വിദ്വേഷ പ്രസംഗം: പിസി ജോർജ് റിമാന്‍ഡില്‍; പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കും
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോർജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പിസി ജോർജിനെ പുജപ്പുരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും. നിലവില്‍ കോവിഡ് ഉള്‍പ്പടേയുള്ള വൈദ്യപരിശോധനയ്ക്കാണ് പിസി ജോർജിനെ വിധേയമാക്കിയിരിക്കുന്നത്. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
ആശുപത്രിയിലെത്തിച്ച പിസി ജോർജിനെ അകത്തേക്ക് കൊണ്ടുപോവാതെ വാഹനത്തില്‍ തന്നെയിരുത്തി പരിശോധിക്കുകയായിരുന്നു. പൊലീസ് കാരണം മുന്‍ എം എല്‍ എ കൂടിയായ പിസി ജോർജിന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ പൊലീസിനിതിരെ പരാതി ഇല്ലെന്നായിരുന്നു പിസി ജോർജ് ഇന്നലെ കോടതിയില്‍ പറഞ്ഞത്. പൊലീസ് മർദ്ദനം ഏല്‍ക്കേണ്ടി വരുമോയെന്ന ഭയം ഉണ്ടോന്ന് ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള ഭയങ്ങളൊന്നുമില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ ആവശ്യം മെയ് 30 ന് കോടതി പരിഗണിക്കും. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി കുറ്റം ആവർത്തിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് പിസി ജോർജിനെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോർജിന്റെ മുന്‍കൂർ ജാമ്യാപേക്ഷ റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോർജിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications