Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരും കരയരുത്, സ്വാതന്ത്ര്യസമരത്തില്‍ ശഹീദായാല്‍ നല്ലതല്ലേ'; വടക്കുവീട്ടില്‍ മമ്മുദിന്റെ ജീവിതം, പോരാട്ടം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ തീര്‍ച്ചയായും പ്രഥമസ്ഥാനങ്ങളില്‍ ഉണ്ടാകേണ്ട ഒന്നാണ് പൂക്കോട്ടൂര്‍ യുദ്ധം. സ്വാതന്ത്ര്യസമരത്തിലെ തന്നെ ഏകയുദ്ധം എന്നാണ് പൂക്കോട്ടൂര്‍ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്. തോക്കും പീരങ്കിയുമടക്കമുള്ള ആധുനിക ആയുധങ്ങളുമായെത്തിയ ബ്രിട്ടീഷുകാരോട് വടക്കുവീട്ടില്‍ മമ്മുദുവിന്റെ നേതൃത്വത്തില്‍ ആണ് മലബാറിലെ മുസ്ലീങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടിയത്.

കോവിലകത്തെ കാര്യസ്ഥനായിരുന്നു മമ്മുദു. മമ്മുദുവിന്റെ കുടുംബം നൂറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ധീരസ്മരണകളില്‍ കഴിയുകയാണ്. മമ്മുദു എങ്ങനെയാണ് സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിചേര്‍ന്നത് എന്നും പൂക്കോട്ടൂര്‍ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളും വാമൊഴിയായി പകര്‍ന്ന് കിട്ടിയ അറിവ് വെച്ച് അദ്ദേഹത്തിന്റെ പേരമകന്‍ ഇബ്രാഹിം വടക്കുവീട്ടില്‍ വണ്‍ഇന്ത്യ മലയാളത്തോട് പങ്ക് വെക്കുകയാണ്.

1921 Pookkottur War

വടക്കുവീട്ടില്‍ മമ്മൂദിന്റെ മരുമകള്‍ ഖദീജയും പേരക്കുട്ടി ഇബ്രാഹിമും

'പൂക്കോട്ടൂര്‍ കോവിലകത്തെ കാര്യസ്ഥനായിരുന്നു വടക്കുവീട്ടില്‍ മമ്മുദു. തമ്പ്രാനുമായി നല്ല നിലയില്‍ സൗഹൃദത്തിലായി ഒരുമിച്ച് ജോലി ചെയ്ത് പോന്നിരുന്ന കാലം. ആയിടക്കാണ് ഗാന്ധിജിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നത്. ഖിലാഫത്ത് പ്രസ്ഥാനവും ആയിടക്ക് ശക്തിപ്പെട്ട് വരികയായിരുന്നു. അങ്ങനെയാണ് അതിന്റെ സെക്രട്ടറിയായി വടക്കുവീട്ടില്‍ മമ്മുദിനെ തിരഞ്ഞെടുക്കുന്നത്.

അതിന് ശേഷം തമ്പ്രാനും മമ്മുദും തമ്മില്‍ ഒരു അസ്വാരസ്യം ഉടലെടുത്തു. തമ്പ്രാന്‍ ബ്രിട്ടീഷ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. വല്യുപ്പ ബ്രിട്ടീഷുകാര്‍ക്കെതിരേയും. ആയിടക്കാണ് കോവിലകത്തെ പത്തായപ്പുര പൊളിക്കാന്‍ കരാര്‍ കൊടുക്കുന്നത്. വല്ല്യുപ്പ സുഹൃത്തുക്കളുമായി വന്ന് ആ ജോലി ചെയ്ത് കൊടുത്തു. എന്നാല്‍ നേരത്തെ പറഞ്ഞുറപ്പിച്ച പണം മുഴുവനും പ്രതിഫലമായി കൊടുക്കാന്‍ തമ്പ്രാന്‍ തയ്യാറായില്ല.

ഇത് സമ്മതിക്കാതിരുന്ന വല്ല്യുപ്പ 'വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം' എന്ന് പറഞ്ഞ് പണം പിടിച്ചുവാങ്ങി. ഇത് തമ്പ്രാന് വലിയ അപമാനമായി. അതിന് ശേഷം ഇവനെ ഒതുക്കണം എന്നൊരു ചിന്ത തമ്പ്രാന് വന്നു. എല്ലാ വ്യാഴാഴ്ചയും സ്വന്തം വീട്ടിലേക്ക് പോകുന്ന പതിവ് വല്ല്യുപ്പയ്ക്കുണ്ടായിരുന്നു. ആ ദിവസം കോവിലകത്ത് കള്ളന്‍ കയറുകയും ആധാരങ്ങളും തോക്കുമെല്ലാം മോഷണം പോകുകയും ചെയ്തു.

1921 Pookkottur War

ഇത് മമ്മുദു ചെയ്തതാണ് എന്ന് പറഞ്ഞ് കൊണ്ട് മലപ്പുറം സിഐയുടെ അടുത്ത് പരാതി കൊടുത്തു. ഖിലാഫത്ത് പോരാളികളെ പൊലീസ് തിരഞ്ഞ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. പിറ്റേദിവസം വല്ല്യുപ്പാനെ അറസ്റ്റ് ചെയ്യാനായി പൊലീസും സംഘവും എത്തി. ആ സമയം ആളുകളെല്ലാം ഓടികൂടി. വലിയ ആള്‍ക്കൂട്ടം തന്നെ അവിടെ രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ മമ്മുദുവിനെ അറസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ല എന്ന് മനസിലാക്കിയ പൊലീസ് തങ്ങള്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണ് എന്നും ഖിലാഫത്ത് പ്രസ്ഥാനത്തിന് എതിരല്ല എന്നും പറഞ്ഞ് തിരിച്ചുപോയി.

എന്നാല്‍ പൂക്കോട്ടൂരില്‍ ഗവണ്‍മെന്റിനെതിരെ ജനങ്ങള്‍ സംഘടിച്ചിട്ടുണ്ട് എന്ന തരത്തിലായിരുന്നു പൊലീസ് ഉന്നത മേധാവികള്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തത്. ശേഷം 1921 ആഗസ്റ്റ് 25 ന് കോഴിക്കോട് നിന്ന് ഒരു പട്ടാളസംഘം ഇവരെ അമര്‍ച്ച ചെയ്യാന്‍ വേണ്ടി വരികയായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട ഖിലാഫത്ത് പോരാളികളും തിരിച്ചടിക്കാന്‍ തയ്യാറായി നിന്നു. ഭാര്യയേയും മക്കളേയും സുരക്ഷിതമായി പുല്ലാര എന്ന സ്ഥലത്ത് കൊണ്ടാക്കിയാണ് വല്ല്യുപ്പ യുദ്ധത്തിന് വന്നത്.

'ഞാന്‍ നാളെ യുദ്ധത്തിന് പോകുകയാണ്. ഇനി മഹ്ശറില്‍ കാണാം' എന്നായിരുന്നു അദ്ദേഹം ഭാര്യയോട് പറഞ്ഞത്. തന്റെ ഓര്‍മ്മയ്ക്കായി കൈയിലെ മോതിരവും ഭാര്യയ്ക്ക് കൊടുത്തു. ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരെല്ലാം കരഞ്ഞു. അപ്പോള്‍ വല്ല്യുപ്പ പറഞ്ഞു, 'ഞാന്‍ ഒരു പുണ്യകര്‍മ്മത്തിനാണ് പോകുന്നത്. ആരും കരയരുത്. സ്വാതന്ത്ര്യസമരത്തില്‍ ശഹീദായാല്‍ സ്വര്‍ഗം കിട്ടും' എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചാണ് അവിടെ നിന്ന് പുറപ്പെട്ടത്.

1921 Pookkottur War

പൂക്കോട്ടൂരിനും പിലാക്കലിനും ഇടയില്‍ വെച്ച് പട്ടാളക്കാരെ നേര്‍ക്കുനേര്‍ നേരിടാനായിരുന്നു പദ്ധതി. ഇത് പ്രകാരം തോക്കും പീരങ്കിയുമടക്കം സായുധരായ പട്ടാളത്തെ നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് നേരിട്ടു. നാനൂറോളം രക്തസാക്ഷികളാണ് ആ യുദ്ധത്തിലുണ്ടായത്. ഒരുപാട് പട്ടാളക്കരും കൊല്ലപ്പെട്ടു. യുദ്ധത്തിന് ശേഷം അതില്‍ പങ്കെടുത്തവരുടേയും അല്ലാത്തവരുടേയും കുടുംബം നന്നായി പ്രയാസമനുഭവിച്ചു.

ഗൂര്‍ഖ പട്ടാളം വീടുകളെല്ലാം കയറി തീയിട്ട് നശിപ്പിച്ചു. ആളുകളെ വീട്ടില്‍ നിന്ന് പുറത്തിറക്കി വെടിവെച്ച് കൊന്നു. അടുത്ത പ്രദേശമായ പാപ്പിനിപ്പാറയില്‍ ഗൂര്‍ഖ പട്ടാളം വന്നപ്പോള്‍ അവിടെ ഉള്ള ആളുകള്‍ വെള്ളക്കൊടി കാണിച്ചു സമാധാനത്തിന്റെ മുദ്ര കാണിച്ചു. എന്നാല്‍ അവരുടെ അടുത്തെത്തി പട്ടാളം അവരെയും നിഷ്‌കരുണം കൊന്ന് തള്ളി. കോണോംപാറയിലെ മിക്ക വീടുകളുടെ മുന്നിലും ഖബര്‍ ഉണ്ടാകും.

അതെല്ലാം അവിടെയുണ്ടായിരുന്ന ആളുകളെ കൊലപ്പെടുത്തിയതിന്റെ അവശേഷിപ്പുകളാണ്. വീമ്പൂരില്‍ പട്ടാളം വരുന്നത് കണ്ട് കുഴിയില്‍ കുട്ടികളെ വെച്ച് ചപ്പുചവറുകളും കരിയിലകളും എല്ലാം കൊണ്ട് മൂടുകയായിരുന്നു. ആളില്ല എന്ന് കണ്ടതോടെ പട്ടാളം വീടിന് തീ വെച്ച് പോകുകയായിരുന്നു,' ഇബ്രാഹിം പറഞ്ഞു നിര്‍ത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് സമാനതകളില്ലാത്ത ഊര്‍ജം നല്‍കിയ ഒരേടാണ് പൂക്കോട്ടൂര്‍ യുദ്ധം. പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷികളാവുകയും ചെയ്തവര്‍ മാത്രമല്ല, അതിന് ശേഷം അവശേഷിച്ച അവരുടെ കുടുംബങ്ങള്‍ നേരിട്ട പ്രയാസവും ദുരിതങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ പൂക്കോട്ടൂര്‍ യുദ്ധത്തിനും മലബാര്‍ സമരത്തിനുമെല്ലാം വര്‍ഗീയ നിറം ചാര്‍ത്തുന്നതിന്റെ പ്രയാസവും ഇബ്രാഹിം പങ്കുവെക്കുന്നു.

1921 Pookkottur War

എല്ലാ കാര്യങ്ങളിലേതും എന്ന പോലെ ചില സാമൂഹ്യവിരുദ്ധര്‍ സാഹചര്യങ്ങള്‍ ചൂഷണം ചെയ്തിട്ടുണ്ടാകാം എന്നും എന്നാല്‍ അതിന്റെ പേരില്‍ സ്വാതന്ത്ര്യചരിത്രത്തിന്റെ കരുത്തുറ്റ ഏടായ പൂക്കോട്ടൂര്‍ യുദ്ധം വിസ്മൃതിയിലേക്ക് മാഞ്ഞ് പോകരുത് എന്നുമാണ് ഇബ്രാഹിം പറയുന്നത്. 35-ാമത്തെ വയസിലാണ് മമ്മുദു യുദ്ധത്തില്‍ പങ്കെടുക്കുകയും വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്യുന്നത്.

'പൂക്കോട്ടൂര്‍ യുദ്ധം ഒരിക്കലും വര്‍ഗീയ കലാപമായിരുന്നില്ല. കോവിലകത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു ഹിന്ദു കുടുംബമുണ്ട്. അവര്‍ക്കൊന്നും ഒന്നും സംഭവിച്ചിരുന്നില്ല. ആ കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയില്‍പ്പെട്ടവര്‍ ഇപ്പോഴും ഞങ്ങളുമായി സൗഹൃദത്തിലാണ്. പികെ നായര്‍ എന്നവരുടെ കുടുംബവും അവിടെ ഉണ്ടായിരുന്നു. ഒരിക്കല്‍ അമ്പലകുളത്തില്‍ നിന്ന് കുളിച്ച് വരുമ്പോള്‍ അവിടത്തെ അമ്മയും മകനും വല്യുപ്പയെ കണ്ടു.

1921 Pookkottur War

അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ അവര്‍ പേടിച്ച് പോയി. അത് കണ്ട് അവരെ സമാധാനിപ്പിച്ച് കൊണ്ട് വല്ല്യുപ്പ പറഞ്ഞു, ' ഞാനിവിടെ ഈ പൂക്കോട്ടൂരുള്ളിടത്തോളം കാലം നിങ്ങളെയാരും ഉപദ്രവിക്കില്ല. നിങ്ങള്‍ ധൈര്യമായി ജീവിച്ചോളൂ,' എന്ന്, ഇബ്രാഹിം പറയുന്നു. മമ്മുദുവിന്റെ മകന്‍ കുഞ്ഞിമ്മുവിന്റെ ഭാര്യ ഖദീജയ്ക്ക് പഴയ കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കാന്‍ പ്രയാസമുണ്ടെങ്കിലും തന്റെ ഭര്‍തൃമാതാവ് പറഞ്ഞ ചില സംഭവങ്ങള്‍ ഇപ്പോഴും മറവിയിലേക്ക് തള്ളിയിടാതെ കാത്തുസൂക്ഷിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+