'അച്ചാ... എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു', നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും ക്രൂരമർദ്ദനം
കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സാന്തിനും സുഹൃത്തുക്കൾക്കും നേരെ ആക്രമണം. തൃച്ഛംബരത്തുളള സ്കൂളിന് മുന്നിൽ വെച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് 17 വയസ്സ് പ്രായം മാത്രമുളള കുട്ടികളെ ഹെൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായി സന്തോഷ് കീഴാറ്റൂർ ആരോപിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തിയത്. കുട്ടികളെ ആക്രമിച്ചത് ബിജെപി പ്രവർത്തകർ ആണെന്നും തന്നോടുളള വൈരാഗ്യമാണ് തീർത്തതെന്നും പിന്നീട് സന്തോഷ് കീഴാറ്റൂർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
സന്തോഷിന്റെ മകനല്ലേ, ആളാവേണ്ട എന്ന് പറഞ്ഞാണ് അൻപത്തഞ്ചോളം പ്രായം വരുന്ന സംഘം യദു അടക്കമുളള കുട്ടികളെ മർദ്ദിച്ചതെന്നും സന്തോഷ് പറഞ്ഞു. ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളം ആണെന്നും നാടകം കളിച്ചതിന്റെ പകയാകാം ആക്രമണത്തിന് കാരണമെന്നും സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു. കൂട്ടുകാരുമൊത്ത് തമാശയ്ക്ക് കല്ലെറിഞ്ഞ് കളിക്കുമ്പോൾ ഒരു കല്ല് ബിജെപിയുടെ ഫ്ളക്സ് ബോർഡിൽ കൊണ്ടതിന്റെ പേരിലാണ് ക്രൂരമായി തങ്ങളെ ആക്രമിച്ചത് എന്ന് യദു സാന്ത് പ്രതികരിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ് വായിക്കാം: '' എന്തൊരു ഭയാനകമായ രാത്രി..... ഉറങ്ങാൻ പറ്റുന്നില്ല........ ആൺകുട്ടികൾ പോലും സുരക്ഷിതരല്ല ...... ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ..... പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി അച്ചാ.... എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു സ്കൂളിൻ്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനകൂട്ടം പേടിച്ച് വിറച്ച് കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു..
അതും രണ്ട് ദിവസം മുമ്പ് ഇതേ സ്കൂളിൽ വെച്ചാണ് 50 ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പ്രവർത്തനത്തിൻ്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോർഡിനേറ്റ് ചെയ്തത്. ആ സാംസ്കാരിക പരിപാടിയിൽ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്...... ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുന്നിൽ വെച്ച് ഒരു കാരണവും ഇല്ലാതെ എൻ്റെ മോൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നു.
17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിങ്ങളെ നിയമത്തിൻ്റെ മുന്നിൽ
കൊണ്ടു വരിക തന്നെ ചെയ്യും'' എന്നാണ് കുറിപ്പ്.
യദുസന്ത് പ്ലസ് ടു പരീക്ഷ പാസ്സായതിന് പിന്നാലെ കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂർ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. '' ചെക്കൻ + 2 പാസ്സായി. അച്ഛൻ്റെ കൂടെ നാടകപെട്ടിയും ചുമന്ന് നടന്ന് തോറ്റുപോയി എന്ന് പറയിപ്പിച്ചില്ല. (സഞ്ചരിച്ച രാജ്യങ്ങൾ - ആസ്ട്രേലിയ, ദുബായ്, ബഹറിൻ , അബുദാബി, ഷാർജ, കുവൈത്ത്. ഇന്ത്യയിൽ- ബോംബെ, കൽകത്ത, അഹമ്മദാബാദ്, ബാംഗ്ലൂർ, ഡൽഹി, ചെന്നെ. കേരളത്തിൽ ഒട്ടുമിക്ക ജില്ലകളും)
ഈ പരിഷ്കൃത സമൂഹത്തിലും നാടകം എന്ന് പറയുമ്പോൾ അമിതാഭിനയം എന്ന് പറഞ്ഞ് കളിയാക്കി നെറ്റ് ചുളിച്ച് പച്ചാളം ഭാസി പോലും കണ്ടു പിടിക്കാത്ത ഭാവാഭിനയമാണ് പലർക്കും. പരീക്ഷയുടെ തലേന്ന് പോലും ഞാൻ നിന്നെ കൊണ്ട് നാടകത്തിന് വർക്ക് ചെയ്യിച്ചപ്പോ നെഞ്ചിൽ വലിയ നീറ്റലുണ്ടായിരുന്നു.. എൻ്റെ അന്നത്തെ അവസ്ഥ മനസ്സിലാക്കി വർക്ക് ചെയ്തു, ഉറങ്ങാതെ നേരെ പരീക്ഷ ഹാളിലേക്ക്. ഇന്ന് സന്തോഷം അഭിമാനം.
ഞാൻ തളർന്നു പോകുന്ന അവസ്ഥയിൽ നീ സ്വമേധയാ ഏറ്റെടുത്ത ഉത്തരവാദിത്വമാണ് നാടകത്തിലെ കഠിനമായ ജോലി. ഇനി ഇതിലും വലിയ ഉത്തരവാദിത്വത്തോടെ നല്ല മകനാവുക,വിദ്യാർത്ഥിയാവുക, പൗരനാവുക'' എന്നായിരുന്നു സന്തോഷ് കീഴാറ്റൂർ കുറിച്ചത്.












Click it and Unblock the Notifications