സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം തിമിർത്ത് പെയ്യുകയാണ്. ശക്തമായ കാറ്റും കനത്ത മഴയുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളതീരത്ത് 65 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കും. ഇന്ന് രാത്രിവരെ കടലേറ്റത്തിനും സാധ്യത. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Recommended Video

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ഈയിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നത്. 13 മുതൽ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റിൽ മരം വീണാണ് കൂടുതൽ അപകടങ്ങളും. എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ നിരവധി വീടുകൾ ഇത്തരത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. അഞ്ഞൂറിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി, വ്യാപക കൃഷിനാശവുമുണ്ടായി.












Click it and Unblock the Notifications