• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളനല്ല, അന്തസ്സുള്ള പൊതുപ്രവര്‍ത്തകനാണ് ഓമനക്കുട്ടന്‍; പാർട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ!...

ചേര്‍ത്തല: 'ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തി സിപിഎം പ്രാദേശിക നേതാവ്' കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ കൊണ്ടാടിയ ഏറ്റവും 'പ്രധാനപ്പെട്ട' ഒരു വാര്‍ത്തയുടെ തലക്കെട്ടാണ് ഇത്. ചേര്‍ത്തല തെക്ക് ദുരിതാശ്വാസ ക്യാംപില്‍ പിരിവ് നടത്തിയ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനായിരുന്നു വാര്‍ത്തകളുടെ ഇര. വണ്ടിക്കൂലി കൊടുക്കാനെന്ന പേരില്‍ ഓമനക്കുട്ടന്‍ ക്യാംമ്പുകളില്‍ വ്യാപക പണപ്പിരിവ് നടത്തുന്നുവെന്ന ഉള്ളടക്കത്തോടെ ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത നിമിഷനേരങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങളിലും വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടു.

ഹൈദരാബാദില്‍ നിന്ന് ജിപിആര്‍ സംവിധാനം ഇന്നെത്തും; കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

ഇതിന് പിന്നാലെ ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പോലീസ് വഞ്ചാനാകുറ്റത്തിന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഓമനക്കുട്ടന്‍ പിരിവ് നടത്തിയത് അനധികൃതമായിട്ടല്ലെന്നായിരുന്നു ക്യാംപില്‍ കഴിയുന്നവര്‍ തന്നെ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് പരാതിയൊന്നുമില്ലെന്നും എല്ലാത്തവണയും എല്ലാവരും ചേര്‍ന്ന് കാശ് പിരിച്ചാണ് ക്യാംപിലെ കാര്യങ്ങള്‍ നടത്തുന്നതെന്നും ക്യാംപിലുള്ളവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

ഓമനക്കുട്ടനെ മനസ്സിലായില്ലേ

ഓമനക്കുട്ടനെ മനസ്സിലായില്ലേ

ഇതോടെ അദ്ദേഹത്തെ 'കള്ളനാക്കിയുള്ള'വാര്‍ത്തകള്‍ക്കെതിരേയും പാര്‍ട്ടി സ്വീകരിച്ച നടപടിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങി. 'ഓമനക്കുട്ടന്‍റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ' എന്നാണ് മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ഓമനക്കുട്ടൻ കണ്ണികാട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥിയാണ്,ഓട്ടോക്കൂലി കൊടുക്കാൻ എഴുപത്തഞ്ചുരൂപ പിരിച്ചു എന്നതും നേരാണ്,നിയമത്തിനുമുന്നിൽ വഞ്ചകനാണ്. പക്ഷേ എത്രയോ ഗുരുതരമായ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്ത ഓമനക്കുട്ടന്‍റെ പാർട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഹര്‍ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അയാൾ പൊതുപ്രവർത്തകനാണ്

അയാൾ പൊതുപ്രവർത്തകനാണ്

ചേർത്തല കണ്ണികാട്ടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് അംബേദ്കറുടെ പേരിലുള്ള ഒരു കമ്യൂണിറ്റി ഹാളിലാണ്. ഇപ്പോഴും കറണ്ടില്ലാത്ത ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിലെ അഭയാർത്ഥികൾ ഏതാണ്ട് മുഴുവനായും പട്ടികജാതിക്കാരാണ്. തവള തുടിച്ചാൽ വെള്ളപ്പൊക്കത്തിലായിപ്പോകുന്ന പരിമിത സാഹചര്യത്തിൽ ജീവിക്കുന്നവരായതുകൊണ്ട് ഒാരോ മഴയത്തും അഭയാർത്ഥികളാവേണ്ടിവരുന്നവരാണ് അവരെല്ലാം.അവിടത്തെ അന്തേവാസികളിലൊരാളാണ് ഓമനക്കുട്ടൻ.അയാൾ പൊതുപ്രവർത്തകനാണ്, സിപിഐഎം ലോക്കൽ കമ്മറ്റി അംഗമാണ്

കേസിലെ പ്രതി

കേസിലെ പ്രതി

ഇന്ന് ഓമനക്കുട്ടൻ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പുകൾ ചുമത്തപ്പെട്ട കേസിലെ പ്രതിയാണ്.പാർട്ടി ഓമനക്കുട്ടനെ സസ്പെൻഷന്‍റെ ചെയ്തിട്ടുണ്ട്. ഓമനക്കുട്ടന്‍റെ നേതാവ് പരസ്യമായി അയാളെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. ഓമനക്കുട്ടൻ ചെയ്ത കുറ്റം അയാൾ കൂടി അഭയാർത്ഥിയായ ദുരിതാശ്വാസ ക്യാമ്പിൽ അരിയെത്തിക്കാൻ പിരിവ് നടത്തി എന്നതാണ്. ഓമനക്കുട്ടൻ ക്യാമ്പിൽ പിരിവുനടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ചാനലുകൾ വാർത്തയാക്കുകയായിരുന്നു.

ബ്രേക്കിങ്ങ് വാര്‍ത്ത

ബ്രേക്കിങ്ങ് വാര്‍ത്ത

'സിപിഐഎം പ്രാദേശിക നേതാവ് അഭയാർത്ഥി ക്യാമ്പിൽ പിരിവ് നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്' എന്നായിരുന്നു വാർത്ത. വാർത്ത ബ്രേക്കിങ്ങായും ഹെഡ്ലൈനായുമൊക്കെത്തന്നെ പോയി.

വാർത്ത കത്തി, മന്ത്രി ജിസുധാകരൻ കണ്ണികാട് ക്യാമ്പിൽ നേരിട്ടെത്തി ഓമനക്കുട്ടനെ തള്ളിപ്പറഞ്ഞു. പോലീസ് കേസെടുത്തു.

അരി തീരുമ്പോൾ

അരി തീരുമ്പോൾ

അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് ചേർത്തല സൗത്ത് വില്ലേജോഫീസ് അധികൃതരാണ്.പക്ഷേ അതുണ്ടാവാറില്ല. ക്യാമ്പിൽ അരി തീരുമ്പോൾ അഭയാർത്ഥികൾ വില്ലേജോഫീസിലെത്തും. വില്ലേജോഫീസർ സ്ലിപ്പ് കൊടുക്കും അതുകൊടുത്ത് അരിവാങ്ങി അഭയാർത്ഥികൾ തന്നെ ക്യാമ്പിലെത്തിക്കും. ഇതാണ് പതിവ്.

ഏതോ ദുഷ്ടബുദ്ധി

ഏതോ ദുഷ്ടബുദ്ധി

ഇത്തവണയും അരി തീർന്നപ്പോൾ ക്യാമ്പംഗമായ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പക്ഷേ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ എഴുപത്തഞ്ചുരൂപാ പലരിൽനിന്നായി വാങ്ങുന്നതുകണ്ട ഏതോ ദുഷ്ടബുദ്ധിയാണ് ആ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ചോര മണത്ത ചാനലുകൾ വെണ്ടയ്ക്കാ ഉരുട്ടിയതോടെ ഒരു ഞരക്കത്തിനുപോലും പഴുതില്ലാതെ ഓമനക്കുട്ടൻ കുഴങ്ങി.

ജി സുധാകരനെത്തിയപ്പോൾ

ജി സുധാകരനെത്തിയപ്പോൾ

കള്ളനെന്ന മാധ്യമങ്ങളുടെ വിളിയും സ്വന്തം പാർട്ടിയെടുത്ത നടപടിയും പോലീസെടുത്ത കേസുമുണ്ടാക്കിയ സങ്കടം മറികടക്കാൻ പിന്നെയും പിന്നെയും ബീഡി വലിച്ചുതള്ളി.കണ്ണികാട്ടെ ക്യാമ്പിൽ ജി സുധാകരനെത്തിയപ്പോൾ കൺവെട്ടത്തുപെടാതെ ക്യാമ്പിനു പിന്നിൽ ഒളിച്ചുനിന്നു. ഇതൊക്കെയാണ്. അല്ലെങ്കിൽ ഇതുമാത്രമാണ് ഓമനക്കുട്ടന് സംഭവിച്ചത്.

വലിയൊരു വാര്‍ത്ത എന്ന് കരുതുന്നവര്‍

വലിയൊരു വാര്‍ത്ത എന്ന് കരുതുന്നവര്‍

മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ആത്മനിന്ദയാൽ നീറുന്നതുകൊണ്ടും. വലിയൊരു വാർത്തയായിരുന്നു 'അത്' എന്ന് കരുതുന്ന മാധ്യമപ്രവർത്തകരുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടും. ഒരു പ്രാദേശിക രാഷ്ട്രീയപ്രവർത്തകനായി മനുഷ്യർക്കിടയിൽ ജീവിച്ചിട്ടുള്ളതുകൊണ്ടുമാണ് ഇത്രയുമെഴുതിയത്.ഓമനക്കുട്ടൻ്റെ നിസ്സഹായാവസ്ഥ ഉറക്കം കെടുത്തുന്നുണ്ട്.

ഓമനക്കുട്ടൻ്റെ പാർട്ടിക്ക്

ഓമനക്കുട്ടൻ്റെ പാർട്ടിക്ക്

ഓമനക്കുട്ടൻ കണ്ണികാട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥിയാണ്,ഓട്ടോക്കൂലി കൊടുക്കാൻ എഴുപത്തഞ്ചുരൂപ പിരിച്ചു എന്നതും നേരാണ്,നിയമത്തിനുമുന്നിൽ വഞ്ചകനാണ്. പക്ഷേ എത്രയോ ഗുരുതരമായ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്ത ഓമനക്കുട്ടൻ്റെ പാർട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ!.

#ഓമനക്കുട്ടൻകള്ളനല്ല

#അന്തസ്സുള്ളപൊതുപ്രവർത്തകനാണ്

ഫേസ്ബുക്ക് പോസ്റ്റ്

ഹര്‍ഷന്‍

English summary
harshan facebook post about cpim leader's relief camp fund collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X