കീ..ന്ന് ഹോണടിച്ച് കയറിയാൽ ഠേന്ന് വെടിവെക്കും..മേയർക്ക് ഒരു വിവരോം ഇല്ലെന്ന് മനസിലായി; മുരളീധരൻ
കൊച്ചി; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പരിഹാസവുമായി കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറിപ്പോയ സംഭവത്തിലാണ് കെ മുരളീധരന്റെ വിമർശനം. മേയർക്ക് വിവരം ഇല്ലെന്ന് മനസിലായെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
മുരളീധരൻ പറഞ്ഞത്- ആദ്യ തന്നെ പറയട്ടെ തിരുവനന്തപുരത്ത് ഒരു മേയർ ഉണ്ട്. അതിനെ വിമർശിച്ചതിൻ്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസ്സിലായി... അതിന് വിവരമില്ല... ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഹോണും അടിച്ചിട്ട് ഇടച്ച് കയറുമോ? രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സി പി എമ്മിൽ ഇല്ലേ...?, മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്
രാഷ്ട്രപതിയുടെ വാഹനവ്യൂഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ ഇടയില്‍ യറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വി വി ഐ പി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.എന്നാൽ പ്രോട്ടോകോള്‍ ലംഘനമുണ്ടായോയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു മേയർ വിശദീകരിച്ചത്.
അതേസമയം ഇതാദ്യമായല്ല മേയർക്കെതിരെ കെ മുരളീധരൻ രംഗത്തെത്തിയത്. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായിട്ടുളള വർത്താനങ്ങളാണ് എന്നായിരുന്നു നേരത്തേ മുരളീധരൻ പറഞ്ഞത്.കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിൽ സംസാരിക്കവെയായിരുന്നു മുരളീധരന്റെ വാക്കുകൾ.
എം പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുതെന്നും മുരളീധരൻ പറഞ്ഞിരുന്നു. അതേസമയം പ്രസംഗത്തിൽ മുരളീധരനെ മേയർ കേസ് കൊടുത്തിരുന്നു.