മുഖ്യമന്ത്രി ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനാണ് ശ്രമിക്കുന്നത്-കെസി വേണുഗോപാൽ

തിരുവനന്തപുരം: ജിഎസ്ടി വിഹിതം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് കെസി വേണുഗോപാൽ. കേന്ദ്ര സര്‍ക്കാര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി നല്‍കാന്‍ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാല്‍ തയ്യാറാകണം. നിര്‍മലാ സീതാരാമന്റെ ആരോപണം ശരിയാണെങ്കില്‍ അതീവ ഗൗരവമുള്ള വിഷയമാണത്. അതല്ല, കേന്ദ്ര ധനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിവുസഹിതം കേരളാ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും തയ്യാറായാല്‍ സഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര ധനമന്ത്രിയെ ചോദ്യം ചെയ്യാനും മാപ്പുപറയിക്കാനും കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രിവിലേജ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകും.
അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ ചോദ്യം ചോദിച്ചാല്‍ അപകീര്‍ത്തികരമാകുന്നത് എങ്ങനെയാണ്? ലോക്‌സഭയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മോദിയും അദാനിയും വിമാനത്തില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകള്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് രാഹുൽ ഗാന്ധി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലെ അദാനിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രാഹുലിന്റെ ചോദ്യത്തെ മോദി എന്തിനാണ് ഭയപ്പെടുന്നത്? ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരമില്ലാത്തിനാലാണ് മോദിയും കൂട്ടരും ഒളിച്ചോടുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനാണ് ശ്രമിക്കുന്നത്-കെസി വേണുഗോപാൽ
സ്വന്തം നാടിന്റെ മുഖ്യമന്ത്രി സഞ്ചരിക്കാൻ റോഡിലിറങ്ങുന്നത് ഇന്ന് കേരളത്തിന് ഒരു പേടിസ്വപ്നമാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു.. പണ്ടുകാലത്തെ തമ്പ്രാക്കന്മാരെ അനുസ്മരിപ്പിക്കും വിധം താൻ പുറത്തിറങ്ങുമ്പോൾ, തന്റെ പ്രജകൾ വഴിയിൽ വരാതെ വീട്ടിലിരുന്നുകൊള്ളണം എന്ന നിലയ്ക്ക് പെരുമാറുന്ന മുഖ്യമന്ത്രി ജനങ്ങളെയാകമാനം ഭയപ്പെടുത്തി ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഇന്നലെ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയാണെന്ന കാരണത്താൽ സ്വന്തം കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ രക്ഷകർത്താവിനെയും മരുന്ന് നൽകാൻ തയ്യാറായ മെഡിക്കൽ സ്റ്റോറുകാരനെയും ഭീഷണിപ്പെടുത്തുന്ന പോലീസ് രാജിനാണ് കേരളം സാക്ഷ്യം വായിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. ജനാധിപത്യപരമായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഒരു പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഒരു പുരുഷ പോലീസ് കൈയേറ്റം ചെയ്ത കാഴ്ച അംഗീകരിക്കാൻ കഴിയുന്നതല്ല. ആ പോലീസുകാരനെതിരെ നടപടി സ്വീകരിക്കാതെ ജനവിരുദ്ധ നടപടികളുമായി വീണ്ടും മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും കൊണ്ടുനടക്കാത്ത സുരക്ഷയുമായി, എണ്ണമറ്റ അകമ്പടി വാഹനങ്ങളുടെ പിന്തുണയോടെയാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തുകൂടി സഞ്ചരിക്കുന്നത്. ആരെ ഭയന്നാണ് മുഖ്യമന്ത്രി ഇങ്ങനെ പേടിച്ചോടുന്നത്? ഊരിപ്പിടിച്ച കത്തിക്കും ഉയർത്തിപ്പിടിച്ച വടിവാളിനും ഇടയിൽക്കൂടി നടന്നെന്ന് അവകാശപ്പെടുന്ന അതേ പിണറായി വിജയൻ തന്നെയല്ലേ രണ്ട് കരിങ്കൊടികളെ ഭയന്ന് പോലീസ് വലയത്തിൽ അഭയം പ്രാപിക്കുന്നത്? സ്വയം അപഹാസ്യനാവുകയല്ലാതെ മറ്റൊന്നുമല്ല മുഖ്യമന്ത്രീ നിങ്ങൾ ചെയ്യുന്നത്.
എന്നാൽ ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയെന്ന് ഇന്നലത്തെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ജനത ഭരണാധികാരികൾക്കെതിരെ പ്രതികരിക്കുന്ന ജനാധിപത്യത്തിന്റെ ഏറ്റവും മനോഹാരിതയുള്ള കാഴ്ച കേരളത്തിൽ കണ്ടുതുടങ്ങിയിരിക്കുന്നു. ക്ഷമയുടെ നെല്ലിപ്പടി കണ്ട ജനം തെരുവിലിറങ്ങിത്തന്നെ പ്രതിഷേധിക്കും. ഭയപ്പെടുത്താൻ ശ്രമിക്കുന്ന നിങ്ങളാണ് യഥാർത്ഥ ഭീരുവെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി', കെസി പറഞ്ഞു.












Click it and Unblock the Notifications