''എവിടെ നിന്നാണ് ഈ മക്കുണനെ പിണറായിക്ക് കിട്ടിയത്'' ഡിജിപിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ കടന്നാക്രമിച്ച് കെ മുരളീധരൻ എംപി. സിപിഎം നേതാക്കൾക്ക് മുമ്പിൽ തലകുനിച്ച് നിൽക്കുന്നയാളാണ് ബെഹ്റയെന്ന് മുരളീധരൻ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ലോക്നാഥ് ബെഹ്റ മാനനഷ്ടക്കേസ് നൽകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മുരളീധരൻറെ വിമർശനം. സകല സിപിഎം നേതാക്കളുടെ മുമ്പിലും നടുവളച്ച് നിൽക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ വിമർശനം.
മാനമില്ലാത്ത ബെഹ്റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ യുഡിഎഫിന്റെ ഉപരോധ സമരത്തിനിടെയായിരുന്നു വിമർശനം.

പിഎസ്സി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. സംസ്ഥാനം ആദ്യ പ്രളയം നേരിട്ടപ്പോൾ കിട്ടിയ സഹായധനത്തിൽ നിന്നും അടിച്ചുമാറ്റിയതുകൊണ്ടാണ് വീണ്ടുമൊരു പ്രളയം ഉണ്ടായപ്പോൾ സഹായം കുറഞ്ഞുപോയതെന്നും മുരളീധരൻ വിമർശിച്ചു.
കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവർണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്നും മാറ്റും. ഒന്നുകിൽ ഇടിച്ചു നിരത്തി പൊതുസ്ഥലം ആക്കും, അല്ലെങ്കിൽ ചരിത്ര മ്യൂസിയമാക്കും. താൻ ഇങ്ങനെ പറഞ്ഞതിന് ബുദ്ധിജീവികൾക്ക് എന്തു തോന്നിയാലും അത് കാര്യമാക്കുന്നില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.












Click it and Unblock the Notifications