ഭാര്യയെ സംശയം, കൊന്ന് വീടിന് മുന്നിൽ കുഴിച്ച് മൂടി ഭർത്താവ്, ഒരു വർഷത്തിന് ശേഷം കൊലപാതകം പുറത്ത്
കൊച്ചി: വൈപ്പിന്‍ ഞാറക്കലില്‍ ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ച് മൂടിയതാണെന്ന് കണ്ടെത്തി പോലീസ്. 32കാരി രമ്യയെ ആണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായെന്ന് ഭര്‍ത്താവ് സജീവന്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ രമ്യയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. അടുത്തിടെ നരബലി കേസുകള്‍ക്ക് പിന്നാലെ കാണാതായ സ്ത്രീകളെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് രമ്യയുടെ തിരോധാനത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം പുറത്ത് വന്നത്.
രമ്യയുടെ തിരോധാനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വീട്ടുകാരും പോലീസിനെ സമീപിച്ചിരുന്നു. സജീവനില്‍ നിന്നും പോലീസ് വിശദമായി മൊഴി എടുക്കവേയാണ് ക്രൂരമായ കൊലപാതക വിവരം ഇയാള്‍ തന്നെ തുറന്ന് പറഞ്ഞത്. രമ്യയെ കൊന്ന ശേഷം വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്നുളള സ്ഥലത്താണ് കുഴിച്ചിട്ടത്. 2021 ഒക്ടോബര്‍ 16ന് ആണ് രമ്യയെ സജീവന്‍ കൊലപ്പെടുത്തിയത്.

രമ്യയെ കുറിച്ചുളള സംശയങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ സംഭവ ദിവസം വാക്കേറ്റമുണ്ടായിരുന്നു. അന്ന് രമ്യയ്ക്ക് വന്ന ഒരു ഫോണ്‍ കോളിനെ തുടര്‍ന്നായിരുന്നു വഴക്ക്. തുടര്‍ന്ന് സജീവന്‍ ഭാര്യയെ കഴുത്തില്‍ കയറിട്ട് കുരുക്കിയാണ് കൊലപ്പെടുത്തിയത്. ഈ സമയം ഇവരുടെ മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. അന്ന് പകല്‍ മുഴുവന്‍ വീടിനുളളില്‍ തന്നെ രമ്യയുടെ മൃതദേഹം സജീവന്‍ സൂക്ഷിച്ചു. രാത്രിയാണ് വീടിന് പുറത്ത് കുഴിയെടുത്ത് മൃതദേഹം മറച്ചത്. അമ്മയെ അന്വേഷിച്ച മക്കളോട് സജീവന്‍ പറഞ്ഞത് അമ്മ മറ്റൊരാള്‍ക്കൊപ്പം പോയി എന്നായിരുന്നു.
രമ്യയുടെ വീട്ടുകാരോടും അയല്‍ക്കാരോടുമൊക്കെ പറഞ്ഞിരുന്നത് ബെംഗളൂരുവില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ വേണ്ടി പോയി എന്നായിരുന്നു. ചോദിക്കുന്നവരോട് ഇത് തന്നെ പറയണമെന്ന് ഇയാള്‍ കുട്ടികളേയും പറഞ്ഞ് പഠിപ്പിച്ചിരുന്നു. കുട്ടികള്‍ രമ്യയുടെ വീട്ടില്‍ പോകുമ്പോള്‍ അമ്മയെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് സജീവന്‍ പറഞ്ഞ് പഠിപ്പിച്ച മറുപടികളാണ് നല്‍കിയിരുന്നത്. ഇതിലെ പൊരുത്തക്കേടുകള്‍ മനസ്സിലായപ്പോഴാണ് സംശയം തോന്നി രമ്യയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുന്നത്. രമ്യയെ കാണാതായി ആറ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അത്. വാച്ചാക്കലില്‍ സജീവനും രമ്യയും വാടക വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. വീടിന് മുന്നില്‍ നിന്ന് രമ്യയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു.












Click it and Unblock the Notifications