'തരൂർ വിശ്വ പൗരൻ, ഞങ്ങള്‍ സാധാരണ പൗരന്മാര്‍'! മുല്ലപ്പളളിക്ക് പിറകെ തരൂരിനെ പരിഹസിച്ച് കെ മുരളീധരൻ
കോഴിക്കോട്: മുല്ലപ്പളളി രാമചന്ദ്രന് പിറകെ ശശി തരൂര്‍ എംപിയെ കടന്നാക്രമിച്ച് കെ മുരളീധരന്‍ എംപി. തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ച വിവാദത്തിലും ശശി തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നുണ്ട്.
തരൂര്‍ അച്ചടക്കം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെ ശശി തരൂരിനെ പരിഹസിച്ചാണ് കോണ്‍ഗ്രസിന്റെ വടകര എംപി കെ മുരളീധരന്‍ രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പാർട്ടി നിലപാടിന് വിരുദ്ധം
തിരുവനന്തപുരം വിമാനത്താവളം 20 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തോട് യോജിക്കുന്ന കോണ്‍ഗ്രസ് നിയമസഭയില്‍ പ്രമേയത്തിനൊപ്പവും നിന്നു. എന്നാല്‍ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുളള തീരുമാനത്തിനൊപ്പമാണ്.

പാര്‍ട്ടിയില്‍ വലിയ അതൃപ്തി
വിമാനത്താവളത്തിന് വികസനത്തിന് സ്വകാര്യവല്‍ക്കരണമാണ് നല്ലത് എന്നതാണ് തരൂരിന്റെ നിലപാട്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നിലപാട് എടുക്കുന്നതിന്റെ പേരില്‍ തരൂരിനെതിരെ കോണ്‍ഗ്രസിനുളളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലപാട് മാറ്റില്ലെന്ന തീരുമാനത്തില്‍ തരൂര്‍ ഉറച്ച് നില്‍ക്കുന്നത് പാര്‍ട്ടിയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

അഭിപ്രായം പറയാന്‍ താനില്ല
ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പിന്നാലെ കെ മുരളീധരനും രംഗത്ത് വന്നതോടെ ശശി തരൂരിന് കേരളത്തിലെ കോണ്‍ഗ്രസില്‍ എതിരാളികള്‍ കൂടുകയാണ്. ശശി തരൂരിനെ കുറിച്ച് അഭിപ്രായം പറയാന്‍ താനില്ല എന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്.

ശശി തരൂര്‍ വിശ്വ പൗരൻ
ശശി തരൂര്‍ വിശ്വ പൗരനാണെന്നും തങ്ങള്‍ സാധാരണ പൗരന്മാര്‍ ആണെന്നും കെ മുരളീധരന്‍ പരിഹാസ രൂപേണ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം തരൂരിനോട് തന്നെ നേരിട്ട് ചോദിക്കാനും കെ മുരളീധരന്‍ പറഞ്ഞു. കൊവിഡിന് ശേഷം ശശി തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല എന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.

തരൂര്‍ ഡിന്നര്‍ നടത്തുന്നു
തരൂര്‍ പലപ്പോഴും ദില്ലിയില്‍ ആണെന്നും ദില്ലിയില്‍ തരൂര്‍ ഡിന്നര്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ്. പറയാനുളള കാര്യങ്ങള്‍ ശശി തരൂര്‍ പാര്‍ട്ടി വേദികളില്‍ ആണ് പറയേണ്ടത്. പരസ്യമായി പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിക്ക് ചേരുന്നതല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും ഇക്കാര്യം തന്നെയാണ് പറഞ്ഞിട്ടുളളത് എന്നും മുല്ലപ്പളളി പറഞ്ഞു.

അഭിപ്രായം അറിയിക്കുന്നതിന് ബുദ്ധിമുട്ടില്ല
ശശി തരൂര്‍ പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കാന്‍ തയ്യാറാകണം എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ദില്ലിയിലുളള തരൂരിന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുളളതാണ്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എപ്പോള്‍ വേണമെങ്കിലും തരൂരിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കുന്നവരാണ്. അതിനാല്‍ അഭിപ്രായം അറിയിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.