കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് സമരം; പരീക്ഷ കാലമാണെന്ന് മന്ത്രി
കൊച്ചി: കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് സമരം. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 ആക്കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഗതാഗത മന്ത്രിയുമായി പലതവണ ചര്‍ച്ച നടത്തിയിട്ടും കാര്യമായ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിന് ബസ് ഉടമകള്‍ തുടക്കമിടുന്നത്. അതേസമയം, ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ഥികളെ ബസ് ഉടമകള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

ബസ് ഉടമകള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കുമെന്നോ, എന്ന് മുതല്‍ വര്‍ധിപ്പിക്കുമെന്നോ മന്ത്രി പറയുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നുമില്ല. ഇനിയും കാത്തിരിക്കാനാകില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. ഇന്ധന നിരക്ക് അടിക്കടി ഉയരുകയാണ്. തങ്ങള്‍ക്ക് ദിനംപ്രതി നഷ്ടം കൂടി വരുന്നു. ഇക്കാര്യം സര്‍ക്കാരിനും അറിയാമെന്ന് മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമയം വേണമെന്നാണ് മന്ത്രിയുടെ നിലപാട്. എല്ലാവരുമായും ചര്‍ച്ച നടത്തി അനുനയത്തിന്റെ പാത സ്വീകരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്കാണ് വിവാദത്തിന് കാരണമായ ഒരു കാര്യം. വിദ്യാര്‍ഥി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാര്‍ഥി സംഘടനകള്‍ മന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് മന്ത്രി ഒടുവില്‍ അറിയിച്ചത്.
വിദ്യാര്‍ഥി നിരക്ക് ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. അഞ്ച് രൂപയാക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി. കുടുംബ വരുമാനം അടിസ്ഥാനമാക്കി വിദ്യാര്‍ഥി നിരക്ക് നിശ്ചയിക്കാമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 30ന് ഇടതുമുന്നണി യോഗം നടക്കും. യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ബസ് ഉടമകള്‍ ഇന്ന് രാത്രി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുന്നത്. നാല് മാസത്തിന് ശേഷം ഇന്ധന വില ഉയരാന്‍ തുടങ്ങിയതും ബസ് ഉടമകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ട് രൂപയോളമാണ് പെട്രോളിനും ഡീസലും വര്‍ധിച്ചത്.












Click it and Unblock the Notifications