പിതൃത്വം വിവാദം; തന്നെ 'കബളിപ്പിച്ചതാണെന്ന്' ജിഷയുടെ അച്ഛന്‍റെ വെളിപ്പെടുത്തല്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതൃത്വം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ജിഷയുടെ അച്ഛന്‍ പപ്പു രംഗത്ത്. ജിഷ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും, സ്വത്ത് വേണമെന്ന് ജിഷ പറഞ്ഞതാണ് കൊലപാകത്തിന് ഇടയാക്കിയതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കത്ത് മുഖാന്തിരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ജോമോന്റെ പരാതി തനിയ്ക്ക് മാനക്കേടുണ്ടാക്കിയെന്ന് കാട്ടി ജിഷയുടെ അച്ഛന്‍ റെയ്ഞ്ച് ഐജിയ്ക്ക് പരാതി നല്‍കിയതായി പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ ഇതെല്ലാം നിഷേധിയ്ക്കുകയാണ് ജിഷയുടെ അച്ഛന്‍. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജിഷയുടെ അച്ഛന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളപ്പേപ്പറില്‍ തന്റെ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും സര്‍ക്കാരില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യിച്ചതെന്നും ജിഷയുടെ അച്ഛന്‍ പറയുന്നു.
വാര്‍ഡ് മെമ്പര്‍ സുനിലും പൊലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്റെ കൈയ്യില്‍ നിന്നും പേപ്പര്‍ ഒപ്പിട്ട് വാങ്ങിയതെന്നും ശേഷം മെമ്പര്‍ ആയിരം രൂപ നല്‍കിയെന്നും പപ്പു പറഞ്ഞു. ജിഷയുടെ അച്ഛന്റെ പരാതിയിന്മേല്‍ എസ് സി/എസ്ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കേസെടുത്തിരുന്നു.












Click it and Unblock the Notifications