറത്തും, ആരോപണ വിധേയര്‍ അകത്തും എന്ന സ്ഥിതി താഴേ തട്ടില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് പല ഘടകങ്ങളും നേരത്തേ തന്നെ പരാതികള്‍ ഉന്നയിച്ചിരുന്നു. മറ്റ് സംഘടനകള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നടക്കാനാകാത്ത സ്ഥിതിയാണെന്ന് പോലും പരാതി ഉയര്‍ത്തിയിരുന്നു.

8

ലൈംഗികാധിക്ഷേപം സംബന്ധിച്ച് മുസ്ലീം ലീഗിന്റെ നിലപാടുകള്‍ കൂടി വ്യക്തമാക്കപ്പെടുകയാണ് ഈ നടപടികളിലൂടെ. ഇതില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. പരാതിക്കാര്‍ക്കൊപ്പമല്ല, ആരോപണ വിധേയര്‍ക്കൊപ്പമാണ് പാര്‍ട്ടി എന്ന സന്ദേശമാണ് ഇപ്പോഴത്തെ നടപടികള്‍ നല്‍കുന്നത് എന്നും വിമര്‍ശനമുണ്ട്. എംഎസ്എഫ് പോലുള്ള സംഘടനകളില്‍ ഭൂരിപക്ഷം പേരും പെണ്‍കുട്ടികള്‍ ആണെന്നിരിക്കെ, ഇത്തരം നിലപാടുകള്‍ മുസ്ലീം ലീഗിന് തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നാണ് ഇവരുടെ ആശങ്ക.

9

എന്നാല്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് ഈ വിഷയത്തില്‍ ഒരു സംശയം പോലും ബാക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊരു ലൈംഗികാധിക്ഷേപ പരാതിയുടെ പ്രശ്‌നമല്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ, ഈ വിഷയത്തില്‍ ഇര, വേട്ടക്കാരന്‍ എന്ന ദ്വന്ദ്വത്തിലൂടെ കാണാന്‍ ആകില്ലെന്നും നേതൃത്വത്തോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിയിലും പോഷക സംഘടനകളിലും നേരത്തേ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ ഇങ്ങനെ പുറത്ത് വന്നതാണ് എന്നാണ് നിഗമനവും കണ്ടെത്തലും. അതുകൊണ്ട് തന്നെ, ഔദ്യോഗിക നേതൃത്വവുമായി ചേര്‍ന്നുനില്‍ക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടെ സ്വീകരിക്കൂ എന്നതും വ്യക്തമാക്കപ്പെടുകയാണിപ്പോള്‍.

10

മുസ്ലീം ലീഗിനുള്ളില്‍ തന്നെ വലിയ പ്രതിസന്ധികള്‍ ഉടലെടുത്തിരിക്കുന്ന സമയമാണിത്. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിന് പിറകെ, പാര്‍ട്ടിയ്ക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ക്കിടയിലും തര്‍ക്കം രൂക്ഷമാണ്. ചന്ദ്രിക കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതോടെ ഈ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത് വരികയും ചെയ്തു. എആര്‍ ബാങ്ക് കേസും മുസ്ലീം ലീഗിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. അതിനിടയിലാണ് എംഎസ്എഫിലെ ഈ വിവാദം എന്നത് തന്നെ നേതൃത്വത്തെ അലോസരപ്പെടുത്തുന്ന ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+