മതവിദ്വേഷ പരാമർശം; പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യത, അപകടം മണത്തറിഞ്ഞ പിസി ഒളിവിലോ?
കോട്ടയം: ചാനൽ ചർച്ചക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ കുരുക്ക് മുറുകുന്നു. പിസിയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചതായാണ് വിവരം. ഇതിന്റെ ആദ്യപടിയായി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാട്ടി പോലീസ് പിസി ജോർജിന്റെ വീട്ടിൽ നേരിട്ടെത്തി. നോട്ടീസ് കൈമാറാനാണ് പോലീസ് സംഘം അവിടെ എത്തിയത്. എന്നാൽ പിസി ജോർജ് ഇല്ലാത്തതിനാൽ നോട്ടീസ് നൽകാതെ പോലീസ് സംഘം മടങ്ങി.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിജെപി നേതാവ് കൂടിയായ പിസി ജോർജ് ഒളിവിൽ പോയെന്നാണ് ചില വൃത്തങ്ങൾ പറയുന്നത്. അതിനിടെ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് തുടർ നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പോലീസിന്റെ നീക്കം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്‌റ്റേഷനിൽ ഹാജരാവണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് പോലീസ് മടക്കിയത്.

പിസി ജോർജിന്റെ വീട്ടിൽ ആ സമയം മകൻ ഷോൺ ജോർജ് ഉണ്ടായിരുന്നു, എന്നാൽ നോട്ടീസ് നേരിട്ട് മാത്രമേ കൈമാറൂ എന്നായിരുന്നു പോലീസ് നിലപാട്. പിതാവിന്റെ പേരിലുള്ള നോട്ടീസ് കൈപ്പറ്റാൻ താൻ തയ്യാറാണെന്ന് പോലീസിനെ അറിയിച്ചതായി മകൻ ഷോൺ ജോർജ് വ്യക്തമാക്കി. എന്നാൽ നോട്ടീസ് നേരിട്ട് നൽകണമെന്ന പോലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഷോൺ പറയുന്നു.
നേരത്തെ ഈരാട്ടുപേട്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് രഹസ്യകേന്ദ്രത്തിലേക്ക് പിസി മാറിയത്. നിലവിലെ സാഹചര്യത്തിൽ ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചാവും പിസിയുടെ ഭാവി പരിപാടികൾ.
കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജോർജിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിൽക്കുമെന്നും പൊതുമധ്യത്തിൽ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വർഷങ്ങളോളം ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹം കാണുന്നുണ്ടെന്നും പ്രകോപനത്താലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വർഷം ജനുവരി 6ന് സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവർ കൊന്നു. മുസ്ലിങ്ങൾ പാകിസ്‌ഥാനിലേക്കു പോകണമെന്നുമാണ് പിസി ചർച്ചയിൽ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് പിസി ജോർജിനെതിരെ കേസെടുത്തത്. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെയും സമാനമായി വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ഏറെ പഴികേൾക്കുകയും നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്‌ത നേതാവാണ് പിസി ജോർജ്.












Click it and Unblock the Notifications