കെ ഫോൺ പദ്ധതി യഥാർത്ഥ്യമാകുന്നു; ആദ്യഘട്ടത്തിൽ ഓരോ നിയോജകമണ്ഡലത്തിലും 500 കണക്ഷൻ
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ കെ ഫോണിന്റെ കണക്ഷൻ വീടുകളിലേക്ക് എത്തുന്നു. ജൂൺ മാസം മുതൽ ഇത് നടപ്പിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ പല സ്ഥലങ്ങളിലും കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരു നിയോജകമണ്ഡലത്തിലെ 500 ബിപിഎൽ കുടുംബങ്ങൾക്ക് കെ ഫോണിന്റെ സേവനം സൗജന്യമായി ലഭിക്കും. പിന്നീടുള്ള ഘട്ടങ്ങളിൽ അർഹരായ എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാകും.
പദ്ധതി പ്രകാരം സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക. തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നായിരിക്കും അർഹതപ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുക. ഈ പട്ടിക പിന്നീട് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കൈമാറും. ഇവരായിരിക്കും വീടുകളിൽ കണക്ഷൻ എത്തിക്കുക. ഇതിനായുള്ള ഇന്റർനെറ്റ് സേവന ദാതാക്കളെ കണ്ടെത്തുന്നതിനായി മൂന്ന് വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം നൽകുന്നവരിൽ നിന്ന് സർക്കാർ ടെൻഡർ വിളിക്കും. ഒരു ജില്ലയിൽ ഒരു ദാതാവിനെ കണ്ടെത്താനാണ് നിലവിൽ ശ്രമിക്കുന്നത്.

കെ ഫോണിനായി വൈദ്യുതി തൂണുകളുടെ സഹായത്താൽ പതിനാല് ജില്ലകളിലും കേബിൾ വലിക്കും. ആകെ 2600 കിലോമീറ്ററോളം കേബിൾ സ്ഥാപിക്കേണ്ടിവരുമെന്നാണ് കണക്ക് കൂട്ടൽ. ഇതിൽ 2045 കിലോമീറ്ററ്‍ കേബിൾ ഇതിനോടകം തന്നെ സ്ഥാപിച്ചതായും സർക്കാർ പറയുന്നുണ്ട്. അതേ സമയം ചില ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ കേബിളുകൾ സ്ഥാപിക്കാൻ കാലതാമസം നേരിടുന്നു എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളെ ആണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഇരുപത് ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് പുറമെ 30,000 സർക്കാർ ഓഫീസുകളും കേ ഫോണിനെ ആശ്രയിക്കും. വിദൂര ഗ്രാമങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതോടെ ഡിജിറ്റൽ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഏറ്റവും മികച്ച സംസ്ഥാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്റർനെറ്റ് എന്നത് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം ആണ് കേരളം.












Click it and Unblock the Notifications