ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി ഭർത്താവ് മുങ്ങി; വീട്ടുകാർ വീട്ടിൽ പരിശോധിച്ചപ്പോൾ കണ്ടത് അഴുകിയ മൃതദേഹം

ഇടുക്കി; കാഞ്ചിയാറിൽ 27 കാരിയായ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വൽസമ്മയുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബെഡ് ഷീര്റ് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതായി. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അനുമോൾ എന്ന വത്സമ്മയെ കാണാതായത്. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. സ്കൂളിലെ വാർഷികാഘോഷമായിരുന്നു ശനിയാഴ്ച. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച വത്സമ്മ വീട്ടിലേക്ക് പോയത്. എന്നാൽ ശനിയാഴ്ച സ്കൂളിലെത്തിയില്ല. ഇതിനിടയിൽ മകൾ വീട്ടിൽ നിന്നും ഇറങ്ങി പോയെന്ന് അനുമോളുടെ ഭർത്താവ് ബിജേഷ് യുവതിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അനുമോളുടെ മാതാപിതാക്കൾ വീട്ടിലെത്തി. എന്നാൽ വീടിനുള്ളിൽ ഇരുവരും കടക്കുന്നില്ലെന്ന് ബിജേഷ് ഉറപ്പാക്കി. സംസാരിച്ച് മടങ്ങിയ കുടുംബം കട്ടപ്പന പോലീസിൽ മകളെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു.
പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ പലപ്പോഴായി അനുമോളുടെ കുടുംബം യുവതിയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെങ്കിലും കോൾ ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചു. എന്നാൽ പെട്ടെന്ന് തന്നെ കട്ടാക്കുകയും ചെയ്തു. ഇതേ തുടർന്ന് സംശയം തോന്നിയ കുടുംബം വീണ്ടും പോലീസിലെത്തി വിവരം ധരിപ്പിച്ച് മടങ്ങി. അനുമോളുടെ പിതാവും സഹോദരും ചേർന്ന് പിന്നാലെ അനുവും ബിജേഷും താമസിച്ചിരുന്ന വീട്ടിലേക്കായിരുന്നു പോയത്. ഇവിടെ എത്തിയപ്പോൾ ബിജേഷ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
വീട് പരിശോധിച്ചപ്പോഴാണ് ബിജേഷിനെ കാണാനില്ലെന്ന് കുടുംബം മനസിലാക്കിയത്. ഇതോടെ അനുമോളുടെ സഹോദരൻ അലക്സും പിതാവും ചേർന്ന് വീടിന്റെ വാതിൽ തല്ലി പൊളിച്ച് അകത്ത് കടന്നു. വീടിന് അകത്ത് കടന്നപ്പോൾ തന്നെ അസഹ്യമായ ദുർഗന്ധമായിരുന്നു അനുഭവപ്പെട്ടത്. തുടർന്ന് കുടുംബം പരിശോധിച്ചപ്പോൾ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുടുംബം കട്ടപ്പന പോലീസിൽ വിവരം അറിയിച്ചു.
കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുടെയും അടുത്ത ദിവസം പരിശോധന നടത്തും. ബിജേഷ് തന്നെയാകും കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതപെടുത്തി. ബിജേഷും ഭാര്യയും തമ്മിൽ നാളുകളായി പ്രശ്നം ഉണ്ടായിരുന്നുവെന്നാണ് അടുപ്പക്കാർ പറയുന്നത്.












Click it and Unblock the Notifications