ദിലീപും നാദിര്‍ഷായുമായി സുനിക്കു ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധം!! അന്നു കേട്ടത്...ജിന്‍സണിന്റെ മൊഴി
ജയിലില്‍ വച്ച് സുനില്‍ സംസാരിക്കുന്നത് താന്‍ കേട്ടതായി ജിന്‍സണിന്‍റെ മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായി സൂചന. കേസിലെ മുഖ്യപ്രതിയായി ജയിലിലുള്ള സുനില്‍ കുമാറിന്റെ സഹ തടവുകാരനായ ജിന്‍സണ്‍ നല്‍കിയ മൊഴിയിലാണ് ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കുമെതിരേ ശക്തമായ തെളിവുകളുള്ളത്. ജയിലില്‍ വച്ച് സുനി ഫോണില്‍ വിളിച്ച കാര്യങ്ങള്‍ ജിന്‍സണ്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും നാദിര്‍ഷായും തമ്മില്‍ തനിക്കു ഉപേക്ഷിക്കാന്‍ പറ്റാത്ത അത്രയും ശക്തമായ ബന്ധമാണ് ഉള്ളതെന്ന് സുനില്‍ ഫോണിലൂടെ പറയുന്നത് താന്‍ കേട്ടതായി ജിന്‍സണ്‍ മൊഴി നല്‍കി. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സുനില്‍ പറഞ്ഞത്
ആരോടാണ് സുനില്‍ ഫോണില്‍ സംസാരിച്ചതെന്ന് ജിന്‍സണിനു മനസ്സിലായിട്ടില്ല. എന്നാല്‍ സുനില്‍ അന്നു പറഞ്ഞ ചില കാര്യങ്ങള്‍ ജിന്‍സണിന് ഇപ്പോഴും ഓര്‍മയുണ്ട്. കേസില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വന്‍ പേരുകള്‍ രക്ഷിക്കുമോയെന്ന ചോദ്യത്തിന് ദിലീപും നാദിര്‍ഷായും തമ്മില്‍ തനിക്കു ഉപേക്ഷിക്കാന്‍ പറ്റാത്ത അത്രയും ശക്തമായ ബന്ധമുണ്ടെന്ന് സുനില്‍ പറഞ്ഞെന്നാണ് ജിന്‍സണ്‍ മൊഴി നല്‍കിയിരിക്കുന്നത്.

സ്ത്രീയെക്കുറിച്ചും പരാമര്‍ശം
സുനിലിന്റെ അന്നത്തെ ഫോണ്‍ വിളിയില്‍ ഒരു സ്ത്രീയെക്കുറിച്ചും പരാമര്‍ശമുണ്ടെന്ന് ജിന്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. ദീലിപിന്റെയും നാദിര്‍ഷായുടെയും പേരുകളാണ് കേസില്‍ കേള്‍ക്കുന്നതെന്ന് ഫോണിന്റെ മറുവശത്തുള്ള ആള്‍ ചോദിച്ചപ്പോള്‍ ഒരു സ്ത്രീയെക്കുറിച്ച് ഒന്നും പറയുന്നില്ലേയെന്നു സുനില്‍ തിരിച്ചുചോദിച്ചതായും ജിന്‍സണ്‍ വെളിപ്പെടുത്തി.

അപ്പുണ്ണിയെ വിളിച്ചു
ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയെ ജയിലില്‍ വച്ചു സുനില്‍ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നു ജിന്‍സണ്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.

നാദിര്‍ഷായുമായി സംസാരിച്ചത്
ജയിലില്‍ വച്ച് നാദിര്‍ഷായുമായി സുനില്‍ ഫോണില്‍ സംസാരിക്കുന്നത് താന്‍ കേട്ടതായി ജിന്‍സണ്‍ മൊഴി നല്‍കി. ബ്ലാക്‌മെയില്‍ ചെയ്യാനാണ് സുനില്‍ ശ്രമിച്ചതെന്നു തനിക്കു സംസാരം കേട്ടിട്ടു തോന്നിയിട്ടില്ലെന്നും വളരെ സൗഹൃദപരമായാണ് നാദിര്‍ഷായുമായി സംസാരിച്ചതെന്നും ജിന്‍സണ് വെളിപ്പെടുത്തി.

നാദിര്‍ഷായുടെ പരാതി
പണമാവശ്യപ്പെട്ട് സുനില്‍ തന്നെ ഫോണില്‍ വിളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ ദിലീപിനൊപ്പം നാദിര്‍ഷാ അന്വേഷണസംഘത്തിന് പരാതി നല്‍കിയത്. എന്നാല്‍ ജിന്‍സണിന്റെ മൊഴിയോടെ നാദിര്‍ഷായുടെ വാദം പൊളിഞ്ഞുകഴിഞ്ഞതായി പോലീസിനു വ്യക്തമായിട്ടുണ്ട്.

സംസാരിച്ചത് ദിലീപ് തന്നെ
അന്നു സുനിലുമായി ഫോണില്‍ സംസാരിച്ചത് താനല്ലെന്നും ദിലീപാണെന്നും അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പോലീസ് പരിശോധിക്കും
കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നതിനാല്‍ 2016 നവംബര്‍ മുതല്‍ ദിലീപ്, നാദിര്‍ഷാ, അപ്പുണ്ണി എന്നിവരുടെ ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘം താരുമാനിച്ചിട്ടുള്ളത്.

ഫോണിലേക്ക് അയച്ചു ?
നടിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ നിന്നു സുനില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതായി പോലീസിനു സംശയമുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.












Click it and Unblock the Notifications