ചൂട്ടുപൊള്ളി കേരളം; പാലക്കാട് അടക്കം എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു. കടുത്ത ചൂടില്‍ അതീവ ജാഗ്രത പാലിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ഇന്ന് കേരളത്തിലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പകല്‍ 12 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് പറഞ്ഞു. പരമാവധി ശുദ്ധ ജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം എന്നും അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയും തൊപ്പിയും ഉപയോഗിക്കുന്നതും ചൂടിനെ പ്രതിരോധിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ ആര്‍ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം
പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ കനത്ത ചൂടിന് സാധ്യതയുണ്ട്.
അതേസമയം കേരളം, തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ തീരദേശത്ത് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.












Click it and Unblock the Notifications