സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം! പക്ഷേ, ദുരിതം അവസാനിക്കുന്നില്ല; ഇതുവരെ അഞ്ച് മരണം....
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ തിങ്കളാഴ്ചയും ഉരുൾപൊട്ടലുണ്ടായി.
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്തിരുന്ന കനത്ത മഴയ്ക്ക് തിങ്കളാഴ്ച നേരിയ ശമനം. പക്ഷേ, മഴ കാരണമുണ്ടായ ദുരിതം അവസാനിച്ചില്ല. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ അഞ്ചു പേർ
മരണപ്പെട്ടു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. നിരവധി പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ തിങ്കളാഴ്ചയും ഉരുൾപൊട്ടലുണ്ടായി.

കാഞ്ഞിരപ്പുഴ പൂഞ്ചോലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിൽ റോഡ് ഒലിച്ചു പോയി പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു വീട് പൂർണ്ണമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മണ്ണിനടിയിലായി.
അട്ടപ്പാടി ചുരം റോഡിൽ തിങ്കളാഴ്ച രാവിലെയും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞദിവസം മണ്ണിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. ചുരം റോഡിലെ തടസങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ
പുരോഗമിച്ചുകൊണ്ടിരിക്കെയാണ് വീണ്ടും മണ്ണിടിഞ്ഞത്. നിലമ്പൂർ ആഢ്യൻപാറയിലും മണ്ണിടിച്ചിലുണ്ടായി.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലാ അതിർത്തിയിലെ മോന്താൽ പാലം വെള്ളത്തിനടിയിലായി. തിങ്കളാഴ്ച മഴയ്ക്ക് നേരിയ ശമനമായതോടെ താമരശേരി ചുരം വഴിയുള്ള ഗതാഗത നിയന്ത്രണം പിൻവലിച്ചു. കണ്ണൂർ മടക്കരയിൽ തെങ്ങു വീണ് ഒരാളും, പാനൂരിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇതരസംസ്ഥാന തൊഴിലാളിയും മരണപ്പെട്ടു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചത്.












Click it and Unblock the Notifications