കെ മുരളീധരന്‍ വീണ്ടും 'റോക്ക്‌സ്'... ഇത്തവണ ചൂണ്ടിയതല്ല, ഒറിജിനല്‍!!! 'സംഘികളെ' പൊളിച്ചടുക്കി

Subscribe to Oneindia Malayalam

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ട ആളാണ് കെ മുരളീധരന്‍ എംഎല്‍എ. എന്നാല്‍ ആ പോസ്റ്റ് 'അടിച്ചുമാറ്റിയത്' ആയിരുന്നു എന്ന് ആക്ഷേപവും ഉയര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ സംഗതി അങ്ങനെയല്ല. സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ ബിജെപി നേതൃത്വത്തെ മുരളീധരന്‍ ഫേസ്ബുക്കില്‍ പൊളിച്ചടുക്കിയിരിക്കുകയാണ്.

ആരൊക്കെയാണ് പാകിസ്താനിലേക്ക് പോകേണ്ടത് എന്ന പട്ടികയോടെയാണ് മുരളീധരന്‍ തുടങ്ങുന്നത്. ആഷിക് അബു അടക്കമുള്ള പ്രമുഖര്‍ മുരളീധരന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടും ഉണ്ട്.

ആരൊക്കെയാണ് പാകിസ്താനില്‍ പോകേണ്ടത്?

ആരൊക്കെയാണ് പാകിസ്താനില്‍ പോകേണ്ടത് എന്ന് ചോദിച്ചാണ് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കേരളത്തില്‍ നിന്ന് കമല്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, റിസര്‍വ്വ് ബാങ്കില്‍ നിന്ന് രഘുറാം രാജന്‍... വരാണസിയില്‍ നിന്ന് കവി വിശ്വനാഥ് വരെ മുരളീധരന്റെ പട്ടിക നീളുന്നു. ഈ പട്ടിക ഇവിടെ അവസാനിക്കുന്നില്ലെന്നും മുരളീധരന്‍ പറയുന്നുണ്ട്.

ബീഫ് തിന്നവരും രണ്ട് പെറ്റവരും

ബീഫ് തിന്നവരും രണ്ട് പെറ്റവരും പടക്കം പൊട്ടിച്ചവരും എല്ലാം പാകിസ്താനിലേക്ക് പോകേണ്ടവരുടെ പട്ടികയില്‍ ക്യൂവില്‍ ആണെന്ന് മുരളീധരന്‍ പരിസഹിക്കുന്നു. എല്ലാ പരിഹാസവും 'സംഘികള്‍ക്ക്' നേരെയാണ്.

നിങ്ങളുടെ തറവാട്ട് സ്വത്തോ?

ഒന്ന് ചോദിക്കട്ടേ സംഘികളേ... ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്ത് ആയത് എന്ന് മുതലാണ്? മുരളീധരന്‍ ചോദിക്കുന്നു. ബിജെപിയുടെ പാരമ്പര്യത്തേയും മുരളീധരന്‍ ചോദ്യം ചെയ്യുന്നുണ്ട്.

ജീനുകള്‍ പഠിച്ചാല്‍ മനസ്സിലാകും

ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷേ നിങ്ങളേക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്ന് കിടന്നും കമിഴ്ന്ന് കിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ എന്നും മുരളീധരന്‍ വിമര്‍ശിക്കുന്നു. എടുത്ത് പറയത്തക്ക ഒരു സ്വാതന്ത്ര്യ സമരം പോരാളിയും സംഘികള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് മുരളി വിമര്‍ശിക്കുന്നു.

മുസ്ലീമിനും കമ്യൂണിസ്റ്റിനും എതിരെ

ബ്രിട്ടീഷുകാര്‍ക്കെതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലീമിനും കമ്യൂണിസ്റ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കൊണ്ടപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണ് ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്രപിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനും ആണ് ഇന്ന് മറ്റുള്ളവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയുന്നത്- രൂക്ഷമായ വിമര്‍ശനം തന്നെ.

ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും

ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈ മണ്ണില്‍. ഞങ്ങളുടെ പൂര്‍വ്വികര്‍ ഈ നാടിന്റെ മോചനത്തിന് വേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈ മണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ചിതകളും ഉള്ള ഈ മണ്ണില്‍- വൈകാരികമായിട്ടാണ് മുരളീധരന്റെ പ്രതികരണം.

കാവിക്കളസം ധരിക്കുമ്പോള്‍ തോന്നുന്നതല്ല ദേശസ്‌നേഹം

ഇന്ന് ഈ കാണിക്കുന്ന വീര്യം വെള്ളക്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ല ഫലവും ഉണ്ടായേനെ എന്നാണ് മുരളീധരന്‍ പറയുന്നത്. എന്നാല്‍ അതിന് ദേശസ്‌നേഹം വേണം. കാവിക്കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം എന്നും കെ മുരളീധരന്‍ പറയുന്നു.

മിസ്കോള്‍ അടിച്ചവരും അല്ലാത്തവരും ആയവര്‍ പോയാല്‍ മതി

മിസ് കോള്‍ അടിച്ചും അടിക്കാതേയും 10 കോടി അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവിന്, ബാക്കി ഉള്ള 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ട് പോകണം എന്ന് പറയുന്നതിനേക്കാള്‍ നല്ലത് കൂടെയുള്ളവരേയും വിളിച്ച് പാകിസ്താനിലേക്ക് പോകുന്നതല്ലേ നല്ലത് എന്ന് ചോദിച്ചാണ് മുരളീധരന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആഷിക അബു ഷെയര്‍ ചെയ്തു

കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആഷിക് അബു അടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ ഷെയര്‍ ചെയ്ത് കഴിഞ്ഞു. 750 ല്‍ ആധികം ആളുകളാണ് മുകളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇതാണ് കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
K Muraleedharan's Facebook post against AN Radhakrishnan and BJP.
Please Wait while comments are loading...