Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഴ കാരണമെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡുണ്ടാകില്ലല്ലോ'! ജയസൂര്യയുടെ വിമർശനത്തിന് റിയാസിന്റെ മറുപടി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വേദിയില്‍ ഇരുത്തി കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് തുറന്നടിച്ച് നടന്‍ ജയസൂര്യ. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പരിപാലന ബോര്‍ഡ് സ്ഥാപിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു താരത്തിന്റെ വിമര്‍ശനം.

നികുതി അടക്കുന്നവര്‍ക്ക് നല്ല റോഡുകള്‍ വേണമെന്നും മഴ പെയ്യുന്നത് റോഡ് നന്നാക്കുന്നതിന് തടസ്സമാണെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുണ്ടാകില്ലല്ലോ എന്നും ജയസൂര്യ പറഞ്ഞു. പിന്നാലെ ജയസൂര്യയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് മറുപടിയും നല്‍കി.

1

മഴക്കാലത്ത് റോഡുകള്‍ നന്നാക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പരിപാടിയില്‍ പങ്കെടുത്ത വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് ജയസൂര്യ വിമര്‍ശനം ഉന്നയിച്ചത്. ഇന്നും കേരളത്തിന്റെ പല ഭാഗത്തും റോഡുകള്‍ മോശം അവസ്ഥയിലാണെന്ന് ജയസൂര്യ പറഞ്ഞു. താന്‍ ജോണ്‍ ലൂഥര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി കഴിഞ്ഞ ദിവസം വാഗമണ്ണില്‍ പോയിരുന്നു. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന അവിടെ ഓരോ വണ്ടിയും എത്താന്‍ മണിക്കൂറുകളാണ് എടുക്കുന്നതെന്ന് ജയസൂര്യ ചൂണ്ടിക്കാട്ടി.

2

അപ്പോള്‍ തന്നെ താന്‍ മന്ത്രി റിയാസിനെ വിളിച്ചു. തന്നെ ഫോണില്‍ ഹോള്‍ഡ് ചെയ്യിച്ച് മന്ത്രി ബന്ധപ്പെട്ടവരെ വിളിച്ച് അന്വേഷിച്ച് തനിക്ക് മറുപടി തന്നു. ഇതൊക്കെ കൊണ്ടാണ് റിയാസ് എന്ന വ്യക്തിയോട് തനിക്ക് താല്‍പര്യം തോന്നിയത് എന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡുകള്‍ നന്നാക്കാനുളള പ്രശ്‌നമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല. കാരണങ്ങള്‍ ഒരുപാട് ഉണ്ടാകും. പക്ഷേ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞു.

3

ഒരാള്‍ ചിലപ്പോള്‍ ലോണ്‍ എടുത്തും ഭാര്യയുടെ മാല പണയം വെച്ചും ഒക്കെയായിരിക്കും റോഡ് ടാക്‌സ് അടയ്ക്കുന്നത്. അപ്പോള്‍ ജനത്തിന് കിട്ടേണ്ട കാര്യങ്ങള്‍ കിട്ടിയേ പറ്റൂ. അതിന് വേണ്ടി എന്തൊക്കെ റിസ്‌ക് എടുക്കുന്നു എന്നുളളത് ജനം അറിയേണ്ടതില്ല. കേരളത്തില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്ത് എത്താന്‍ വേണ്ടി വരുന്നത് മണിക്കൂറുകളാണ്. റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ക്ക് പരിക്ക് പറ്റുകയും ആക്‌സിഡന്റിലൂടെ മരിക്കുകയും ചെയ്യുന്നു.

4

ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്നും ജനം ആര്‍ക്ക് എതിരെയാണ് കേസ് കൊടുക്കേണ്ടത് എന്നും ജയസൂര്യ ചോദിച്ചു. കോണ്‍ട്രാക്ട് എടുക്കുന്ന വ്യക്തിക്ക് എതിരെയല്ലേ കേസ് കൊടുക്കേണ്ടത്. റോഡിലെ കുഴികളെ കുറിച്ചും അറ്റകുറ്റപ്പണികളെ കുറിച്ചും ആരോടാണ് സംസാരിക്കേണ്ടത് എന്ന് നാട്ടുകാര്‍ക്ക് അറിയില്ല. കരാറുകാര്‍ക്ക് മൂന്നോ നാലോ വര്‍ഷം ഗാരണ്ടി പിരീഡ് കൊടുക്കുകയും അദ്ദേഹത്തിന്റെ നമ്പര്‍ റോഡില്‍ സ്ഥാപിക്കുകയും എന്ത് പ്രശ്‌നം ഉണ്ടെങ്കിലും വിളിച്ച് പറയുകയും ചെയ്യണം.

5

ഫോണ്‍ നമ്പര്‍ മാറ്റിക്കഴിഞ്ഞാല്‍ കരാറുകാരന് എതിരെ കേസ് കൊടുക്കണം എന്ന് താന്‍ മന്ത്രി റിയാസിനോട് ആവശ്യപ്പെട്ടുവെന്നും ജയസൂര്യ പറഞ്ഞു. ഇത് കൊണ്ട് തന്നെ ഒരുപാട് വ്യത്യാസമുണ്ടാകും എന്നാണ് കരുതുന്നത്. നല്ല റോഡിലൂടെ പോകണം എന്നത് ഒരു അപേക്ഷയോ ആഗ്രഹമോ അല്ല. അത് ഇവിടെ വേണ്ട അടിസ്ഥാനപരമായ കാര്യമാണ്. പുതിയ തലമുറ മന്ത്രിമാര്‍ വന്ന സാഹചര്യത്തില്‍ നല്ല റോഡിലൂടെ പോകാന്‍ പറ്റുമെന്ന് തന്നെ കരുതുന്നുവെന്നും ജയസൂര്യ പറഞ്ഞു.

6

പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ ദുര്‍ഗന്ധമുളള സ്ഥലത്ത് എത്തിയപ്പോള്‍ കൊച്ചി എത്തിയെന്ന് സലിം കുമാര്‍ പറയുന്നുണ്ട്. അത് പോലെ നല്ല റോഡില്‍ നിന്നും മോശം റോഡിലേക്ക് എത്തുമ്പോള്‍ കേരളമെത്തി എന്ന് പറയുന്ന അവസ്ഥയാണ്. കേരളത്തില്‍ കൂണ്‍ പോലെ പൊങ്ങിക്കൊണ്ടിരിക്കുന്ന സംഭവം ആണ് ടോള്‍ ബൂത്തുകള്‍. അതിനൊരു കാലാവധി ഉണ്ടാകും. അവര്‍ അവരുടെ സൗകര്യത്തിന് റേറ്റ് ഉയര്‍ത്തുന്നു. അക്കാര്യത്തില്‍ കൂടി ശ്രദ്ധിക്കണം എന്നും ജയസൂര്യ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    മന്ത്രി റിയാസിന്റെ മുന്നില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജയസൂര്യ | Oneindia Malayalam
    7

    ജയസൂര്യയുടെ വിമര്‍ശനത്തിന് മന്ത്രി മുഹമ്മദ് റിയാസ് വേദിയില്‍ മറുപടി പറഞ്ഞില്ല. പൊതുമരാമത്ത് പ്രവൃത്തികള്‍ സുതാര്യമാക്കുന്നതിന്റെ നിര്‍ണായക ചുവടുവെയ്പ്പാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ജയസൂര്യയുടെ വിമര്‍ശനത്തിന് മന്ത്രി മറുപടി നല്‍കിയത്. കേരളത്തേയും ചിറാപുഞ്ചിയേയും താരതമ്യം ചെയ്യാനാകില്ലെന്നും ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ മാത്രമാണ് റോഡെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററാണ് റോഡ്. മഴയെ പഴിക്കാതെ പ്രശ്‌നപരിഹാരത്തിനുളള വഴികള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+