വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ അധിക്ഷേപം;ഡെപ്യൂട്ടി തഹസില്‍ദാറെ സസ്പെന്റ് ചെയ്തു
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സായ രഞ്ജിതയെ
അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട റവന്യൂ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെയാണ് ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സസ്പെന്റ് ചെയ്തതായി രാവിലെ റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. . ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതന്നും അദ്ദേഹത്തിന്റെ കമന്റ് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നുമാണ് മന്ത്രി അറിയിച്ചത്.
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നും ഇയാൾ അധിക്ഷേപ കമന്റുകൾ പങ്കിട്ടത്. തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ചുള്ളതായിരുന്നു കമന്റ്. കേരളത്തിലെ സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്ത് വിദേശത്തേക്ക് പോയത് കൊണ്ടാണ് രഞ്ജിത അപകടത്തിൽ മരിച്ചത് എന്നാണ് ഇയാൾ അധിക്ഷേപിച്ചത്. രഞ്ജിതക്ക് ആദരാഞ്ജലി അർപ്പിച്ച് എഴുതിയ മറ്റൊരു പോസ്റ്റിന് താഴെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നും ഇയാൾ കമന്റ് ചെയ്തിരുന്നു.

ഇയാളുടെ കമന്റുകൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. നിരവധി പേർ മുഖ്യമന്ത്രിയേയും റവന്യു മന്ത്രിയേയും ടാഗ് ചെയ്ത് ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇയാൾ കമന്റുകൾ പിൻവലിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇയാൾ മനുഷ്യകുലത്തിൽ പിറന്നതാണോ?; രൂക്ഷവിമർശനവുമായി പികെ ശ്രീമതി
വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സായ രഞ്ജിതയെ
അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പികെ ശ്രീമതി. സ്ത്രീകൾ തൊഴിലിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന മനുവാദികളുടെ പ്രചരണത്തിൻ്റെ ബഹിർസ്ഫുരണമാണ് ഇയാളുടെ വൃത്തികെട്ട വാക്പ്രയോഗങ്ങൾ. ഇത് പോലെ സ്ത്രീവിരുദ്ധമായതും നീചമായതും ആയവാക്കുകൾ മ്ലേച്ഛഭാഷയിൽ എഴുതി സ്വന്തം മുഖം മററുള്ളവരുടെ മുന്നിൽ അനാവരണം ചെയ്യുന്ന സംസ്കാര ശൂന്യരെ കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'വിമാനാപകടത്തിൽ മരിച്ചുപോയ രഞ്ജിതക്കെതിരെയാണ് ലൈംഗിക ചുവയോടെ' അങ്ങേയറ്റം അപമാനകരമായ എഫ്ബി പോസ്റ്റ് ഒരു വൃത്തികെട്ടവൻ ഇട്ടത് .ഇയാൾ മനുഷ്യകുലത്തിൽ പിറന്നതു തന്നേയോ? ഇയാളുടെ പ്രയോഗങ്ങൾ അയാളുടെ ഭാര്യയും അമ്മയും മകളുമുണ്ടെങ്കിൽ , മകളുമടക്കമുള്ള സ്ത്രീ സമൂഹത്തിന്നെതിരെയുള്ള അധിക്ഷേപവും വെല്ലുവിളിയുമാണ് എന്ന് അയാൾ ഓർത്തില്ല :സ്ത്രീകൾ തൊഴിലിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന മനുവാദികളുടെ പ്രചരണത്തിൻ്റെ ബഹിർസ്ഫുരണമാണ് ഇയാളുടെ വൃത്തികെട്ടവാക്പ്രയോഗങ്ങൾ ഡെ.താസിൽദാരാണു പോലും ആസ്ഥാനത്തിരിക്കാൻ അയാൾ അർഹനല്ല ബഹു റവന്യൂമന്ത്രിയുടെ അവസരോചിതമായ നടപടി അഭിനന്ദനാർഹമാണ്. ഇത് പോലെ സ്ത്രീവിരുദ്ധമായതും നീചമായതും ആയവാക്കുകൾ മ്ലേച്ഛഭാഷയിൽ എഴുതി സ്വന്തം മുഖം മററുള്ളവരുടെ മുന്നിൽ അനാവരണം ചെയ്യുന്ന സംസ്കാര ശൂന്യരെ കടുത്ത ശിക്ഷക്ക് വിധേയമാക്കണം
ഒരു സർക്കാർ ഉദ്യോഗസ്ഥന് അതും ഡെ.താസിൽദാർ പദവിയിലെത്തിയ ഈ മാന്യൻ_പവിത്രൻ _മനുഷ്യനോ അതോ തൽസ്ഥാനത്തിരിക്കാൻ അർഹതയില്ല ഒരു നാട് മുഴുവനും ദുഃഖിച്ചിരിക്കുമ്പോൾ പോലും ഇങ്ങനെയും എഴുതാൻ ചില അവതാരങ്ങൾ നമ്മുടെ സാംസ്കാരിക കേരളത്തിന് ഭാരമായി ഉണ്ടായിപ്പോയല്ലോ', ശ്രീമതി കുറിച്ചു.
തീരാനോവായി രഞ്ജിത
രഞ്ജിതയുടെ മരണത്തിൽ വിതുമ്പുകയാണ് പ്രിയപ്പെട്ടവർ. 8 മാസം മുൻപാണ് രഞ്ജിത ലണ്ടനിൽ നഴ്സായി ജോലിക്ക് കയറിയത്. നാല് ദിവസം മുൻപായിരുന്നു അവർ നാട്ടിലെത്തിയത്. സർക്കാർ ജോലിയിൽ നിന്നും അഞ്ച് വർഷത്തെ ലീവെടുത്ത് വിദേശത്ത് ജോലിക്ക് പോയ രഞ്ജിത അതിന്റെ പുതുക്കലുമായി ബന്ധപ്പെട്ട ഒപ്പിടലിന് വേണ്ടിയായിരുന്നു ധൃതിപിടിച്ച് നാട്ടിലേക്ക് വന്നത്. മടക്കയാത്രയിലാണ് രഞ്ജിതയെ മരണം കവർന്നത്.












Click it and Unblock the Notifications