തിരുവഞ്ചൂരിനെ കോണ്‍ഗ്രസ് കൊത്തിവലിക്കുന്നു?
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കസേരയ്ക്ക് ഇപ്പോള്‍ തീരെ ബലമില്ലാതായിരിക്കുകയാണ്. മുമ്പ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഈ കസേരയ്ക്ക് ചെറിയൊരു ഭീഷണി ഉയര്‍ന്നിരുന്നു. മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് രണ്ടാം സ്ഥാനം തന്നെ നല്‍കണമെന്ന് ഐഗ്രൂപ്പ് നിര്‍ബന്ധം പിടിച്ചപ്പോള്‍ ആദ്യം ഉദിച്ച ആശയം ഉപമുഖ്യമന്ത്രി പദമായിരുന്നെങ്കിലും അത് നടപ്പില്ലെന്നായപ്പോള്‍ ആഭ്യന്തരം വേണമെന്നായി.
അപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു, ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യില്‍ ഭദ്രമാണെന്നും ഒരു കാരണവുമില്ലാതെ അദ്ദേഹത്തില്‍ നിന്ന് തിരിച്ചുവാങ്ങാന്‍ കഴിയില്ലെന്നും. കുറച്ച് പൊല്ലാപ്പൊക്കെ ഉണ്ടായെങ്കിലും സോളാറും മറ്റും ഉദിച്ചപ്പോള്‍ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു. ആഭ്യന്തരം വിട്ടുകൊടുക്കാതെ തിരുവഞ്ചൂരും രക്ഷപ്പെട്ടു.
അന്ന് പക്ഷെ തിരുവഞ്ചൂരിന്റെ ഭാഗം പറയാന്‍ ഐ ഗ്രൂപ്പ് ഒഴികെ മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍ ടിപി വധക്കേസിലെ അന്വേഷണത്തിലും മറ്റും വന്ന വീഴ്ചയോടെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം തിരുവഞ്ചൂരിനെ കയ്യൊഴിഞ്ഞമട്ടാണ്. കെ സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തിരുവഞ്ചൂരിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഒന്നടങ്കം പരമാര്‍ശിച്ച് വിമര്‍ശനം നടത്തുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ മൗനം പാലിക്കുകയാണ്.
ടിപി വധക്കേസില്‍ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിച്ചതുകൂടാതെ നേരത്തെ ജയിലില്‍ കഴിയുന്ന മോഹനന്‍ മാസ്റ്റര്‍
ക്ക് ഭാര്യ കെകെ ലതികയെ കാണാന്‍ റസ്‌റ്റോറന്റില്‍ ഏമാന്‍മാര്‍ സൗകര്യം ഒരുക്കികൊടുത്തതും ഇപ്പോള്‍ എണ്ണിപ്പറയാനുള്ള കാരണങ്ങളിലൊന്നായി. ടിപി വധക്കേസിലെ 20 പ്രതികളെ കുറ്റവിമുക്തരാക്കിയപ്പോള്‍ അപ്പീല്‍ പോകുമെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ തിയ്യതി കഴിഞ്ഞിട്ടും അത്തരത്തിലൊരു നീക്കം നടത്താതിരുന്നതും സംശയകരമാണെന്നാണ് നേതാക്കളുടെ വിമര്‍ശനം
തിരുവഞ്ചൂരിന്റെ രാജിയാവശ്യപ്പെടുന്ന ചില നേതാക്കളെ കാണാം

കെ സുധാകരന്‍
കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും കെ സുധാകരന്‍ തുറന്നടിച്ചത്. ടിപി കേസിന്റെ അന്വേഷണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്ന് കെ സുധാകരന്‍ എംപി. ടിപി കേസിന്റെ അന്വേഷണം പി മോഹനന്‍ മാസറ്റര്‍ക്കപ്പുറത്തേക്ക് പോയില്ല. ഇത് ആരെസഹായക്കാനെന്ന് വ്യക്തമാണ്. ഉന്നത നേതൃത്വത്തിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ പോലീസ് ചട്ടം വരെ അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

രമേശ് ചെന്നിത്തല
ആഭ്യന്തര വകുപ്പിന് വീഴ്ച്ച പറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

പിസി ജോര്‍ജ്
വലിയൊരു അപചയമാണ് സംഭവിച്ചിരിക്കുന്നത്. യുഡിഎഫിന് നാണക്കേടായിപ്പോയി. ഇത്രയും വലിയ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

കണ്ണൂര്‍ ഡിസിസി
തിരവഞ്ചൂരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കണ്ണൂര്‍ ഡിസിസി നടത്തുന്നത്. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസിയും കെഎസ്‌യുവും ഹൈക്കമാന്റിന് കത്തയച്ചു.

കെ മുരളീധരന്‍
തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെ മുരളീധരന്‍ എംഎല്‍എ. എന്നാല്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടില്ലെന്നും മുരളി വ്യക്തമാക്കി.

മുല്ലപ്പള്ളിരാമചന്ദ്രന്‍
ആഭ്യന്തര വകുപ്പിന് ഗുരുതരമായ വീഴ്ച പറ്റി. പക്ഷെ ഇക്കാര്യത്തില്‍ തിരുവഞ്ചൂരിനെ കെ സുധാകരന്‍ വിമര്‍ശിച്ചതുപോലെ തനിക്ക് വമര്‍ശിക്കാന്‍ കഴിയില്ലെന്നായിരുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം

ഇടി മുഹമ്മദ് ബഷീര്‍
ഐ വിഭാഗത്തിന് പുറമെ മുസ്ലീം ലീഗിനും ആഭ്യന്തര മന്ത്രിയോട് പഴയ സ്‌നേഹമില്ല. ജയിലില്‍ ടിപി വധക്കേസ് പ്രതികള്‍ക്ക് സുഖസൗകര്യം ലഭിച്ചതില്‍ ആഭ്യന്തര മന്ത്രിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ തങ്ങള്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വാക്കുകളില്‍ തിരുവഞ്ചൂരിനോടുള്ള നീരസം പ്രകടമാണ്.

തിരുവഞ്ചൂര്‍
വിമര്‍ശനങ്ങളെല്ലാം കേട്ടിരിക്കാം എന്നല്ലാതെ തിരുവഞ്ചൂരിനും ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. വിഷയത്തില്‍ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ച ശേഷം പ്രതികളെ കൂട്ടത്തോടെ സ്ഥലം മാറ്റാം എന്ന പറഞ്ഞ് തത്കാലം പ്രശ്‌നത്തെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് തിരുവഞ്ചൂര്‍


Click it and Unblock the Notifications