'അത് പറയാന്‍ മഹാബലിക്കൊപ്പം ജനിച്ച ആളാണോ ഇയാൾ', വി മുരളീധരനെ പരിഹസിച്ച് ഇപി ജയരാജൻ
തിരുവനന്തപുരം: ഓണവും മഹാബലിയുമായും ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മഹാബലിക്ക് ഓണവുമായി ബന്ധമില്ലെന്നും കേരളത്തില്‍ ജനിച്ച ആളല്ല എന്നും പറയുന്ന കെ മുരളീധരന്‍ വിവരമില്ലാത്ത ആളാണെന്ന് ഇപി ജയരാജന്‍ പരിഹസിച്ചു. അത് പറയാന്‍ മഹാബലിക്കൊപ്പം ജനിച്ച ആളാണോ മുരളീധരന്‍ എന്നും ഇപി ജയരാജന്‍ ചോദിച്ചു. മഹാബലിയെക്കുറിച്ച് വലിയ വിവരം ഉളള ആളാണോ ഈ മന്ത്രി. അയാള്‍ക്ക് വിവരമില്ലെന്ന കാര്യം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമെന്നും ഇപി ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിലും ഇപി ജയരാജന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ പദവിയെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കണമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. അത് ഉന്നതമായൊരു സ്ഥാനമാണ്. യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്ത ഒരു സ്ഥാനമാണ് അതെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ട് ഗവര്‍ണര്‍ പദവി തന്നെ എടുത്ത് കളയേണ്ടതാണ്. ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയം വിഷയമാണ് അത്. ആ സ്ഥാനത്ത് ഇരുന്ന് എന്തും പറയുക എന്ന നിലയിലേക്ക് കേരളത്തിലെ ഗവര്‍ണര്‍ മാറിയിരിക്കുന്നു. അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നു.

ഗവര്‍ണര്‍മാരെ കുറിച്ച് ഒരു പൊതുസങ്കല്‍പ്പമുണ്ട്. അദ്ദേഹം അതില്‍ നിന്നൊക്കെ മാറി മറ്റാര്‍ക്കൊക്കെയോ വേണ്ടി കേരളത്തിന്റെ ജനാധിപത്യ ബോധ്യത്തെ മലീമസമാക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്ത് കൊണ്ടിരിക്കുന്നു. എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് കണ്ണൂരിലേത്. ഇത്രയും നാള്‍ എവിടെയായിരുന്നു. ഒരു സുദിനത്തില്‍ എന്തെങ്കിലും വിളിച്ച് പറയുകയാണോ എന്നും ഇപി ജയരാജന്‍ ചോദിച്ചു. അദ്ദേഹം സ്വയം ചെറുതായിക്കൊണ്ടിരിക്കുകയാണ്. അത് തിരുത്തുന്നതാണ് അദ്ദേഹത്തിനും ആ പദവിക്കും നല്ലത് എന്നും ഇപി ജയരാജന്‍ പറഞ്ഞു.
ബില്ലുകളില്‍ ഒപ്പിടില്ലെന്ന് എങ്ങനെയാണ് ഗവര്‍ണര്‍ പറയുക. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിയമസഭ പാസ്സാക്കുന്ന നിയമം ഗവര്‍ണര്‍ അംഗീകരിച്ച് കൊടുക്കാന്‍ ബാധ്യതപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ കര്‍ട്ടന് പുറത്ത് വന്നു എന്നുളള ഗവര്‍ണറുടെ പരാമര്‍ശത്തിനും ഇപി ജയരാജന്‍ മറുപടി നല്‍കി. സിപിഎമ്മുകാര്‍ ഒരു കര്‍ട്ടന് പിന്നിലും നിന്ന് കളിക്കുന്നവരല്ലെന്നും ഗവര്‍ണര്‍ക്ക് മറ്റെന്തോ അജണ്ട ഉണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications