കെ-ഫോണ്‍; എജിയുടെ കണ്ടെത്തല്‍ ഗൗരവതരം, അധിക തുക തിരിച്ചുപിടിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ - ഫോൺ പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ അക്കൗണ്ടന്‍റ് ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനികൾക്ക് അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് രമേശ് ചെന്നിത്തല. എ ജി.യുടെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ - ഫോൺ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തൽ. കേബിളിന്‍റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്ന കണ്ടെത്തലും ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേബിളിന്‍റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് നേരത്തെതന്നെ സംശയമുണ്ടായിരുന്നു എന്നാൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻ്റെ അനാവശ്യ ഇടപെടലുകളാണ് ടെൻഡർ വ്യവസ്ഥ ലംഘിച്ച് 50 ശതമാനം കൂട്ടി നൽകിയത്. ഇതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണ്. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച പിണറായിക്കുളള മറുപടിയാണ് എ ജിയുടെ കണ്ടെത്തൽ.

സർക്കാർ നൽകിയ അധികതുക കമ്പനികളിൽ നിന്ന് തന്നെ ഈടാക്കണം നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിച്ചതെങ്കിൽ അതിൻ്റെ തുകയും അവരിൽ നിന്ന് ഈടാക്കുകയും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം. പദ്ധതിക്ക് തുക കൂട്ടി നൽകണമെന്ന് കത്തയയ്ക്കുകയും വഴിവിട്ട് ഇടപെടുകയും ചെയ്ത ശിവശങ്കറിനെതിരെ ശക്തമായ നടപടി ഉണ്ടാകണം. മറ്റു കൊള്ളകള്‍പോലെ വന്‍തട്ടിപ്പിന് വേണ്ടി രൂപകല്പന ചെയ്തതാണ് കെ-ഫോണ്‍ പദ്ധതിയും.
1500 കോടി ചെലവില്‍ സംസ്ഥാനത്ത് 52,746 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കി കുറഞ്ഞ ചെലവില്‍ പാവങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമെന്ന സുന്ദരവാഗ്ദാനത്തിന് പിന്നില്‍ വന്‍ കൊള്ളയാണ് ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ കമ്പനികളുടെ വഴിവിട്ട കച്ചവടത്തിന് സര്‍ക്കാര്‍ ചെലവില്‍ പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പ്രധാന ലക്ഷ്യം കമ്മീഷന്‍ തന്നെയാണ്. ശിവശങ്കർ തന്നെയാണ് ഇതിന്‍റേയും ശില്പി. 1028 കോടിയുടെ എസ്റ്റിമേറ്റിട്ട പദ്ധതിക്ക് 58.5 ശതമാനം തുക കൂട്ടി നൽകിയതിലെ കള്ളക്കളി എ.ജി കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തിരമായി ഉന്നതതല അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.












Click it and Unblock the Notifications