ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ നിന്നും ഉടൻ മടങ്ങിയേക്കും
Recommended Video

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും വിയോഗം തീർത്ത ദുഖം എന്നും മലയാളികളെ വിട്ടുപോയിട്ടില്ല. തികച്ചും അപ്രതീക്ഷിതമായാണ് വിധി ബാലഭാസ്കറിനെ തട്ടിയെടുത്തത്. ബാലഭാസ്കറും മകളും യാത്രയായപ്പോൾ തനിച്ചായത് ബാലയുടെ സ്വന്തം ലക്ഷ്മിയാണ്.
ഗുരുതരമായ പരുക്കുകളോടെ ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിനുണ്ടായ മുറിവുകളേക്കാൾ പ്രിയതമന്റെയും മകളുടെയും നഷ്ടമായിരുന്നു ലക്ഷ്മിയെ തളർത്തിയത്. ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നുവെന്ന റിപ്പോർട്ടുകളാണ് ആശുപത്രിയിൽ നിന്നും വരുന്നത്. ബാലഭാസ്കറിന്റെ സുഹൃത്തുകൂടിയായ സ്റ്റീഫൻ ദേവസിയാണ് ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

ലക്ഷ്മി തിരികെ വരുന്നു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ലക്ഷ്മി ചികിത്സയിൽ കഴിയുന്നത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് താൻ വിവരങ്ങൾ ചോദിച്ച് മനസിലാക്കി. ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സ്റ്റീഫൻ ദേവസ്സി അറിയിച്ചു.

ആശുപത്രിയിൽ നിന്നും മടങ്ങും
സെപ്റ്റംബർ ഇരുപ്പത്തിയഞ്ചാം തീയതിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവാ കാർ അപകടത്തിൽപെടുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാൾ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ലക്ഷ്മി ഉടൻ തന്നെ ആശുപത്രി വിട്ടേക്കുമെന്ന സൂചനയാണ് സ്റ്റീഫൻ ദേവസ്സി പങ്കുവയ്ക്കുന്നത്.

ഗുരുതര പരുക്കുകൾ
ലക്ഷ്മിയുടെ ആന്തരീകാവയവങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തിലും ശരീരത്തെ പല ഭാഗത്തുമേറ്റ പരുക്കുകൾ ഭേദമായി വരികയാണ്. ലക്ഷ്മിയുടെ കൈമുട്ടുകൾക്കും കാൽമുട്ടുകൾക്കും ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ തലച്ചോറിനും കഴുത്തെല്ലുകൾക്കും ശ്വാസകോശത്തിനുമായിരുന്നു ഗുരുതര പരുക്കുകളേറ്റത്.

അപ്രതീക്ഷിത വിയോഗം
തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്ത് വെച്ചായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ മരത്തിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. മകളുടെ പേരിലുള്ള വഴിപാടുകൾ നടത്താനായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം സംഭവിച്ചത്.

കാറോടിച്ചത് ബാലഭാസ്കർ
ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് സുഹൃത്തും ഡ്രൈവറുമായ അർജുൻ പിന്നീട് വ്യക്തമാക്കുകയായിരുന്നു. അപകട സമയം ലക്ഷ്മിയും തേജസ്വിനിയും മുൻ സീറ്റിലായിരുന്നു ഇരുന്നത്.

ബാലഭാസ്കറും തേജസ്വിനിയും
അപകട സ്ഥലത്തുവെച്ചു തന്നെ ഇരുവരുടെയും മകൾ തേജസ്വിനി മരിക്കുകയായിരുന്നു. 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ലക്ഷ്മിക്കും ബാലഭാസ്കറിനും ലഭിച്ച സൗഭാഗ്യമായിരുന്നു തേജസ്വിനിയെന്ന ജാനി. ഗുരുതരമായി പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന വാർത്തകൾ വരുന്നതിനിടെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ബാലഭാസ്കറും യാത്രയാകുന്നത്.

മരണവിവരം
ബാലഭാസ്കറിന്റെയും തേജസ്വിനിയുടേയും മരണ വാർത്താ ലക്ഷ്മിയുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ ഏറെ വൈകിയാണ് ഇരുവരുടെയും വിയോഗം ലക്ഷ്മിയെ അറിയിച്ചത്. ബാലഭാസ്കറിനേയും ജാനിയേയും അവസാനമായി ഒന്നു കാണാൻ പോലും ലക്ഷ്മിക്ക് കഴിഞ്ഞില്ല. ബോധം വീണപ്പോഴൊക്കെ കുഞ്ഞിനെ തിരക്കിയെങ്കിലും ചികിത്സയിലാണെന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു.
വീഡിയോ
സ്റ്റീഫൻ ദേവസ്സി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ












Click it and Unblock the Notifications