ജിഷ കൊലപാതകം; പണവും വസ്ത്രവും നല്കി അമീറിനെ രക്ഷപ്പെടുത്തിയത് സഹോദരന്...
കൊച്ചി: ജിഷ കൊലപാതക കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ നാട്ടിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് സഹോദരന്. അമീറിന് ആസാമിലേക്ക് പോകാനായി പണം നല്‍കിയത് താനാണെന്ന് സഹോദരന് ഖദര്‍ ഉള് ഇസ്ലാം പോലീസിനോട് വെളിപ്പെടുത്തി. അമീറിന് ആലുവ റയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി പണം നല്കിയതും ഓട്ടോറിക്ഷ വിളിച്ച് നല്കിയതും താനാണെന്ന് ഖദര്‍ പോലീസിനോട് പറഞ്ഞു.
ജിഷയെ കൊലപ്പെടുത്തിയ ശേഷം ലോഡ്ജിലെത്തിയ അമീറുള്‍ അവിടെ നിന്നാണ് ആസാമിലേക്ക് പോയതെന്നായിരുന്നു ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ തനിക്ക് നാട്ടിലേക്ക് പോകാനായി പണവും വസ്ത്രവും നല്‍കിയത് സഹോദരനാണെന്ന് പിന്നീട് അമീറുള്‍ ഇസ്ലാം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
ജിഷയുടെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വല്ലം എന്ന സ്ഥലത്ത് ഖദര്‍ ഉള് ഇസ്ലാമിന്റെ വീട്ടിലേക്ക് അമീറുള്‍ എത്തി. സഹോദരന് താമസിക്കുന്നിടത്ത് നിന്ന് കുളിച്ച് വസ്ത്രം മാറി. നാട്ടിലേക്ക് പോകാണമെന്ന് പറഞ്ഞപ്പോള്‍ 2500 രൂപ നല്കി. ശേഷം സമീപത്ത് നിന്നും ഓട്ടോറിക്ഷ വിളിച്ച് അമീറുള്‍ ഇസ്ലാമിനെ പറഞ്ഞയച്ചുവെന്നാണ് ഖദര്‍ പോലീസിന് നല്കിയ മൊഴി.
വല്ലത്ത് നിന്നും ആലുവയിലേക്ക് അമീറിനെ കൊണ്ടുപോയെ ഓട്ടോറിക്ഷക്കാരനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ അമീറുള്‍ ഇസ്ലാമിനെയും തിരിച്ചറിഞ്ഞു. വല്ലത്ത് നിന്നാണ് അമീര്‍ ഓട്ടോയില്‍ കയറിയതെന്ന് ഡ്രൈവര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല അന്ന് അമീറുള്‍ ധരിച്ച വസ്ത്രത്തിന്റെ നിറവും ഇയാള്‍ ഓര്‍ത്തെടുത്തു. കേസിലെ സുപ്രധാന സാക്ഷിയാണ് അമീറിനെ സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവര്‍.
അതേസമയം അമീര്‍ കൊല നടത്തിയെന്ന് അറിഞ്ഞുകൊണ്ടാണോ ഖദറുള് രക്ഷപെടാന്‍ സഹായിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകവിവരം അറിഞ്ഞിട്ടാണ് അമീറിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞാല്‍ ഖദര്‍ ഉള് ഇസ്ലാമിനെയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് വിവരം.