പലസ്തീൻ വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം, ഹമാസിനെതിരായുള്ള നിലപാടിൽ മാറ്റമില്ലെന്ന് കെ കെ ശൈലജ
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ നിലപാടിന് വീണ്ടും വിശദീകരണവുമായി മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. പലസ്തീൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് തനിക്കും ഉള്ളത്. എന്നാൽ ഹമാസിനെതിരെയുള്ള നിലപാടിൽ മാറ്റമില്ല. ഇതിൽ ഉറച്ചു നിൽക്കുകയാണെന്നും കെ കെ ശൈലജ പറഞ്ഞു. പലസ്തീനൊപ്പമുള്ള പാർട്ടി നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും അതേ സമയം സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. ആ നിലയ്ക്കാണ് ഹമാസിനെ വിമർശിച്ചത്. ആ വിമർശനം ഇപ്പോഴുമുണ്ടെന്നും അവർ പറഞ്ഞു.
ഇന്നലെ താൻ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു. ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. അതിനു പിന്നാലെ ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ലെന്നും സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്തു പിഴച്ചുവെന്നും ഇന്ന് ശൈലജ ടീച്ചർ ചോദിച്ചു. ഇന്നലത്തെ നിലപാടിന് വിശദീകരണമെന്നോണമായിരുന്നു ഇന്നത്തെ പ്രതികരണം.

ഇസ്രായേൽ ക്രൂരത ചെയ്തല്ലോ , അതു കൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്നു പറയുന്നത് മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തു നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്കു മുൻപ് ഫേസ്ബുക്കിൽ കെ കെ ശൈലജ ഹമാസിനെ ഭീകരര്‍ എന്ന് പരാമർശിച്ചിരുന്നു. അതിനെതിരെ കടുത്ത വിമർശനം ഉയർന്നു വന്നിരുന്നു. അതേ സമയം ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ കെ കെ ശൈലജ രംഗത്ത് വന്നു. തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആര്‍ക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നും കെ കെ ശൈലജ ഇന്നലെ പറഞ്ഞിരുന്നു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
" അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം. "












Click it and Unblock the Notifications