തോരാതെ പെയ്ത് മഴ, സംസ്ഥാനത്താകെ 5 മരണം, വീടുകളില്‍ വെള്ളം കയറി; വ്യാപക നാശനഷ്ടം
കൊച്ചി: സംസ്ഥാനത്താകെ പെയ്ത കനത്ത മഴയില്‍ അഞ്ച് മരണം. വൈക്കം വേമ്പനാട്ടുകായലില്‍ വള്ളം മറിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് ചെമ്പ് സ്വദേശി സദാനന്ദനാണ് മരിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഴ കനത്തതോടെ വിവിധയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ തോരാതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശത്തില്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടായിരിക്കുന്നത് തീരദേശ പ്രദേശങ്ങളിലാണ്. വീടുകളില്‍ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് തെങ്ങ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. തങ്കി വടക്ക് കോനാട്ടുശ്ശേരി എല്‍പി സ്‌കൂളില്‍ 23 പേരടങ്ങുന്ന ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
വെട്ടയ്ക്കല്‍, തൈയ്ക്കല്‍, ഒറ്റമശേരി, അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലുമുള്ളത്. ഇവിടങ്ങളിലെ കൃഷികളും പൂര്‍ണമായും നശിച്ചു. പുത്തന്നങ്ങാടിയില്‍ അടക്കം വലിയ രീതിയില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ അഗ്നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്ത് വറ്റിച്ചു.
കോട്ടയം ഇടമറുകില്‍ ഉരുള്‍പ്പൊട്ടി ഏഴ് വീട് തകര്‍ന്നു. കളമശ്ശേരിയില്‍ നിര്‍ത്താതെ പെയ്ത 400ഓളം വീടുകളില്‍ വെള്ളം കയറി. നഗരപ്രദേശങ്ങളും ഇന്‍ഫോപാര്‍ക്കും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് കളമശ്ശേരിയില്‍ തുടരുകയാണ്. മൂലേപ്പാടം, മാവേലി നഗര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ വീടുകളാണ് വെള്ളം കയറി.
വീടുകളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ അഗ്നിരക്ഷാ സേനയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ തുടരുകയാണ്. ഒരു മണിക്കൂര്‍ നീണ്ട അതിശക്തമായ മഴയില്‍ മാവേലിനഗര്‍ വെള്ളത്തിലായി. ഡോ എം ലീലാവതിയുടെ വീട് അടക്കം പൈപ്പ് ലൈന്‍ റോഡിന്റെ ഇരുവശത്തുമായി നൂറിലേറെ വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
അതേസമയം പലരും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധുവീടുകളില്‍ അടക്കമാണ് അഭയം തേടിയത്. വീടുകളില്‍ കുടുങ്ങി കിടന്നവരെ ബോട്ടുകളിലാണ് അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്. വീടുകളില്‍ കുടിവെള്ളവും ഭക്ഷണവും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കി.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശം നിരോധിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല, മാര്‍മല അരുവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപോട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്.












Click it and Unblock the Notifications