ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്, എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടു; സെയ്ദ് മിര്‍സ
തിരുവനന്തപുരം: ഹോം സിനിമ അവാര്‍ഡിനായി പരിഗണിച്ചില്ലെന്ന നടന്‍ ഇന്ദ്രന്‍സിന്റെ വാദം തെറ്റാണെന്ന് ജൂറി ചെയര്‍മാന്‍ സെയ്ദ് അഖ്തര്‍ മിര്‍സ.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഹോം സിനിമയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടിട്ടുണ്ടെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നും ആണ് സെയ്ദ് മിര്‍സ പറഞ്ഞത്.
'ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ല. അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനം അനുസരിച്ചാണ്', മിര്‍സ പറഞ്ഞു. സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ഹോം സിനിമയെ പരിഗണിക്കാത്തത്തിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. മികച്ച ചിത്രം, മികച്ച നടന്‍ അടക്കമുളള വിഭാഗങ്ങളില്‍ ഹോമിന് പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നു. നിര്‍മ്മാതാവ് വിജയ് ബാബു പീഡനക്കേസില്‍ പ്രതിയായ പശ്ചാത്തലത്തില്‍ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ തഴഞ്ഞുവെന്ന ആരോപണം ശക്തമാകുന്നുണ്ട്.

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ലെന്നായിരുന്നു നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചത്. ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്നുവെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് ചോദിച്ചിരുന്നു. 'ഹോം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവും. കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്‍ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ. കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാന്‍ പാടില്ല. ഒരു വീട്ടില്‍ ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലാ എന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല. ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടില്ല എന്നുറപ്പാണ്. കാണരുതെന്ന് ആഗ്രഹിച്ചവരും ഉണ്ടായിരുന്നിരിക്കാം. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്.

അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോയെന്നും ഇന്ദ്രന്‍സ് ചോദിച്ചിരുന്നു.

അതേസമയം, തനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. ബിജുവും ജോജുവും തന്റെ കൂട്ടുകാരാണെന്നും അവര്‍ക്ക് കിട്ടിയതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അവാര്‍ഡിന് വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.
സിനിമയ്ക്ക് പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ വിഷമം ഇല്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അവാര്‍ഡ് കിട്ടിയവരൊക്കെ വേണ്ടപ്പെട്ടവരാണ്. അവരുടെയൊക്കെ ആരാധകനാണ് താന്‍. അവര്‍ക്ക് അവാര്‍ഡ് കിട്ടിയത് തനിക്ക് കിട്ടിയത് പോലെ തന്നെയാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവ നടി രംഗത്തെത്തിയിരുന്നു. ഏപ്രിൽ 22 നാണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെതിരെ കേസെടുക്കുന്നത്. ഇതിനുപിന്നാലെ ഏപ്രിൽ 24 നാണ് വിജയ് ബാബു വിദേശത്തക്ക് കടക്കുകയും ചെയ്ത്. വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.