ചങ്കു പിടയുന്ന അപേക്ഷയാണ്.. ബാലഭാസ്കറിനെ ഇങ്ങനെ കരിവാരി തേക്കരുത്, രോഷത്തോടെ ഇഷാൻ ദേവ്
തിരുവനന്തപുരം: ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് ഉറ്റവരേയും ആരാധകരേയുമെല്ലാം തീരാദുഖത്തിലേക്ക് തള്ളിവിട്ട് ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. സുഹൃത്തുക്കള്‍ അടക്കം ആര്‍ക്കും ഇപ്പോഴും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് എല്ലാവരും.
അതിനിടെ ബാലഭാസ്‌കറിന്റെ വ്യക്തിജീവിതത്തെ തരംതാഴ്ത്തുന്ന തരത്തില്‍ പല വാര്‍ത്തകളും വരുന്നുണ്ട് എന്ന് സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ് പറയുന്നു. ബാലുവിനെ പോലൊരാളെ ഇങ്ങനെ കരിവാരിത്തേക്കരുതെന്നാണ് ചങ്ക് പൊട്ടിയുളള ഇഷാന്റെ അപേക്ഷ.

ഇങ്ങനെ തരംതാഴ്ത്തരുത്
ഇഷാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം, കഷ്ട്ടപാട്, കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവർക്കും മാതൃക ആയും, മാർഗദർശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കർ. വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ, വീഡിയോ എന്നിവ വന്നുതുടങ്ങി.

സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും
കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരിൽ ഒരാളാണ് ബാലഭാസ്കർ എന്ന് നിസംശയം പറയുന്ന നമ്മൾ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാജനകമാണ്, അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആൾ തന്നെയാണ് അദ്ദേഹം ഇപ്പോഴും. കേവലം നിങ്ങളുടെ മഞ്ഞപത്ര വാർത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്, കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്. സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും ...പ്ളീസ്.

കെട്ടുകഥകൾ വാർത്തകൾ
ബാലഭാസ്കറിന്റെ അപകടത്തിന് ശേഷവും മരണ ശേഷവും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ അടക്കം അപമാനിക്കുന്ന തരത്തിൽ അഭ്യൂഹങ്ങൾ വാർത്തകളെന്ന തരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബാലഭാസ്കറിന്റെ ഭാര്യയും കുടുംബവും സുഹൃത്തുക്കളും ആ വിയോഗം പോലും ഉൾക്കൊള്ളാൻ സാധിക്കാതെ വിഷമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വാർത്തകൾ എന്നതാണ് ഇഷാനെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

മരണശേഷവും അപമാനം
മകൾ തേജസ്വിനിയുടെ മരണ ശേഷം വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയുടെ പേരിലും ബേബി സീറ്റിന്റെ പേരിലുമെല്ലാം ബാലഭാസ്കറിന് നേർക്ക് വിമർശനങ്ങൾ ഉന്നയിച്ചവർ ഉണ്ടായിരുന്നു. അതിനിടെ കുഞ്ഞിന്റെ മരണത്തെ കുറിച്ചുളള വാർത്തയ്ക്ക് താഴെ തരംതാണ കമന്റുകൾ പോസ്റ്റ് ചെയ്ത ആളുകൾ പോലുമുണ്ടായിരുന്നു. ഈ യുവാവ് പിന്നീട് മാപ്പ് പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റ്
ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications