തെരുവ് നായ: പൗരന്മാരെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍; ജനം നിയമം കൈയിലെടുക്കരുതെന്നും ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ ഇടപെടലുമായി ഹൈക്കോടതി. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട് എന്ന് ഹൈക്കോടതി വിലയിരുത്തി. പൊതുസ്ഥലത്തെ അക്രമകാരികളായ നായകളെ മാറ്റി പാര്‍പ്പിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം ജനങ്ങള്‍ നിയമം കൈയിലെടുക്കരുത് എന്നും കോടതി പറഞ്ഞു. ഇതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അതേസമയം എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് അഞ്ച് തെരുവ് നായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാണ്. നിരവധി പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ചിലര്‍ മരണപ്പെടുന്ന സ്ഥിതിയുമുണ്ടായി. അതിനിടെ കഴിഞ്ഞ ദിവസം കോട്ടയത്തും നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ച നടന്നിരുന്നു. അക്രമകാരികളായ നായകളെ കൊന്നൊടുക്കുന്നതിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. തെരുവ് നായശല്യം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ നാലംഗ കമ്മിറ്റിയും രൂപീകരിക്കുന്നുണ്ട്.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഈ കമ്മിറ്റി ആഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും എന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യം തെരുവില്‍ വലിച്ചെറിയുന്നത് കര്‍ശനമായി തടയാന്‍ ഹോട്ടല്‍, അറവുശാലാ വ്യാപാരികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അടിയന്തര യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.

അക്രമകാരികളായ തെരുവ് നായകളുള്ള സ്ഥലങ്ങളുടെ ഹോട്ട്സ്പോട്ട് ആരോഗ്യ വകുപ്പ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും വാക്സിനേഷന്‍ നടപടികള്‍ നടപ്പാക്കുക എന്ന് എം ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications