'ലീഗിനെതിരായാൽ നക്കി കൊല്ലലും മുക്കി കൊല്ലലും'; രൂക്ഷവിമർശനവുമായി എംവി ജയരാജൻ
തിരുവനന്തപുരം; സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി ഉണ്ടെന്ന റിപ്പോർട്ടുകളിൽ ലീഗിനെതിരെ രൂക്ഷവിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.മുത്തുക്കോയ തങ്ങളെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിക്കുകയും വധ ഭീഷണി ഉയർത്തുകയും ചെയ്യുന്നതിലൂടെ സഹിഷ്ണുത ഇല്ലാത്ത ആൾക്കൂട്ടമായി ലീഗ് അധപ്പതിച്ചുവെന്ന് ജയരാജൻ പറഞ്ഞു. ജിഫ്രി തങ്ങളെ ലീഗ് അണികൾ വിശേഷിപ്പിച്ചത് യൂദാസ്, കമ്മ്യുണിസ്റ്റ് മൗലവി, അരിവാൾ തങ്ങൾ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് കൊണ്ടാണ്. മതേതര മുഖമല്ല വർഗീയ തീവ്രവാദ മുഖമാണ് ലീഗിനുള്ളതെന്നാണ് ഇത്തരം പ്രയോഗങ്ങൾ വ്യക്തമാക്കുന്നത്. മുസ്ലീം പള്ളികൾ രാഷ്ട്രീയ ചർച്ചാ കേന്ദ്രങ്ങൾ ആക്കി മാറ്റാനുമുള്ള ലീഗിന്റെ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയതാണ് ജിഫ്രി തങ്ങൾ ലീഗിന് അനഭിമതൻ ആക്കിയത് യോജിപ്പും വിയോജിപ്പും സ്വാഭാവികം. വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്നു കരുതുന്നത് മൗഢ്യമാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ലീഗിനെതിരായാൽ നക്കി കൊല്ലലും മുക്കി കൊല്ലലും
മത പണ്ഡിതനും സമസ്ത സംസ്ഥാന അധ്യക്ഷനുമായ ജിഫ്രി മുത്തുക്കോയ തങ്ങളെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിക്കുകയും വധ ഭീഷണി ഉയർത്തുകയും ചെയ്യുന്നതിലൂടെ സഹിഷ്ണുത ഇല്ലാത്ത ആൾക്കൂട്ടമായി ലീഗ് അധപ്പതിച്ചു എന്നാണ് ബോധ്യമാകുന്നത്. ജിഫ്രി തങ്ങളെ ലീഗ് അണികൾ വിശേഷിപ്പിച്ചത് യൂദാസ്, കമ്മ്യുണിസ്റ്റ് മൗലവി, അരിവാൾ തങ്ങൾ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് കൊണ്ടാണ്. മതേതര മുഖമല്ല വർഗീയ തീവ്രവാദ മുഖമാണ് ലീഗിനുള്ളതെന്നാണ് ഇത്തരം പ്രയോഗങ്ങൾ വ്യക്തമാക്കുന്നത്. തീവ്രവാദത്തോട് മൃദു സമീപനം നേരത്തെ സ്വീകരിച്ചതിന്റെ പരിണിത ഫലമാണിത്.
ലീഗുനേതാക്കൾ ജിഫ്രി തങ്ങളെ പൊതുയോഗങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പരസ്യമായി വിമർശിച്ചപ്പോൾ അണികൾക്ക് പ്രചോദനമായി. ഒരാളെ ടാർഗറ്റ് ചെയ്യുകയും വ്യക്തിഹത്യ നടത്തുകയും ഗീബൽസിയൻ തന്ത്രം പ്രചാരണ തന്ത്രങ്ങളിലൂടെ മറ്റുള്ളവരുടെ മുമ്പിൽ കൊള്ളരുതാത്തവരാണെന്ന് സ്ഥാപിക്കുകയും ഒടുവിൽ ജീവനെടുക്കുകയും എന്ന ശൈലി ഫാസിസ്റ്റുകളുടെ മാത്രം ശൈലി ആണെന്നാണ് നാം ഇതുവരെ കരുതി പോന്നത്. സംഘപരിവാർ ശൈലി ലീഗ് കടമെടുത്തിട്ടുണ്ടോ?
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഫോണിലൂടെ വധഭീഷണി ഉണ്ടായപ്പോൾ അതൊക്ക അവഗണിക്കുകയും നിർഭയനായി നിലപാടുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മത പണ്ഡിതൻ എല്ലാവരുടെയും ആദരം നേടിയിരിക്കുകയാണ്. ലീഗ് നേതാക്കൾ ഉൾപ്പെടെ ഉള്ള വഖഫ് ബോർഡ് യോഗം ഐക്യകണ്ഠേനെയാണ് വഖഫ് നിയമനം പി എസ് സി ക്ക് വിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. അത്തരമൊരു തീരുമാനത്തെ വിവാദമാക്കി മാറ്റാനും മുസ്ലീം പള്ളികൾ രാഷ്ട്രീയ ചർച്ചാ കേന്ദ്രങ്ങൾ ആക്കി മാറ്റാനുമുള്ള ലീഗിന്റെ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയതാണ് ജിഫ്രി തങ്ങൾ ലീഗിന് അനഭിമതൻ ആക്കിയത്. യോജിപ്പും വിയോജിപ്പും സ്വാഭാവികം. വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. അത് വ്യക്തി ആയാലും പ്രസ്ഥാനമായാലും.
വധഭീഷണിയെ കുറിച്ച് ലീഗിന്റെ പ്രതികരണം ആഭ്യന്തരവകുപ്പിന്റെ പരാജയം ആണെന്നത് ഏറ്റവും വലിയ തമാശയാണ് എസ്കെഎസ്എസ്‌എഫ് ന്റെ പ്രതികരണം എങ്കിലും ലീഗ് നേതാക്കൾ വായിക്കണമായിരുന്നു. "സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണം. സമസ്തയുടെ നിലപാടിൽ അനാവശ്യമായ വിവാദം ഉണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോകില്ല". ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്ന ജിഫ്രി തങ്ങളുടെ നിലപാട് തന്നെയാണ് മേൽ പ്രതികരണം നടത്തിയ എസ്കെഎസ് എസ്‌എഫും ആവർത്തിക്കുന്നത്. ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ട ഒരു പാർട്ടിയായി ലീഗ് അധപ്പതിച്ചു.