സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കുന്നില്ല; പദ്ധതി നടപ്പാക്കാന്‍ തടസമെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കെ-റെയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിഷേധാത്മതക സമീപനമാണ് സ്വീകരിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം എന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ജോലി ആവശ്യാര്‍ത്ഥവും മറ്റും കേരളത്തിന് പുറത്ത് പോകുന്നതിനും തിരിച്ച് വരുന്നതിനും മലയാളികള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെയില്‍വേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്കെത്തുന്നില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ് എന്ന് മനസിലാക്കണം എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
2021 നെ അപേക്ഷിച്ച് 2022 വര്‍ഷത്തില്‍ 35,000 കോടി രൂപയുടെ വലിയ ലാഭമാണ് റെയില്‍വേ നേടിയത് എന്നാണ് സി പി ഐ എം എം പി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റെയില്‍വേ എന്തെങ്കിലും തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മനസിലാക്കാന്‍ സാധിക്കുന്നില്ല.
കേരളത്തില്‍ പ്രത്യേകിച്ച് ഇത് നടക്കുന്നില്ല. അതേസമയം വിവിധ പേരുകളില്‍ പലതരം ചാര്‍ജുകളാണ് റെയില്‍വേ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നത് എന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനും പറഞ്ഞിരുന്നു. സില്‍വര്‍ ലൈനിന് എതിരെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് യു ഡി എഫും ബി ജെ പിയും നടത്തിയിരുന്നത്.












Click it and Unblock the Notifications