17 പവന്‍ മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരത്തെ പൊലീസ് പൂട്ടിയത് അതി വിദഗ്ദമായി: 1.5 ലക്ഷത്തിന്റെ ഫോണും വില്ലനായി
കൊല്ലം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സറായ യുവതി മോഷണക്കുറ്റത്തിന് പിടിയില്‍. കൊല്ലം ജില്ലയിലെ ഭജനമഠം സ്വദേശിയും ഇന്‍സ്റ്റഗ്രാം താരവുമായ മുബീനയാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പുറത്ത് എങ്ങുമല്ല, സ്വന്തം കുടുംബത്തിലും സുഹൃത്തുക്കളുടേയും വീടുകളില്‍ നിന്നാണ് മുബീന മോഷണം നടത്തിയത്. വിവിധ സമയങ്ങളിലായി ഏകദേശം പതിനേഴ് പവനോളം സ്വർണം യുവതി ഇത്തരത്തില്‍ കവർന്നിട്ടുണ്ട്.
കഴിഞ്ഞ മാസം സെപ്തംബറിലാണ് മൂബീനയുടെ ഭർത്താവിന്റെ സഹോദരി മൂനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്നും സ്വർണം മോഷണം പോകുന്നത്. വീട്ടില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതിനാല്‍ തുടക്കത്തില്‍ സ്വർണം മോഷണം പോയ വിവരം മൂനീറയോ മറ്റ് വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിന് ഷെല്‍ഫ് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങള്‍ കാണാതായ വിവരം മനസ്സിലാക്കുന്നത്.

ആറ് പവനോളം വരുന്ന താലിമാല, ഒരു പവന്‍ വീതമുള്ള രണ്ട് മാല, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് കാണാതായത്. സി സി ടി വി ഉള്ളതിനാല്‍ വീട്ടുകാർ തന്നെ ഉടന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതിന് ശേഷം ഒക്ടോബർ പത്ത് വരെ പുറത്ത് നിന്നും ആരും വീട്ടില്‍ വന്നിട്ടില്ല. ഇതോടെ മൂബീനയെ തന്നെയായി സംശയം.
മൂബീനയോടെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിഷേധിക്കുകയാണ് ഉണ്ടായത്. ഇതോടെ ദൃശ്യങ്ങള്‍ സഹിതം ഒക്ടോബർ 12 ന് മൂനീറ ചിതറ പൊലീസിന് പരാതി നല്‍കി. മൂനീറയെ സംശയ മുനയില്‍ നിർത്തുന്ന മറ്റൊരു പരാതിയും നേരത്തെ തന്നെ ചിതറ പൊലീസിന് ലഭിച്ചിരുന്നു. മൂനീറയുടെ സുഹൃത്ത് അമാനിയാണ് സമാനമായ രീതിയില്‍ തന്റെ സ്വർണം മോഷണം പോയതായി ചിതറ പൊലീസില്‍ പരാതി നല്‍കിയത്. അന്നും സംശയമുനയില്‍ മുബീനയായിരുന്നു.
ആദ്യ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയാണ് രണ്ടാമത്തെ പരാതിയും എത്തുന്നത്. രണ്ട് പരാതികളും കൂടി ചേർത്ത് വിശദമായ അന്വേഷണമായിരുന്നു പിന്നീട് പൊലീസ് നടത്തിയത്. മുബീനയുടെ ഭർത്താവ് ഗള്‍ഫിലാണെങ്കിലും ഓട്ടോ ഡ്രൈവറായ അദ്ദേഹം അടുത്തിടെയാണ് വിദേശത്തേക്ക് പോയത്. മുബീനക്കും പ്രത്യേക വലിയ വരുമാനമൊന്നുമില്ല. എന്നാല്‍ മുബീന നയിച്ചിരുന്നത് ആഢംബര ജീവിതം കൂടിയായതിനാല്‍ പൊലീസിനും സംശയം ഇരട്ടിച്ചു. ഒന്നര ലക്ഷം രൂപയോളം വില വരുന്ന ഫോണായിരുന്നു യുവതി ഉപയോഗിച്ചിരുന്നത്.
മുബീനയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിക്കാന്‍ യുവതി തയ്യാറായിരുന്നില്ല. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള തുടർ ചോദ്യം ചെയ്യലില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയും കുറ്റം സമ്മതിക്കുകയുമായിരുന്നു. മുബീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷണം പോയവയില്‍ കുറച്ച് സ്വർണം കണ്ടെത്താനും പൊലീസിന് സാധിച്ചു. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ സ്വർണ വില്‍പ്പന നടത്തിയ ജ്വല്ലറികള്‍ തെളിവെടുപ്പ് നടത്തുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും












Click it and Unblock the Notifications