സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യമന്ത്രി; 'കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃക'
സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നതെന്നും നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും എല്ലാം അതിനുപകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അപ്പോൾ മാത്രമേ സ്വാതന്ത്ര്യം കൂടുതൽ അർത്ഥപൂർണ്ണമാവൂവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്.

'ഇന്ത്യ സ്വതന്ത്രയായിട്ട് ഇന്ന് 76 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 77 ാം വർഷത്തിലേക്ക് കടക്കുകയാണ് നമ്മൾ. വൈവിധ്യങ്ങളാൽ സമൃദ്ധമായ ഇന്ത്യ ഏഴര ദശാബ്ദത്തിലധികമായി ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നു എന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനകരമാണ്.
ആയുർദൈർഘ്യത്തിന്റെ, സാക്ഷരതയുടെ, വരുമാനത്തിന്റെ ഒക്കെ കാര്യത്തിൽ 1947 നെ അപേക്ഷിച്ച് ഈ 2023 ൽ നമ്മൾ വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മൾ. ലോക ഐ ടി രംഗത്ത് ഇന്ത്യ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുർവ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നിൽക്കുന്നു. തീർച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്.
നമ്മോടൊപ്പവും തൊട്ടടുത്ത വർഷങ്ങളിലുമൊക്കെയായി സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും വലിയ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾ പോലും നമ്മൾ പിടിച്ചു നിന്നു. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മൾ നിലകൊണ്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.
അതേസമയം തന്നെ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രം എന്ന നിലയിൽ പുതിയ ദിശയിലേക്കു നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ട് എന്ന വസ്തുത നാം കാണാതെ പോകരുത്. ആ തിരിച്ചറിവാകട്ടെ മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ വലിയ ഊർജ്ജമായി തീരുകയും വേണം.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് നമ്മുടെ സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതിന്റെ ഫലമായി ഉയർന്നുവന്നതാണ് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ സവിശേഷത. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല.
എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നത്. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും എല്ലാം അതിനുപകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള നമ്മുടെ യാത്രയിൽ അവയെ എല്ലാം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. അവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അപ്പോൾ മാത്രമേ സ്വാതന്ത്ര്യം കൂടുതൽ അർത്ഥപൂർണ്ണമാവൂ.
സ്വാതന്ത്ര്യത്തിന്റെ 100 ാം വർഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കി കേരളത്തെ മാറ്റാനാണ്, വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനാണ് ഈ സർക്കാർ യത്‌നിക്കുന്നത്. നേട്ടങ്ങളെല്ലാം എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്തുകയുമാണ്.
2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വർഷംകൊണ്ട് 84 ശതമാനം വർദ്ധനവ്. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
വിവിധ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണ് നമ്മൾ നവകേരളം ഒരുക്കുക. അതിന് ഓരോ കേരളീയന്റെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാവണം. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു പ്രാധാന്യം കൊടുത്തവരാണ് നമ്മുടെ പൂർവ്വികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമ്മിതിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്.',മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications