ദുരന്ത ഭീതിയില്‍ ജനങ്ങള്‍!! കവളപ്പാറയില്‍ കനത്ത മഴ: രക്ഷാപ്രവര്‍ത്തനം വൈകുന്നു!
മലപ്പുറം: കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം വൈകുന്നു. രക്ഷാ ദൗത്യത്തിന് ശനിയാഴ്ച രാവിലെയോടെ സൈന്യം എത്തിയെങ്കിലും ശക്തമായ മഴ തുടരുന്ന സാഹ്യചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തകരെത്തിയത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷം രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചുപോകുകയായിരുന്നു. അതേസമയം മഴക്കെടുതി ഏറ്റവും അധികം ദുരന്തം വിതച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണുള്ളത്.
മുഴുവന്‍ ഡാമുകളും തുറന്നുവെന്നത് വ്യാജപ്രചാരണം: തുറന്നത് 18 ഡാമുകള്‍ മാത്രം, ഇടുക്കിയില്‍ ആശങ്കയില്ല
മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ 36 വീടുകളാണ് ഒലിച്ചുപോയിട്ടുള്ളത്. 38 പേരെ കാണാതായെന്നുമുള്ള നിഗമനത്തിലാണ് അധികൃതര്‍. 19 കുടുംബങ്ങളില്‍ നിന്നായി 41 പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം വൈകുന്നതോടെ ആരെയും രക്ഷിക്കാനുള്ള സാധ്യതയും ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ് മുഖവിലക്കെടുത്ത് 17ഓളം കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് വ്യാഴാഴ്ച തന്നെ മാറിത്താമസിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുകയായിരുന്നു. കള്ളാടി മഖാം പരിസരത്ത് മണ്ണിടിഞ്ഞതോടെ പുത്തുമലയിലേക്കുള്ള റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ച് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ ഭാഗത്ത് ശനിയാഴ്ചയും മണ്ണിടിച്ചിലുണ്ടായിരുന്നു. നാല്‍പ്പതംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികൂല കാലാവസ്ഥ മൂലം കാലതാമസം നേരിട്ട പുത്തുമലയിലെ രക്ഷാദൗത്യം രാവിലെ പത്തരക്ക് ശേഷം രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഇതോടെ ഒരു മൃതദേഹവും കണ്ടെടുത്തിരുന്നു. ഇതോടെ പത്ത് മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയത്. സെന്‍റിനെന്റല്‍ റോക്ക് എസ്റ്റേറ്റിനോട് അടുത്ത ഭാഗമാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ഇതിന് പുറമേ പച്ചക്കാട്ടിലും വ്യാഴാഴ്ച ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയും പ്രദേശത്തുനിന്ന് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയോടെ ഇന്ത്യന്‍ നാവിക സേനയുടെ സംഘം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഉച്ചയോടെ വയനാട്ടിലെത്തും. പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഇവരെയെത്തിക്കുന്നത്.