പയ്യന്നൂർ, ഐതിഹാസികമായ ബർദോളി പോരാട്ടത്തിന്റെ കേരള പതിപ്പ്; സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ ഭൂമിക
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരാണ് ബർദോളി. കർഷകർക്ക് മേൽ 30 ശതമാനം വരെ നികുതി ചുമത്തിയ ബോംബെ പ്രവിശ്യ ഗവൺമെന്റിനെതിരെ പോരാടാൻ തന്നെയായിരുന്നു കർഷകരുടെ തീരുമാനം. കിടപ്പാടമടക്കം പിടിച്ചെടുത്തും ക്രൂരമായ മർദ്ദനമുറകൾക്ക് ഇരകളായിട്ടും കർഷകരുടെ പോരാട്ടവീര്യം തകർക്കാനായില്ല. ബർദോളിയുടെ പോരാട്ടവീര്യം രാജ്യത്ത് പടരാൻ തുടങ്ങിയതോടെ അപകടം മണത്ത ബ്രിട്ടീഷുകാർ നികുതി വർദ്ധനവ് നിരുപാദികം പിൻവലിച്ചു.
ഐതിഹാസികമായ പോരാട്ടം നടത്തിയ ആ ബർദോളിക്ക് കേരളത്തിലുമുണ്ടൊരു പതിപ്പ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണ്ടാം ബർദോളി ആയാണ് കണ്ണൂരിലെ പയ്യന്നൂരിനെ രേഖപ്പെടുത്തിയത്. പയ്യന്നൂരിൽ നിന്ന് തുടക്കമിട്ട് മദ്രാസ് പ്രവിശ്യയാകെ പടർന്ന ബ്രിട്ടീഷ് വിരുദ്ധ കർഷക പ്രക്ഷോഭം തന്നെയാണ് ഇതിന് പ്രധാന കാരണം.

1928 ൽ സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധത്തോടെയായിരുന്നു പയ്യന്നൂർ സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ മുൻനിരയിൽ എത്തിയത്. അന്ന് സൈമൺ കമ്മീഷന് ഗോ ബാക്ക് വിളിച്ച് തെരുവിലിറങ്ങിയത് മൊയ്യാരത്ത് ശങ്കരൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു. ഇതേ വർഷം മേയ് 25 മുതൽ 27 വരെ ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ ഓൾ കേരള പൊളിറ്റിക്കൽ കോൺഫറൻസ് പയ്യന്നൂരിൽ നടക്കുന്നത്. യോഗത്തിലായിരുന്നു ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും പൂർണസ്വാതന്ത്ര്യമാണ് നമ്മൾക്ക് വേണ്ടതെന്ന പ്രഖ്യാപനം ഉണ്ടായത്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ഇത്.
1930ൽ ഗാന്ധിജി ദണ്ഡിയിലേക്ക് ഉപ്പുകുറുക്കാൻ പോയപ്പോൾ കെ കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന ഉപ്പ് സത്യാഗ്രഹം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറ്റൊരു അധ്യായമായിരുന്നു. പയ്യന്നൂരിലെ ഉളിയത്ത് കടവിലായിരുന്നു നിയമലംഘന സമരം നടന്നത്. ഏപ്രിൽ 13 ന് കോഴിക്കോട്ട് നിന്നായിരുന്നു യാത്ര ആരംഭിച്ചത്.വലിയ വരവേൽപ്പോടെ ആരംഭിച്ച യാത്ര ഏപ്രിൽ 21 ന് പയ്യന്നൂരിലെത്തി. അങ്ങനെ ഏപ്രിൽ 23 ന് ഉപ്പുകുറുക്കി നിയമം ലംഘിച്ച് പയ്യന്നൂരിലെ ഉളിയത്ത് കടവും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുർണഭൂമിയായി അടായപ്പെടുത്തി, രണ്ടാം ബർദോളിയെന്ന പേര് ലഭിച്ചു. ബോംബെ ക്രോണിക്കിളിൽ വന്ന ലേഖനത്തിലായിരുന്നു രണ്ടാം ബർദോളിയെന്ന് പയ്യന്നൂരിനെ വിശേഷിപ്പിച്ചത്.
പലപ്പോഴായി ഗാന്ധിജി കേരളത്തിലെത്തിയെങ്കിലും മലബാർ പര്യടനത്തിന്റെ ഭാഗമായി ഗാന്ധിജി ആദ്യം എത്തിയത് പയ്യന്നൂരിലായിരുന്നു. ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുകയായിരുന്നു ലക്ഷ്യം. 1934 ജനുവരി 12ന് പയ്യന്നൂരിലെത്തിയ മഹാത്മാഗാന്ധി അയിത്തോച്ചാടനത്തിന്റെ ഭാഗമായി സ്വാമി ആനന്ദതീർത്ഥനെ സന്ദർശിക്കുകയും ശ്രീനാരായണ വിദ്യാലയം വളപ്പിൽ മാവിൻതൈ നടുകയും ചെയ്തിരുന്നു. ഗാന്ധി മാവ് എന്നാണ് ഇത് അറിയപ്പെടുന്നത്.
പയ്യന്നൂർ പോലീസ് വേസ്റ്റഷന് മുന്നിൽ വെച്ചായിരുന്നു ബ്രിട്ടീഷ് പട്ടാളത്തെ വെല്ലുവിളിച്ച് കൊണ്ട് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാളികൾ യൂണിയൻ ജാക്ക് വലിച്ചു താഴ്ത്തി ദേശീയ പതാക ഉയർത്തി കെട്ടിയത്. 1942 ലായിരുന്നു ഇത്. സഹന സമരങ്ങൾക്ക് മാനം നൽകിയ ഇതേ പോലീസ് സ്റ്റേഷനിലാണ് ഇന്ന് മഹാത്ഗാന്ധിയുടെ പേരിലുള്ള സ്മൃതി മ്യൂസിയം പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications