സിപിഎമ്മിന് തലവേദനയായി ഐഎന്‍എലിന്റെ മന്ത്രിസ്ഥാനം; ഒടുവില്‍ നേരിട്ട് ശാസന? തിരിച്ചടിയാകും
തിരുവനന്തപുരം: മുസ്ലീം ലീഗ് പിളര്‍ന്ന് ഐഎന്‍എല്‍ രൂപീകൃമായിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞു. എല്‍ഡിഎഫിന്റെ ഘടകക്ഷി പോലും ആകാതെ പതിറ്റാണ്ട് പിന്നിട്ടതിന് ശേഷം ആയിരുന്നു ഐഎന്‍എലിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത്. ഒടുവില്‍ ചരിത്രത്തില്‍ ആദ്യമായി മന്ത്രിസ്ഥാനവും ഐഎന്‍എലിന് ലഭിച്ചു.
ഐഎന്‍എലിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ആയ അഹമ്മദ് ദേവര്‍കോവിലിനാണ് ഐഎന്‍എലിന്റെ ആദ്യമന്ത്രി മന്ത്രി എന്ന ഭാഗ്യം സിദ്ധിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറി അധികം കഴിയും മുമ്പ് തന്നെ ഈ മന്ത്രിപദവി സിപിഎമ്മിന് തലവേദനയാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

രണ്ട് പേര്‍
കോഴിക്കോട് സൗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ അഹമ്മദ് ദേവര്‍കോവിലും വള്ളിക്കുന്നില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുള്‍ വഹാബും ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍. കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍ തന്നെ ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ വിജയം സാധ്യമാകുമായിരുന്നോ എന്ന സംശയം ഇപ്പോഴും ഉണ്ട്. എന്തായാലും ദേവര്‍കോവില്‍ ജയിക്കുകയും, ബ്ദുള്‍ വഹാബ് പരാജയപ്പെടുകയും ചെയ്തു.

മന്ത്രിസ്ഥാനം
ഇത്തവണ ഐഎന്‍എലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഒറ്റ എംഎല്‍എമാരുള്ള കക്ഷികളെ കഴിഞ്ഞ തവണ കാര്യമായി പരിഗണിച്ചിരുന്നില്ല എന്നത് തന്നെ ആയിരുന്നു കാരണം. ദശാബ്ദങ്ങളോളം കൂടെ നിന്ന ഐഎന്‍എലിന് ആദ്യടേമില്‍ തന്നെ മന്ത്രിസ്ഥാനം നല്‍കാന്‍ ഇത്തവണ സിപിഎമ്മും എല്‍ഡിഎഫും തീരുമാനിക്കുകയായിരുന്നു,

'സൂപ്പര്‍ മന്ത്രി'
മന്ത്രിസ്ഥാനം ഏക എംഎല്‍എ ആയ അഹമ്മദ് ദേവര്‍കോവിലിന് ആണെങ്കിലും, പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ 'സൂപ്പര്‍ മന്ത്രി' കളിക്കുന്നു എന്നൊരു ആക്ഷേപം തുടക്കം മുതലേ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരുന്നു.

വിജയത്തിന്റെ ക്രെഡിറ്റ്
സൗത്ത് മണ്ഡലത്തില്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തിലായിരുന്നു ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചത്. ഈ വിജയം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പിന്നീട് ഇവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സൗത്ത് മണ്ഡലം യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലം ആണ്. സിപിഎമ്മിന്റെ പ്രവര്‍ത്തനം തന്നെ ആയിരുന്നു ഐഎന്‍എലിന്റെ വിജയത്തിന് വഴിവച്ചതും. തിരഞ്ഞെടുപ്പിന് ശേഷം ഐഎന്‍എല്‍ നേതാക്കളിങ്ങനെ പ്രചരിപ്പിക്കുന്നതില്‍ സിപിഎമ്മിന് കടുത്ത വിയോജിപ്പാണുള്ളത്.

സിപിഎമ്മിന് അസ്വസ്ഥത
മന്ത്രിസ്ഥാനത്ത് എത്തിയതിന് ശേഷം അഹമ്മദ് ദേവര്‍കോവിലിന്റെ ബന്ധങ്ങളും സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനെതിരെ മത്സരിച്ച ഇബ്രാഹിം കുട്ടി സിഎച്ചുമായുള്ള ബന്ധമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ച മറ്റൊരുകാര്യം. തിരുവനന്തപുരത്ത് ബിഷപ്പിനെ സന്ദര്‍ശിക്കുമ്പോള്‍ പോലും ഇയാള്‍ ദേവര്‍കോവിലിനൊപ്പം ഉണ്ടായിരുന്നു.

അസ്വസ്ഥമാക്കിയ ചില 'മീറ്റിങ്ങുകള്‍'
തുറമുഖ, പുരാവസ്തു വകുപ്പാണ് അഹമ്മദ് ദേവര്‍കോവിലിനുള്ളത്. തുറമുഖവുമായി ബന്ധപ്പെട്ട് കാസിംഇരിക്കൂറിന്റെ നേതൃത്വത്തില്‍ അദാനി ഗ്രൂപ്പിലെ ചിലരുമായി ഒരു മീറ്റിങ്ങിന് മുതിര്‍ന്നിരുന്നു. എന്നാല്‍ ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷിച്ചപ്പോഴാണ് മന്ത്രി അഹമ്മദ് കോവില്‍ അറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം.

മുഖ്യമന്ത്രി ശാസിച്ചു?
ദേവര്‍കോവിലിന്റെ ചില നീക്കങ്ങളിലുള്ള എതിര്‍പ്പ് സിപിഎം നേരിട്ട് തന്നെ പ്രകടമാക്കിയിട്ടുണ്ട് എന്നാണ് വിവരം. ആദ്യം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ദേവര്‍കോവിലെ ശാസിച്ചു എന്ന രീതിയിലും ചില സൂചനകള്‍ ലഭിക്കുന്നുണ്ട്.

നിയമനങ്ങളില്‍ ഇടപെടല്‍
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെ ചൊല്ലിയും ചില അസ്വസ്ഥതകള്‍ പുകയുന്നുണ്ട്. എന്തായാലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സിപിഎം നേരിട്ടാണെന്നാണ് പുറത്ത് വരുന്ന വിവരം.

രണ്ടര വര്‍ഷം
എന്തായാലും ഐഎന്‍എലിന് നല്‍കിയ മന്ത്രിസ്ഥാനം അഞ്ച് വര്‍ഷത്തേക്കുള്ളതല്ലെന്ന് സിപിഎം ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനം ഒഴിയണം. അതിനിടയില്‍ മികച്ച പേരെടുത്തില്ലെങ്കിലും ഒരുപക്ഷേ വലിയ പ്രശ്‌നമുണ്ടാവില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയാല്‍ ഐഎന്‍എലിലെ ഒരു വിഭാഗത്തിന് അത് കടുത്ത ക്ഷീണമുണ്ടാക്കും എന്ന് ഉറപ്പാണ്.
Recommended Video

എൽജെഡിയെ അവഗണിച്ച്
ഒറ്റ എംഎൽഎ മാത്രമുള്ള എൽഡിഎഫിലെ മറ്റൊരു പാർട്ടിയാണ് എംവി ശ്രേയാംസ്കുമാറിന്റെ എൽജെഡി. അവർക്ക് പോലും നൽകാത്ത മന്ത്രിസ്ഥാനമാണ് ആദ്യ ടേമിൽ തന്നെ ഐഎൻഎല്ലിന് സിപിഎം നൽകിയത്. എന്ത് പാളിച്ച സംഭവിച്ചാലും അതിന് സർക്കാർ കൂടി ഉത്തരം പറയേണ്ട സാഹചര്യത്തിൽ എങ്ങനെ ആയിരിക്കും സിപിഎം കാര്യങ്ങൾ നിയന്ത്രിക്കുക എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.












Click it and Unblock the Notifications