ജിഷ വധക്കേസ്; റൂറല്‍ എസ്.പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം
കൊച്ചി: പെരുമ്പാവര്‍ ജിഷ വധക്കേസ് അന്വേഷണത്തില്‍ അലംഭാവം കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍, കുറുപ്പംപടി സി.ഐമാര്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. യതീഷ് ചന്ദ്രയ്ക്കു പകരം തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനെയാണ് നിയമിച്ചത്.
നേരത്തെ തന്നെ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനായിരുന്നു യതീഷ് ചന്ദ്ര. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രതികാര നടപടിയുടെ ഭാഗമല്ല സ്ഥലംമാറ്റമെന്നും അന്വേഷണച്ചുമതലയില്‍ നിന്നുള്ള മാറ്റം മാത്രമാണിതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ജിഷ വധക്കേസ് അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ എ.ഡി.ജി.പി ബി.സന്ധ്യയെ കഴിഞ്ഞദിവസം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്.പി പി.ഉണ്ണിരാജ, ഡി.വൈ.എസ്.പിമാരായ സോജന്‍, സുദര്‍ശന്‍, ശശീധരന്‍, സി.ഐമാരായ ബൈജു, പൗലോസ് എറണാകുളം സി.ബി.സി.ഐ.ഡി എസ്.പി വി.കെ.മധു, തുടങ്ങിയവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്.
ജിഷവധക്കേസ് പ്രതിയെ പിടികൂടാന്‍ ക്ഷമ കാണിക്കണമെന്നാണ് ബി സന്ധ്യ പറയുന്നത്. അന്വേഷണത്തിന് സമയമെടുക്കുമെന്ന് സന്ധ്യ അറിയിച്ചു. കേസ് ആദ്യം മുതല്‍ അന്വേഷിച്ചു തുടങ്ങാനാണ് പുതിയ സംഘത്തിന്റെ തീരുമാനം. അന്വേഷണച്ചുമതല ഏറ്റെടുത്ത ശേഷം സന്ധ്യ ആലുവയില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പിന്നീട് ജിഷയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.












Click it and Unblock the Notifications