'ഹൃദയം നുറുങ്ങുന്ന, ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ല'; ഗായിക നികിത ഗാന്ധി
കുസാറ്റ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. അപകട വാർത്ത ഹൃദയഭേദഗകമാണെന്നും അപകടത്തിൽപെട്ട വിദ്യാർത്ഥികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗായിക സോഷ്യൽ മീഡിയയിൽ കുറിച്ചു. നികിതയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം നടന്നത്.
'കൊച്ചിയിൽ നടന്ന സംഭവം ഹൃദയഭേദകമാണ്. നിർഭാഗ്യകരമായ സംഭവം ഉണ്ടായത് ഞാൻ പരിപാടിക്കായി പോകുന്നതിന് മുമ്പാണ്. ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ല. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു', നികിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ 'ധിഷണ'യുടെ അവസാന ദിനമായിരുന്നു ഇന്നലെ. ഇന്നായിരുന്നു നികിതയുടെ ഗാനമേള.

അപകടത്തിൽ നാല് വിദ്യാർത്ഥികളാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻറിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം ദുരന്തത്തിന് കാരണം കുട്ടികളെ സമയത്തിന് അനുസരിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതിലുണ്ടായ വീഴ്ചയാണെന്ന് വൈസ് ചാൻസിലർ ഡോ പി ജി ശങ്കരൻ പ്രതികരിച്ചത്. ഓഡിറ്റോറിയത്തിന്റെ സ്റ്റെപ്പുകൾ വീതി കുറഞ്ഞതാണെന്നും ആളുകൾ ഇരച്ചെത്തിയപ്പോൾ അവിടെ നിന്നിരുന്ന കുട്ടികൾ താഴേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓഡിറ്റോറിയത്തിലെ പരിപാടികൾക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചേർന്ന് നടത്തിയ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർവ്വകലാശാലകളും കോളേജുകളും ഉൾപ്പെടെ ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന്, നിലവിലുള്ള മാർഗ്ഗരേഖ കാലോചിതമായി പുതുക്കാൻ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, വലിയ ആൾക്കൂട്ടമുള്ള വേദികൾ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്ത് പരിഷ്കരിക്കും. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും പരിശീലിപ്പിക്കാനും പദ്ധതി തയ്യാറാക്കും. കുസാറ്റ് സംഭവത്തെക്കുറിച്ച് സർവ്വകലാശാല സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ ആലോചിക്കാനുമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കുസാറ്റ് വി.സി ഡോ.പി.ജി.ശങ്കരൻ, ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications