വിഴിഞ്ഞം; സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് ഗൗരവതരമെന്ന് എൽഡിഎഫ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്ന വാര്‍ത്ത അത്യന്തം ഗൗരവപൂര്‍ണ്ണമാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമാകുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കൊച്ചി തുറമുഖം കേരള വികസനത്തിന് നല്‍കിയ സംഭാവനകൾ ഏറെ വലുതാണ്. കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും, മത്സ്യ വ്യാപാരത്തിനും, കയറ്റുമതിക്കുമുള്‍പ്പെടെ വിഴിഞ്ഞം തുറമുഖ പദ്ധതിയും സംസ്ഥാനത്തിന് ഏറെ സഹായകമാണ്. പ്രകൃതിദത്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറെ മുന്നോട്ടുപോയ ശേഷം അത് നിര്‍ത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് സംശയാസ്പദമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

ലോകത്തിന്റെ ചരക്ക് ഗതാഗതത്തില്‍ തന്നെ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ഈ പദ്ധതിയെ അട്ടിമറിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നു എന്നത് ഗൗരവതരമാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡി എഫിന്റെ പ്രകടന പത്രികയില്‍ വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുമെന്ന കാര്യം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിനാൽ തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കാന്‍ എ ല്‍ഡി എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
വിഴിഞ്ഞം ആക്രമത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംസ്ഥാന ഇന്റലിജന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ചേര്‍ന്ന് രഹസ്യയോഗം നടത്തിയെന്നായിരുന്നു ഇന്റലിജെൻസ് റിപ്പോർട്ട്.












Click it and Unblock the Notifications