ഐഎന്‍എല്‍ ഔദ്യോഗികമായി പിളര്‍ന്നു; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: ഐ എന്‍ എല്‍ ഔദ്യോഗികമായ പിളര്‍ന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എപി അബ്ദുള്‍ വഹാബിനെയും ജനറല്‍ സെക്രട്ടറിയായി നാസര്‍കോയ തങ്ങളെയും തിരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രെഷറര്‍. എ.പി അബ്ദുല്‍ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനായിരുന്നു മറുപക്ഷം തീരുമാനിച്ചത്. ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരുപക്ഷേ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കാമെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു.

ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് എ പി അബ്ദുല്‍ വഹാബ് ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ എന്‍ എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഐ എന്‍ എല്‍ യോഗങ്ങള്‍ മാറിയെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ നേരത്തെ പിളര്‍പ്പുണ്ടായിരുന്നെങ്കിലും സി പി എം ഇടപെട്ടാണ് പരിഹരിച്ചത്. സിപിഎം നല്‍കിയ അന്ത്യശാസനം മാനിച്ച് ഇരുവിഭാഗവും യോജിച്ച് പോവുകയായിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐ എന്‍ എല്ലിന് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും മറ്റു പദവികള്‍ പങ്കിടുന്നതായിരുന്നു പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തിന് പ്രധാന കാരണം. എല്‍ ഡി എഫ് നല്‍കിയ ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പങ്കിടുന്നതടക്കമുള്ള കാര്യങ്ങള്‍ തര്‍ക്കത്തിന് കാരണമായിരുന്നു.












Click it and Unblock the Notifications