ഹണി റോസ്- ബോബി ചെമ്മണ്ണൂർ കേസ്; രാഹുൽ ഈശ്വർ രണ്ടും കൽപ്പിച്ച് തന്നെ, അടുത്ത നീക്കം ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതോടെ വിഷയത്തിൽ വീണ്ടും വിമർശനം തുടരുകയാണ് രാഹുൽ. നടി ഇനിയെങ്കിലും വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. മാത്രമല്ല ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. പത്രസമ്മേളനത്തിലൂടെയാണ് പ്രതികരണം. രാഹുൽ ഈശ്വറിന്റെ വാക്കുകളിലേക്ക്
'ഹണി റോസിന് അവരുടെ സത്യമില്ലായ്മ ബോധ്യമായെന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എം എൽ എമാരെ സമീപിച്ചിട്ടുണ്ട്. നിയമസഭയിൽ പ്രൈവറ്റ് ബില്ലായി പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഉറപ്പ് നൽകിയിട്ടുണ്ട്.

രാഹുലിനെതിരെ എഫ്ഐആർ ഇടാത്തതിനാൽ നോട് ടു അറസ്റ്റ് തരുന്നില്ല എന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ രാഹുൽ ഈശ്വറിന് കനത്ത തിരിച്ചടി എന്നാണ് പല മാധ്യമങ്ങളും നൽകിയത്. എന്നാൽ എനിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചപ്പോൾ ഹണി റോസിന് തിരിച്ചടി എന്ന് ആരും കൊടുത്ത് കണ്ടില്ല.ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ് പല ആളുകൾക്കും ഉള്ളത്.
ഹണി റോസ് പറഞ്ഞത് ഞാൻ ഓർഗനൈസ്ഡ് ക്രൈമന്റെ ഭാഗമാണെന്നാണ്. എന്നിട്ട് അവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്നുവെന്നാണ്. എത്ര ഗൗരവമുള്ള പ്രയോഗമാണ്. എന്തായാലും കേസ് എടുക്കില്ലെന്നത് എന്നെ സംബന്ധിച്ച് ആശ്വാസമാണ്. അതേസമയം വിമർശനം തുടരും. ദ്വയാർത്ഥ പ്രയോഗങ്ങൾ വേണ്ടെന്നുള്ള ഹണി റോസിന്റെ നിലപാടിനോട് യോജിക്കുന്നു.
അഭിപ്രായത്തെ അഭിപ്രായം കൊണ്ട് നേരിടുന്നതിന് പകരം കേസെടുക്കുമെന്നാണ് യുവജന കമ്മീഷനും വനിത കമ്മീഷനും പറയുന്നത്. എനിക്ക് പോയി പരാതി പറയാൻ ഒരു കമ്മീഷൻ ഇല്ലെന്നത് കൊണ്ടല്ലേ അവർ എന്നെ വേട്ടയാടുന്നത്. പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പ്യെൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ചാണ്ടി ഉമ്മനെ കണ്ട് ഇത് സംബന്ധിച്ച് നിവേദനം നൽകാൻ സമയം ചോദിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിയോടും സംസാരിച്ചിട്ടുണ്ട്. ഇവർ രണ്ട് പേരും രണ്ട് പേരുടെ കുടുംബങ്ങളും വേട്ടയാടലിന്റെ വേദന അനുഭവിച്ചവരാണ്.
നിവിൻ പോളിക്കെതിരെ വ്യാജ പരാതികൊടുത്ത സ്ത്രീക്കെതിര നടൻ പരാതി കൊടുത്തിട്ട് എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാഞ്ഞത്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കൊടുത്ത സ്ത്രീക്കെതിരെ 41 ക്രിമിനൽ കേസുണ്ട്. പുരുഷൻമാരെ എത്ര പെട്ടെന്ന് കുടുക്കാമെന്നാണ്. പരാതി കൊടുക്കുന്ന എല്ലാവരും അതിജീവിതകളല്ല, പരാതിക്കാർ മാത്രമാണ്. ആണുങ്ങളെ എന്തും പറയാം, സ്ത്രീകളെ ഒന്നും പറയാനാകില്ല എന്നതാണ് അവസ്ഥ', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications