"കാരണഭൂതൻ" പിണറായിയോ എംവി ഗോവിന്ദനോ ?; സിപിഎമ്മിന്റെ ‘തിരുത്തൽ’ നിർണായകമാകും
'തോൽവിയുടെ കാരണങ്ങൾ പഠിക്കും, തിരുത്തും'- ഏത് തെരഞ്ഞെടുപ്പിൽ തോറ്റാലും ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം പറയുന്ന പതിവ് വാചകമാണിത്. കാരണങ്ങൾ വസ്തുനിഷ്ഠമായി പഠിക്കാത്തതും തിരുത്തലുകൾ കാര്യക്ഷമമായി നടപ്പിൽ വരുത്താത്തതുമാണ് വൻ തിരിച്ചടിക്ക് കാരണമെന്ന് പർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനമുയരുമ്പോൾ, സിപിഎമ്മിന്‍റെ ഇനിയുള്ള തിരുത്തൽ നീക്കങ്ങൾ നിർണായകമാകുകയാണ്. എന്ത് തിരുത്തലാണ് വരുത്തുകയെന്ന് ഉറ്റുനോക്കുകയാണ് പാർട്ടി അണികളും അനുഭാവികളും രാഷ്ട്രീയ നിരീക്ഷകരും. പാർട്ടി അംഗങ്ങൾ പോലും പാർട്ടി ചിഹ്നം വിട്ട് കൂട്ടത്തോടെ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണിതെന്ന വിലയിരുത്തലൊക്കെ വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
"സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട് " എന്ന് ട്രോളുന്നതിൽ അൽപം വസ്‌തുതയുണ്ടെങ്കിലും സംഘടനാപരമായ വീഴ്ചയുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിച്ചത് നല്ല സൂചനയാണ് നൽകുന്നത്. തിരുത്തൽ താഴേത്തട്ട് മുതലുണ്ടാകുമെന്നും സഖാക്കൾക്ക് ഭയരഹിതമായും സ്വതന്ത്രമായും അവരുടെ അഭിപ്രായം പറയാമെന്നുമുള്ള പാർട്ടിയുടെ നിലപാടും ശുഭസൂചന തന്നെ. എന്നാൽ, ബോധ്യമായ തിരുത്തലുകൾ വരുത്താതിരുന്ന മുൻ അനുഭവങ്ങൾ ഇതെത്രത്തോളം വിജയിക്കുമെന്ന ആശങ്കയും സൃഷ്‌ടിക്കുന്നുണ്ട്.
തോൽവിയുടെ "കാരണഭൂതൻ" ആരാണെന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് ആദ്യം കണ്ടെത്തേണ്ടത്. ചൂണ്ടുവിരൽ നീളുന്നത് പിണറായി വിജയൻ്റെയും എം.വി. ഗോവിന്ദൻ്റെയും നേർക്കാണ്. 2021ലെ ഭരണത്തുടർച്ചയുടെ ചരിത്രനേട്ടത്തെ വാഴ്ത്തിപ്പാടിയവരിൽ നിന്നുപോലും ഇപ്പോൾ വിയോജിപ്പിന്റെയും വിമർശനങ്ങളുടെയും സ്വരങ്ങളുയർന്നു തുടങ്ങിയിട്ടുണ്ട്. പരാജയകാരണം പിണറായി വിജയൻ്റെ ധാർഷ്ട്യം നിറഞ്ഞ ശൈലിയാണെന്ന ഇടത് സഹയാത്രികൻ സെബാസ്‌റ്റ്യൻ പോളിൻ്റെ അഭിപ്രായമൊക്കെ ഇതിനുദാഹരണം മാത്രം.
ഇടതുപക്ഷ നയ വ്യതിയാനവും മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും മോശം പെരുമാറ്റവുമാണ് തോൽവിയിലേക്ക് നയിച്ചവയിൽ പ്രധാനമെന്ന വിമർശനമാണ് ഉയരുന്നത്.

17 വർഷം പാർട്ടിയെയും പിന്നാലെ 10 വർഷം സർക്കാറിനെയും നയിച്ച് പിണറായി നേടിയ 'അനിഷേധ്യനും ചോദ്യം ചെയ്യപ്പെടാത്തതുമായ നേതാവ്' എന്ന പ്രതിഛായ പാർട്ടിക്ക് ബാധ്യതയായി മാറിയെന്ന വിലയിരുത്തലുമുണ്ട്. അധികാരത്തുടർച്ച ഉറപ്പെന്ന പിണറായിയുടെ ആത്മവിശ്വാസമായിരുന്നു അവസാന നിമിഷംവരെ പാർട്ടിയുടെ കൈമുതൽ. പിണറായിയെ 'ക്യാപ്റ്റൻ' എന്ന് ബ്രാൻഡ് ചെയ്തത് തുടക്കത്തിൽ ഗുണംചെയ്തെങ്കിലും പിന്നീടത് ഓവറായപ്പോൾ ഏകാധിപത്യ ശൈലിയുടെ അടയാളമായി വ്യാഖ്യാനിക്കപ്പെട്ടത് തിരിച്ചടിയായി.
എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷം തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് പാർട്ടി പരാജയപ്പെടുന്നത്. പിന്നാലെ എതിർപ്പുകൾ അവഗണിച്ച് ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതും ഉറച്ച കോട്ടയിൽ ദയനീയ പരാജയമറിഞ്ഞതും അദ്ദേഹത്തിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടുന്നു. തന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഇടഞ്ഞ് മത്സര രംഗത്തേക്കെത്തിയ ടി.കെ. ഗോവിന്ദനോടാണ് ശ്യാമളയുടെ പരാജയമെന്നത് ഇരട്ടപ്രഹരവുമായി. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും തിരുത്തുമെന്നും എം.വി. ഗോവിന്ദൻ പറയുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ പടയൊരുക്കം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
പിണറായിയോ ഗോവിന്ദനോ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവികൾ ഒഴിഞ്ഞ് മാതൃകാ സമീപനം കാട്ടുമോയെന്നും കാത്തിരുന്ന് കാണണം. ഇനിയും ഇവർ ഇതേ ശൈലി തുടർന്നാൽ പാർട്ടിയുടെ ഭാവി എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മൃദുഹിന്ദുത്വ സമീപനം, വർഗീയ പാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിക്ക് നൽകിയ പിന്തുണ, ജനമനം അറിയുന്നതിൽ പരാജയപ്പെട്ടത്, പാർട്ടിയും ഭരണവുമെല്ലാം ഒരാളെ മാത്രം കേന്ദ്രീകരിച്ചുള്ളതാക്കിയത്, ജനപക്ഷത്ത് നിന്നും അകന്ന് പോയ പ്രവർത്തന ശൈലി തുടങ്ങിയ കാര്യങ്ങളിലും തിരുത്തൽ അനിവാര്യമാണ്.
മതനിരപേക്ഷതയായിരുന്നു ഇതുവരെയുള്ള ഇടത് മുഖമുദ്രയെങ്കിൽ ന്യൂനപക്ഷ മത നേതൃത്വങ്ങളെയും അവരുടെ നിലപാടുകളേയും തെരുവിലിട്ട് അലക്കുന്നത് തടയാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഇത്തരം ആരോപണങ്ങൾ ഉയര്‍ന്നപ്പോഴെല്ലാം, കൃത്യമായി അത് ന്യായീകരിക്കാനും നേതാക്കളുണ്ടായതും തിരിച്ചടിയായി.
പാർട്ടി കോട്ടകളിൽപോലും വിമതരായവർ ജയിച്ചത് നേതാക്കൾ വിശേഷിപ്പിച്ച പോലെ ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരെ വർഗ വഞ്ചകരായം കുലംകുത്തികളായും അണികൾ കാണുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. സംഘടനാ തലത്തിൽ തിരുത്തൽ വേണ്ടതിൻ്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
വിദ്യാർഥികളും യുവാക്കളും പാർട്ടിയിൽ നിന്ന് അകലുന്നുണ്ടോയെന്നും പരിശോധിക്കണം. പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവർ പോലും വർഗീയ ചേരികളിലേക്ക് പോകുന്ന അവസ്ഥയും പഠിക്കണം. അതിന് മാറ്റംവരുത്താൻ എന്തുവേണമെന്ന ചിന്തയും അനിവാര്യമാണ്.
മുഖ്യമന്ത്രി എന്ന ഇളവിൽ ലഭിച്ച ആനുകൂല്യങ്ങളോടെയാണ് 81 വയസ്സ് പിന്നിട്ടിട്ടും പാർട്ടിയുടെ ഉപരികമ്മിറ്റികളിൽ പിണറായി വിജയൻ ഇതുവരെ പരിഗണിക്കപ്പെട്ടത്. പിണറായിയുടെ കാര്യത്തിൽ ഇനി പാർട്ടി എന്ത് നിലപാട് എടുക്കണമെന്നതും കണ്ടറിയണം. പാർട്ടി പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയ 79കാരനായ ജി. സുധാകരൻ അമ്പലപ്പുഴയിൽനിന്ന് വിജയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.














Click it and Unblock the Notifications