സരിതക്ക് പിന്നെയും പരാതി
കൊച്ചി: തനിക്ക് പരാതി ബോധിപ്പിക്കാനുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ ബോധിപ്പിച്ചു. എറണാകുളത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് സരിത ഇക്കാര്യം അറിയിച്ചത്. പരാതി അഭിഭാഷകന്‍ മുഖേന എഴുതി നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സരിതയുടെ അഭിഭാഷകന്‍ ജയിലില്‍ എത്തി സരിതയില്‍ നിന്ന് പരാതി എഴുതി വാങ്ങും എന്നാണ് ലഭിക്കുന്ന വിവരം.
എല്ലാം കാത്തിരുന്ന് കാണാം എന്നാണ് സരിത പറഞ്ഞത്. സരിതയെ മന്ത്രിമാര്‍ ഉപയോഗിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശം ഉണ്ട് എന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ സത്യവിരുദ്ധമാണെന്നും സരിത പറഞ്ഞു. ടീം സോളാറിന്‍റെ പേരില്‍ വിമാന ടിക്കറ്റുകള്‍ എടുത്ത് പണം നല്‍കാത്തതിന് ട്രാവല്‍ ഏജന്‍സി കൊടുത്ത കേസിലാണ് സരിതയെ എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയത്.

സോളാര്‍ തട്ടിപ്പ് കേസില്‍ വിവിധ കോടതികളിലായി 33 കേസുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ ഭൂരിപക്ഷം കേസുകളിലും സരിതക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ബാക്കി പല കേസുകളും കോടതിക്ക് പുറത്ത് വച്ച് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നാണ് വിവരം.
സരിത ജയിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കേരള രാഷ്ട്രീയത്തെ സോളാര്‍ തട്ടിപ്പ് വീണ്ടും കലുഷിതമാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ പറഞ്ഞതിനെ സരിത നിഷേധിക്കുന്നുണ്ടെങ്കിലും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.
സരിത രഹസ്യമായി ചിത്രീകരിച്ച വീഡിയോകളള്‍ മാത്രമല്ല, സരിതയുടെ സ്വകാര്യ ഡയറിയും കയ്യില്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. വിഷയത്തില്‍ കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍, മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ പുറത്ത് വിട്ടത് ബിജു രാധാകൃഷ്ണന്‍ ആയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞു.












Click it and Unblock the Notifications