ആശയം പ്രചരിപ്പിക്കുന്നതിന് പകരം തമ്മിലടിക്കുന്നു; ബിജെപി നേതൃത്വത്തിനെതിരെ മുന്‍ സംസ്ഥാന അധ്യക്ഷന്‍
കോഴിക്കോട്: കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി അധ്യക്ഷന്‍. കേരളത്തിലെ ബിജെപിയുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനം മടുത്ത് തുടങ്ങിയെന്നും ബിജെപി നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നുമാണ് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ പിപി മുകുന്ദന്‍ പറഞ്ഞത്. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നേതാക്കള്‍ പാര്‍ട്ടയെ വളര്‍ത്തുന്നതിനും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പകരം തമ്മിലടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കള്‍ തമ്മില്‍ ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുവെന്നാണ് തനിക്ക് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിട്ടുനില്‍ക്കുന്നത് എന്ത് സന്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു പാര്‍ട്ടിയില്‍ കെട്ടുറപ്പും തമ്മിലടിയും തുടങ്ങിയാല്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ അവിടെ നിന്ന് വിട്ടുപോകുമന്നും കേന്ദ്ര നേതൃത്വം എന്ത്‌കൊണ്ട് ഇത്രയും വിഷയങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും ഒരു നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അച്ചടക്കമുള്ള പാര്‍ട്ടി എന്ന് പറയുമ്പോള്‍ ശോഭ സുരേന്ദ്രനെ സംസ്ഥാന പട്ടികയില്‍ വെട്ടി. അവര്‍ കേന്ദ്രത്തെ കണ്ടാണ് സീറ്റ് നേടിയത്. അപ്പോള്‍ അച്ചടക്കം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ ഇതിനോടകം സ്വയം മാറി നില്‍ക്കേണ്ടയാളാണെന്നും കൊടകര കേസ്, സ്ഥാനാര്‍ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ടെന്നും വിശ്വാസ്യത നഷ്ടപ്പെടുന്നത് നേതാവിനും പാര്‍ട്ടിക്കും വലിയ ക്ഷീണമുണ്ടാക്കുമെന്നും. ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നല്ല താന്‍ പറഞ്ഞതെന്നും അങ്ങനെ മാറ്റുന്നതിന് വേണ്ടി കാത്തിരിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തില്‍ പാര്‍ട്ടിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ നിന്ന് നിയമസഭയിലേക്ക് വന്നപ്പോള്‍ മൂന്ന് ലക്ഷം വോട്ടുകളാണ് കുറഞ്ഞത്. ഇത് എവിടെയാണ് പോയതെന്ന് പരിശോധിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മിടുക്കന്‍മാരായ നിരവധി പ്രവര്‍ത്തകരേയും നേതാക്കളേയും ഈ നേതൃത്വം ഒതുക്കിയെന്നും ഇതിന്റെയൊക്കെ ഫലമാണ് ഈ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നത് സത്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ലെന്നും അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയുകയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവര്‍ത്തകരുടെ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവര്‍ധനവ് കേരളത്തില്‍ മാത്രമല്ല പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളില്‍ പോലും ജനങ്ങലെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിത ചെലവിനെ കുത്തനെ ഉയര്‍ത്തുന്ന തീരുമാനമാണ് ഇന്ധന വില ദിവസവും കൂട്ടുന്നത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാന്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

2016ല്‍ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് കുമ്മനം പറഞ്ഞിരുന്നു. അത് പൊതുവായി പറയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമപ്രവര്‍ത്തകരോട് കുമ്മനം പറയുകയും ചെയ്തു. ഇതിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അവിടെ എത്തിയപ്പോള്‍ കുമ്മനവും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവരും ആസ്ഥാനത്ത് പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷിച്ചപ്പോള്‍ എപ്പോള്‍ വരാന്‍ പറ്റുമെന്ന് അറിയില്ലെന്നുമാണ് അന്ന് പ്രതികരിച്ചതെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications