കൊച്ചി വേറെ ലെവൽ; 800 കോടിയുടെ വ്യവസായ പാർക്ക് വരുന്നു, ഒപ്പം 150 കോടിയുടെ ലോജിസ്‌റ്റിക് ഹബ്ബും!
കൊച്ചി: നഗരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കരുത്തേകുന്ന ഒട്ടേറെ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ നഗരത്തിന്റെ മുഖം മിനുക്കുന്ന പദ്ധതികൾ മാത്രമാണ് നടപ്പിലാക്കുന്നത് എന്നാണ് പലരെങ്കിലും തെറ്റിദ്ധരിക്കുന്നത്. കാരണം മറ്റ് വമ്പൻ പദ്ധതികളെ കുറിച്ച് പലർക്കും അറിയില്ല. ധാരാളം മികച്ച പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വലിയ നിക്ഷേപവും കൂടുതൽ വ്യാപ്‌തിയുള്ള പദ്ധതികളും തന്നെയാണ് അണിയറയിൽ ഉള്ളത്.
അത്തരത്തിൽ കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ച വമ്പൻ പദ്ധതികളിൽ ഒന്നാണ് കൊച്ചിയിൽ ഒരുങ്ങുന്ന വ്യവസായ പാർക്ക്. ആഗോള കമ്പനികളിൽ പ്രമുഖരായ, റിയൽ എസ്‌റ്റേറ്റ് മേഖലയിലെ മുടിചൂടാമന്നൻമാരായ പനാറ്റോണി കേരളത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് എന്നായിരുന്നു പ്രഖ്യാപനം. അത് കൊച്ചി നിവാസികൾക്ക് ഇടയിൽ ഉണ്ടാക്കിയ ഒരിക്കലും ചില്ലറ കാര്യമല്ല എന്നോർക്കണം.

പറഞ്ഞുവന്നത് ഈ പദ്ധതിയെ കുറിച്ച് മാത്രമല്ല. കൊച്ചി കാത്തിരിക്കുന്ന ചില സുപ്രധാന പ്രോജക്റ്റുകൾ ഏതൊക്കെ എന്നതിനെ കുറിച്ചാണ്. കൊച്ചി മെട്രോ പിങ്ക് ലൈൻ നിർമ്മാണവും, ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭതുരങ്കപാതയും അതിൽ ചിലത് മാത്രമാണ്. എന്നാൽ ചില കാര്യമായ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്ന പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അവ ഏതൊക്കെ ആണെന്ന് നമുക്ക് ഒന്ന് പരിശോധിച്ച് അറിയാം.
പനാറ്റോണി-എടയാർ സിങ്ക് വ്യവസായ പാർക്ക്
കൊച്ചിയിലെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ 800 കോടി രൂപയുടെ മൾട്ടി-ക്ലയന്റ് ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്‌റ്റിക് പാർക്ക് സംയുക്തമായി വികസിപ്പിക്കുമെന്ന് പനാറ്റോണിയും എടയാർ സിങ്ക് ലിമിറ്റഡും പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ഈ പദ്ധതി തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലാണ് നടപ്പിലാക്കുക.
കൂടാതെ കേരള ലോജിസ്‌റ്റിക്‌സ് & ഇൻഡസ്ട്രിയൽ സിറ്റി (കെഎൽഐസി) സംരംഭത്തിന്റെ ഭാഗമായും ഇത് പ്രവർത്തിക്കും. 2026 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കും, ആദ്യ ഘട്ട പ്രവർത്തനങ്ങൾ 2027 ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നു. വ്യവസായ മന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവച്ചത്.
5000 പ്രത്യക്ഷ തൊഴിലവസരങ്ങളും 1500 കോടിയോളം രൂപയുടെ നിക്ഷേപവും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ വ്യവസായ പാർക്ക് വരുന്നത്. ഇ-കൊമേഴ്‌സ്, എഫ്എംസിജി, 3പിഎൽ, ഫാർമസ്യൂട്ടിക്കൽ ക്ലയന്റുകൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 20 ഏക്കറും 5.2 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണവുമുള്ള സൗകര്യങ്ങളോടെയാണ് പാർക്ക് വരിക. സുസ്ഥിര രൂപകൽപ്പനയാണ് ഇവിടെ ഉണ്ടാവുക.
അവിഗ്ന ലോജിസ്‌റ്റിക് ഹബ്ബ്
ചെന്നൈ ആസ്ഥാനമായുള്ള അവിഗ്ന ഗ്രൂപ്പിന്റെ 150 കോടി രൂപ ചെലവിൽ അങ്കമാലിയിലെ പുളിയാനത്ത് നിർമ്മിക്കുന്ന അത്യാധുനിക ലോജിസ്‌റ്റിക് പാർക്കിന്റെ ഉദ്ഘാടനം അടുത്തിടെയാണ് നടന്നത്. കളമശ്ശേരിയിലെ അദാനി ലോജിസ്‌റ്റിക്‌സ് പാർക്കിന്റെ പണി ഇതിനകം തന്നെ വേഗത്തിൽ പുരോഗമിക്കുകയാണ്. മേഖലയിൽ അദാനി സൗകര്യത്തിന് സമീപം വരുന്ന മൂന്ന് മിനി പാർക്കുകൾക്ക് പുറമെയാണിത്.
കമ്പനി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ പദ്ധതി 1500 പേർക്ക് നേരിട്ടും 250 ലധികം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്‌കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക് ലോജിക്‌സ് എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികൾ ഇപ്പോൾ തന്നെ ഇവിടെ പ്രവർത്തനം തുടങ്ങാൻ തയ്യാറായി എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അദാനി ടവർ
1.3 ദശലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള സംയോജിത ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ അദാനി സൗകര്യത്തിൽ ഉണ്ടായിരിക്കും, അതിൽ സ്‌മാർട്ട്, സുസ്ഥിര സവിശേഷതകൾ, ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ, സീറോ-ടച്ച് പ്രവർത്തനങ്ങൾക്കായി പൂർണ്ണ ഡിജിറ്റൽ സംയോജനം എന്നിവ ഉൾപ്പെടുന്നു. പാർക്ക് ഏകദേശം 1500 നേരിട്ടുള്ള തൊഴിലവസരങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications