ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിയ ഭാഗങ്ങള്‍ ഇന്നും പുറത്ത് വരില്ല: തിരിച്ചടിയായി പുതിയ പരാതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിയ ഭാഗങ്ങള്‍ ഇന്ന് പുറത്ത് വരില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോർട്ടില്‍ സർക്കാർ വെട്ടിയ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് ഉണ്ടായേക്കില്ലെന്നാണ് പുതിയ വിവരം.
പരാതി ലഭിച്ച സാഹചര്യത്തിലാണ് വെട്ടിയ ഭാഗങ്ങള്‍ പുറത്ത് വിടുന്നത് വൈകുന്നതെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നത്. ആരാണ് പരാതി നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും പരാതി പരിശോധിച്ചതിന് ശേഷം മാത്രമെ റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുവെന്നാണ് അപ്പീല്‍ നല്‍കിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്.

മൊഴി നല്‍കിയവരുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 29 പാരഗ്രാഫുകള്‍ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടത്. എന്നാല്‍ ഇതിന് പുറമെ 130 പാരഗ്രാഫുകള്‍ കൂടി ഒഴിവാക്കിയായിരുന്നു സർക്കാർ റിപ്പോർട്ട് നല്‍കിയത്. ഇതിനെതിരെ മാധ്യമപ്രവർത്തകർ വീണ്ടും അപ്പീലുമായി വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
വിവരാവകാശ കമ്മിഷണർ നിർദേശിച്ച കാര്യങ്ങൾ പാലിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് വാദിക്കുന്നുണ്ടെങ്കിലും കമ്മീഷന്‍ പറഞ്ഞതിന് പുറത്തുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ സർക്കാർ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സമ്പൂർണ വിവരങ്ങൾ പരിശോധിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക് കടന്നിരുന്നു. കമ്മിറ്റിക്ക് മുൻപാകെ ലൈംഗിക ചൂഷണവും അതിക്രമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ വെളിപ്പെടുത്തിയ ഇരുപതോളം പേരുടെ മൊഴികൾ ഗൗരവ സ്വഭാവമുള്ളവയാണെന്നാണ് പൊലീസ് വിലയിരുത്തല്‍.
നിയമ നടപടി സ്വീകരിക്കാൻ താൽപര്യമുള്ള ആളുകളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനും എസ്ഐടി തീരുമാനിച്ചിരുന്നു. അതേസമയം, ഹേമ കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ച കാര്യങ്ങളിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടി മാലാ പാർവതി കോടതിയെ സമീപിച്ചിരുന്നു.
ഹേമ കമ്മിറ്റിക്ക് മുന്നിൽ താനടക്കമുള്ളവർ നൽകിയത് മൊഴിയല്ല, അക്കാദമിക താൽപര്യത്തോടെയുള്ള സംസാരമായിരുന്നുവെന്നാണ് നടിയുടെ വാദം. ആർക്കെതിരേയും കേസെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കമ്മിറ്റിക്ക് മുന്നിലെത്തിയത്. കമ്മിറ്റി സർക്കാറിന് മുന്നില്‍ സമർപ്പിക്കാനുള്ള ശുപാർശകൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും മാല പാർവതി അവകാശപ്പെടുന്നു.












Click it and Unblock the Notifications